
പെണ്‍കുട്ടികളെ കല്യാണകമ്പോളത്തില്‍ സ്ത്രീധനം നല്‍കി പറഞ്ഞയക്കുന്നത് ചുമതലയാണെന്ന് ധരിക്കുന്ന മാതാപിതാക്കള്‍ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് മന്ത്രി ആര്‍ ബിന്ദു.
വിഷമയമായ ദാമ്പത്യങ്ങളില്‍ അകപ്പെട്ടുപോയി, ശ്വാസം മുട്ടി ജീവിക്കുന്ന യുവതികള്‍ മരണത്തിലേക്ക് പോകുന്ന അനുഭവങ്ങള്‍ തുടര്‍ക്കഥകള്‍ ആകുകയാണ്. വിസ്മയ, മോഫിയ, ഉത്ര, വിപഞ്ചിക, അതുല്യ എല്ലാവര്‍ക്കും ഒരേ മുഖമാണ്. ദൈന്യതയും നിസ്സഹായതയും നിവര്‍ത്തികേടും വേവലാതിയും നിറഞ്ഞ മുഖം. നടുക്കുന്ന, വലിയ ഹൃദയവേദന സൃഷ്ടിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണ്.
മിടുമിടുക്കികളും വിദ്യാസമ്പന്നരും ആയ പെണ്മക്കളെ, വൈവാഹികജീവിതമാണ് അവരുടെ ജീവിതലക്ഷ്യം എന്ന് നിര്‍ബന്ധപൂര്‍വ്വം ധരിപ്പിച്ച്, കല്യാണക്കമ്പോളത്തില്‍ വില പേശി വലിയ സ്ത്രീധനം നല്‍കി പറഞ്ഞയക്കലാണ് തങ്ങളുടെ ചുമതല എന്ന് ധരിക്കുന്ന മാതാപിതാക്കള്‍ ഈ അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. പെണ്‍കുട്ടികളെ പൂര്‍ണ്ണവ്യക്തിത്വമുള്ള മനുഷ്യരായി കാണാനും അവര്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്ന തൊഴില്‍ ചെയ്യാനുള്ള അവകാശം അംഗീകരിക്കാനും കഴിയണം. ശ്വാസം മുട്ടുന്ന വിവാഹബന്ധത്തില്‍ നിന്ന് വിടുതല്‍ നേടി വന്നാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു കയറാവുന്ന ഒരു വാതില്‍ തുറന്നുകിടപ്പുണ്ട് എന്ന ധൈര്യം പെണ്മക്കള്‍ക്ക് കൊടുക്കാനാവണം.
മറ്റുള്ളവര്‍ എന്തു കരുതും എന്ന് ചിന്തിക്കാതെ അരുമയായി വളര്‍ത്തിയ മകളുടെ സ്വാസ്ഥ്യവും സുരക്ഷയുമാണ് തങ്ങള്‍ക്ക് വലുത് എന്ന് അവള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നിലപാട് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഉണ്ടാകണം. സമൂഹത്തില്‍ സ്ത്രീപദവി, ലിംഗ സമത്വം എന്നീ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാവണം. വിവാഹം, കുടുംബം തുടങ്ങിയവയെ സംബന്ധിച്ച് നിലനില്‍ക്കുന്ന അസമത്വത്തില്‍ അധിഷ്ഠിതമായ സങ്കല്‍പ്പനങ്ങള്‍ തിരുത്താന്‍ കഴിയുമാറ് പൊതുബോധത്തില്‍ മാറ്റമുണ്ടാകണം.
Content Highlights: Minister R Bindu on suicide of woman related to dowry and domestic violence