
ചരിത്രത്തില്‍ ഒരു രാജ്ഞി ഭരിക്കപ്പെട്ട കാലം അവരുടെ പേരില്‍ അറിയപ്പെടുന്നത് അത്ര സാധാരണമല്ല. പുരുഷാധിപത്യത്തില്‍ അധിഷ്ടിതമായ ഒരു സമൂഹത്തില്‍ ഒരു സ്ത്രീ തന്റെ ഭരണ മികവിലൂടെ കാലഘട്ടത്തിന്റെ രാജ്ഞിയായി മാറുന്നത് തികച്ചും അസാധാരണമാണ്. എലിസബത്ത് I, എലിസബത്തന്‍ യുഗം എന്ന ഇംഗ്ലണ്ടിലെ ഒരു കാലഘട്ടത്തെ നയിച്ച ധീര വനിത. ആരായിരുന്നു കന്യകാത്വത്തിന്റെ രാജ്ഞി എന്നറിയപ്പെട്ട എലിസബത്ത് I. 1558 കാലഘട്ടം മുതല്‍ 1603 വരെ ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ എലിസബത്തന്‍ യുഗം എന്നറിയപ്പട്ടു. ഈ കാലത്താണ് ഇംഗ്ലണ്ടിന്റെ രാഷ്ട്രീയ, വാണിജ്യ, കലാരംഗങ്ങള്‍ യൂറോപ്യന്‍ ശക്തിയുടെ നിലവാരത്തിലേക്ക് ഉയരുന്നത്.
കന്യകാത്വത്തിന്റെ രാജ്ഞി എന്നും അറിയപ്പെടുന്ന എലിസബത്ത് നിഗൂഢതകളുടെ രാജ്ഞി കൂടിയായിരുന്നു. ഒരിക്കലും വിവാഹം കഴിക്കാത്ത രാജ്ഞിക്ക് കന്യകാത്വത്തിന്റെ രാജ്ഞി എന്ന പേര് ലഭിക്കാന്‍ പിന്നെയും കാരണങ്ങളുണ്ട്. നിരവധി പ്രണയബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നെങ്കിലും, വിവാഹത്തോടോ, കുട്ടികളോടോ താല്‍പര്യമുണ്ടായിരുന്നില്ല. ട്യൂഡറല്‍ രാജവംശത്തിലെ അവസാനത്തെ കണ്ണിയായി എലിസബത്ത് I മാറാന്‍ ഇത് കാരണമായി.
രാജ്യത്തോടും, പൊതുജനങ്ങളോടും എലിസബത്തിനുണ്ടായിരുന്നു സ്‌നേഹവും മമതയും അവര്‍ ഭരണകാലത്ത് ഉടനീളം പുലര്‍ത്തിയിരുന്ന ദൃഢനിശ്ചയവും ഇംഗ്ലണ്ടിലെ എക്കാലത്തെയും മികച്ച രാജ്ഞിയായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ കാരണമായി. കലകളോടുള്ള എലിസബത്തിന്റെ അഭിനിവേശം ഇംഗ്ലീഷ് നാടകങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കി. കലകളോടുള്ള എലിസബത്തിന്റെ സ്നേഹം തന്നെയായിരുന്നു ഷേക്സ്പിയറിന്റെയും ക്രിസ്റ്റഫര്‍ മാര്‍ലോയും ചരിത്രത്തിലേക്കുള്ള വളർച്ചയ്ക്ക് പിന്തുണയായത്.
ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ രാജ്ഞി എന്ന ചുമതല ഏറ്റുവാങ്ങുകയായിരുന്നു എലിസബത്ത്. പിന്നീട് അവരുടെ 44 വര്‍ഷങ്ങള്‍ നീണ്ട ഭരണം ഇംഗ്ലണ്ടിന് പുതു ജീവന്‍ നല്‍കുകയും, ജനതയില്‍ ദേശീയ ബോധം വളര്‍ത്തുകയുമടക്കം നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എലിസബത്ത് Iന് കഴിഞ്ഞു. അക്കാലത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ആടിയുലഞ്ഞ രാജ്യത്തെ തന്റെ ആത്മസംയമനവും, ധൈര്യവും കൊണ്ട് തിരികെ കൊണ്ടുവന്ന രാജ്ഞിയായിരുന്നു എലിസബത്ത്. ഒരു രാജ്യത്ത് രാജ്ഞി കൊണ്ടു വന്ന മാറ്റങ്ങള്‍ ചരിത്രത്തെ പോലും സ്വാധീനിക്കുന്നതായിരുന്നതിനാല്‍ അവര്‍ ജീവിച്ചിരുന്ന കാലഘട്ടം എലിസബത്തന്‍ യുഗം എന്ന് അറിയപ്പെട്ടു.
