
കാലത്തിനൊത്തു ട്രെന്റുകൾ നമുക്കിടയിൽ മാറിമാറി സംഭവിക്കാറുണ്ട്. വാർത്തകളിലെ സെൻസേഷണലിസവും നമുക്കു പരിചിതമാണ്. ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്ന ഒരേ രീതിയിലുള്ള സംഭവങ്ങൾ വാർത്തകളിലൂടെ അറിയുമ്പോൾ, പലപ്പോഴും നമുക്കു തന്നെ തോന്നിയേക്കാം, ഇതെന്താ എന്തെങ്കിലും ഒന്നു സംഭവിക്കാൻ കാത്തിരിക്കുകയായിരുന്നോ സമാനമായ ഇത്രയും സംഭവങ്ങൾ ഒന്നിച്ചു നടക്കാൻ എന്ന്. ഈ അടുത്തു നടന്ന ഗാർഹിക പീഡനങ്ങളെ തുടർന്നുള്ള ആത്മഹത്യകളുടെ എണ്ണം പരിശോധിച്ചാലും ഈയൊരു ചിന്ത നമ്മളിൽ പലർക്കും തോന്നിയേക്കാം. അടുത്ത ചോദ്യം എങ്കിൽ സെൻസേഷണലിസം ആത്മഹത്യകളേയും ബാധിക്കുന്നുവോ എന്നായിരിക്കും. ആ ചോദ്യത്തിനെങ്കിൽ അതേ എന്നുത്തരം നൽകേണ്ടി വരും. അതിനൊരു കാരണമുണ്ട്. വെർതർ എഫക്റ്റ് ! ആളെകൊല്ലി വെർതർ എഫക്റ്റ് …!
ആരാണ് വെർതർ ?
ആത്മഹത്യകളെ സെൻസേഷണലാക്കുന്ന ഘടകം എന്താണ് എന്ന ചോദ്യത്തിനുത്തരം തേടിപോയാൽ, പലപ്പോളും “ദി സോറോസ് ഓഫ് യംഗ് വെർതർ” എന്ന പുസ്തകത്തിനോടു ചേർത്തുകെട്ടേണ്ടി വരും. 1774-ൽ ഗൊയ്‌ഥെ എഴുതിയ നോവലാണിത്. നോവലിലെ കേന്ദ്ര കഥാപാത്രമായ വെർതർ എന്ന യുവാവിനു ഒരു സ്ത്രീയോടു തോന്നുന്ന പ്രണയം പല കാരണങ്ങൾ കൊണ്ടു വിവാഹത്തിലേക്കെത്തിക്കാൻ കഴിയാതെ വരികയും ആ മനോവിഷമത്തിൽ വെർതർ ആത്മഹത്യ ചെയ്യുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.
നോവൽ ഇളക്കിവിട്ട നെഗറ്റീവ് എഫക്റ്റ് !
ഈ നോവൽ പുറത്തിറങ്ങിയ ശേഷം, യൂറോപ്പിനെ മുഴുവൻ ഞെട്ടിക്കുന്ന രീതിയിൽ ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ അരങ്ങേറുകയുണ്ടായി. അതും നോവലും തമ്മിൽ എന്തു ബന്ധം എന്നു ചിന്തിക്കുകയാണോ. അതിനു മതിയായ കാരണങ്ങളുണ്ടായിരുന്നു.
ചിലർ സ്വന്തം ജീവനെടുക്കുമ്പോൾ, വെർതറിനോ പോലെ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതർ ചെയ്തതുപോലെ പിസ്റ്റൾ ഉപയോഗിച്ചു ജീവനെടുത്തു. ചിലർ മരണസമയത്ത് ഈ നോവൽ കയ്യിൽ കരുതുന്ന രീതിയിലേക്കു പോലും കാര്യങ്ങൾ എത്തിചേർന്നു. അങ്ങനെ ഒട്ടനവധി പേരുടെ ആത്മഹത്യകൾക്കു ഈ പുസ്തകം കാരണമായി എന്നു വ്യക്തമായി. ഒടുവിൽ “ദി സോറോസ് ഓഫ് യംഗ് വെർതർ” എന്ന ആ പുസ്തകം തന്നെ നിരോധിച്ചു.
ഫിലിപ്സ് കണ്ടെത്തിയ വെർതർ എഫക്റ്റ്!
യൂറോപ്പിൽ ആ കാലഘട്ടത്തിൽ ഈയൊരു നോവലാണ് ആത്മഹത്യകൾക്കു കാരണമായതെങ്കിൽ, ഇന്നത്തെ കാലത്തു അതു പലവിധമായ മാധ്യമങ്ങളാണ്, മാദ്ധ്യമങ്ങളിൽ നിറയുന്ന വാർത്തകളാണ്. ഈ ഒരു വിഷയത്തിൽ ഫിലിപ്പ്സ് ഡി പി എന്നയാൾ നടത്തിയ പഠനം ശ്രദ്ധേയമാണ്. ആത്മഹത്യയെക്കുറിച്ചുള്ള അതിവൈകാരിക റിപ്പോർട്ടിങ്ങിന്റെ പ്രത്യാഘാതം, അതേ തുടർന്നുള്ള ആത്മഹത്യാ നിരക്കിൽ പ്രതിഫലിക്കുന്നു എന്നാണ് അദ്ദേഹം തന്റെ പഠനത്തിൽ നിന്നും കണ്ടെത്തിയത്. ആത്മഹത്യയെക്കുറിച്ച് യുഎസ് പത്രങ്ങളിൽ ഒന്നാം പേജിൽ വാർത്തകളും ലേഖനങ്ങളും ഉള്ള മാസങ്ങളിൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്നും, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളിലാണെങ്കിലോ കുറവുമായിരുന്നു എന്നും പഠനം പറഞ്ഞുവച്ചു. ഈയൊരവസ്ഥയെ ഫിലിപ്പ്സ് വിശേഷിപ്പിച്ചതാണ് “വെർതർ ഇഫക്റ്റ്” എന്ന്.
വെർതർ എഫക്റ്റ് നമുക്കിടയിലും?
കേരളത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗാർഹിക പീഡനങ്ങളെ തുടർന്നുള്ള ആത്മഹത്യകളുടെ എണ്ണം എടുത്താൽ തന്നെയും, ആത്മഹത്യകളെയും സെൻസേഷണലിസം ബാധിച്ചുവോ എന്നു തോന്നാം. എന്നാൽ ആത്മഹത്യകളുടെ കാര്യത്തിൽ മാത്രമല്ല, വിദ്യാർത്ഥികൾ റാഗിങ്ങിനു ഇരയാകുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരുന്നതും, അവരിലെ അക്രമവാസന ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ മാറിയതും നമ്മൾ ഇന്നലെയെന്ന പോലെ കണ്ടറിഞ്ഞ കാര്യങ്ങളാണ്. ആ സാഹചര്യങ്ങളിലും സെൻസേഷണലിസം കടന്നു കയറുന്നതായി തോന്നാറുണ്ട്. മാധ്യമങ്ങളിൽ വാർത്തകൾ അതിവൈകാരികമായും ഓരോ തുമ്പും തരിമ്പും അടക്കം എടുത്തെടുത്തു പറയുന്നത് ഇത്തരം കടുംകൈകളിലേക്ക് മനുഷ്യരേ നയിച്ചേക്കാം. ഒരു നോവലിനു അത്രയും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെങ്കിൽ, ദൃശ്യമാദ്ധ്യമങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
ശ്രദ്ധിക്കുക- ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056
Content Highlights: The Werther Effect is the rise in suicides after media coverage of another suicide, often triggered by sensational reporting.