

2015ൽ കേരളത്തിൽ ചിരിപ്പൂരം തീർത്ത സിനിമയാണ് 'അമർ അക്ബർ അന്തോണി'. നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. സിനിമയിൽ രമേഷ് പിഷാരടിയും ഒരു വേഷം ചെയ്തിരുന്നു. നല്ലവനായ ഉണ്ണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ഉണ്ണിയുടെ അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഷർവാണി ഇട്ട് വരുന്ന ഒരു സീൻ ഉണ്ട്. തിയേറ്ററിൽ പൊട്ടിച്ചിരി പടർത്തിയ സീനുകളിൽ ഒന്നായിരുന്നു ഇത്. ഇപ്പോഴിതാ സിനിമ ഇറങ്ങിയതിന് ശേഷം ഷർവാണി ഇട്ട് എങ്ങും പോവാറില്ലെന്ന് പറയുകയാണ് രമേഷ് പിഷാരടി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട് നല്ല വേഷം, നല്ലവനായ ഉണ്ണി. അതിൽ പിന്നെ എനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി. ആ സിനിമയ്ക്ക് ശേഷം കല്യാണത്തിനോ കാത് കുത്തലിനോ ഷർവാണി ഇട്ട് പോയിട്ടില്ല. ഇത് ഇട്ടാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരും', രമേഷ് പിഷാരോടി പറഞ്ഞു.
അതേസമയം, റീവാച്ച് വാല്യുവുള്ള ചിത്രമെന്ന നിലയ്ക്കാണ് അമർ അക്ബർ അന്തോണിയിലെ തമാശകൾ പ്രേക്ഷകർ സ്വീകരിക്കുന്നത്. അൻപത് കോടിയിലേറെ രൂപയാണ് അമർ അക്ബർ അന്തോണിയുടെ കളക്ഷൻ എന്നായിരുന്നു റിപ്പോർട്ടുകൾ. ആസിഫ് അലി, ബിന്ദു പണിക്കര്, മീനാക്ഷി, കലാഭവന് ഷാജോണ്, കെപിഎസി ലളിത തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ രചിച്ചത്.
Content Highlights: Ramesh Pisharody talks about his character in the movie Amar Akbar Anthony