ട്യൂഡര്‍ രാജാവായിരുന്ന ഹെന്റി എട്ടാമന്റെയും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ ആനി ബോളിന്റെയും മകളായി ഗ്രീന്‍വിച്ച് കൊട്ടാരത്തിലാണ് എലിസബത്ത് I ജനിച്ചത്. തന്റെ രാജവംശം നിലനിര്‍ത്തുന്നതിനായി ഒരു ആണ്‍കുട്ടി ജനിക്കണം എന്നായിരുന്നു ഹെന്റിയുടെ ആഗ്രഹമെങ്കിലും ആനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എലിസബത്തിന് മൂന്ന് വയസാകും മുന്‍പ് രാജ്യദ്രോഹം, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ ചുമത്തി ഹെന്റി, എലിസബത്തിന്റെ അമ്മ ആനിനെ തലവെട്ടി കൊലപ്പെടുത്തി. എന്നാല്‍ അവിടം കൊണ്ടും കാര്യങ്ങള്‍ അവസാനിപ്പിക്കാത്ത ഹെന്റി ആനുമായുള്ള വിവാഹം പോലും അസാധുവാക്കി. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ആഘാതമുണ്ടാക്കിയ ഒരു ആറ് വയസുകാരിയെ ആരും ശ്രദ്ധിച്ചില്ല. ആറ് വയസില്‍ തന്നെ 40 വയസിന്റെ ഗൗരവം സൂക്ഷിച്ചിരുന്ന കുഞ്ഞായി മാത്രം ആളുകള്‍ എലിസബത്തിനെ പരിഗണിച്ചു.
1537ല്‍ ഹെന്റിയുടെ മൂന്നാം ഭാര്യ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇത് അവളെ കൂടുതല്‍ അന്തര്‍മുഖയാക്കി. ക്രൂരതയുടെ ആള്‍രൂപമായിരുന്നു ഹെന്റി എങ്കിലും അയാള്‍ എല്ലാ മക്കളെയും ഒരുപോലെ സ്‌നേഹിച്ചിരുന്നു. അതിനാൽ, അന്നത്തെ ഇംഗ്ലണ്ടിലെ മികച്ച അധ്യാപകരില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച് മക്കൾ വിദ്യാസമ്പന്നരായിരിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു.
1547ല്‍ എലിസബത്തിന്റെ പിതാവ് ഹെന്റി മരണപ്പെട്ടതോടെ 10 വയസ് മാത്രമുള്ള എഡ്വേര്‍ഡ് എന്ന അര്‍ധസഹോദരന്‍ രാജ്യത്തിന്റെ പരമാധികാരിയായി സ്ഥാനാരോഹണം നടത്തി. എഡ്വേര്‍ഡിന്റെ ഭരണകാലത്ത് സമാനതകളില്ലാത്ത ദുരിതം എലിസബത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആത്മാഭിമാനത്തെ പോലും വ്രണപ്പെടുത്തുന്ന പ്രശ്‌നങ്ങളടക്കം നേരിട്ടിട്ടും എലിസബത്ത് ജീവിതത്തോട് പോരാടി.
1553ല്‍ എഡ്വേര്‍ഡിന്റെ മരണശേഷം ഹെന്റിയുടെ മറ്റൊരു മകള്‍ സ്ഥാനമേറ്റെടുത്തതിനും എലിസബത്ത് സാക്ഷിയായിരുന്നു. മേരി എന്നായിരുന്നു ഇവരുടെ പേര്. കടുത്ത മതഭ്രാന്തി കൂടിയായിരുന്ന മേരി റോമന്‍ കത്തോലിക്ക വിശ്വാസത്തിന്റെ അടിമയായിരുന്നു. സ്വന്തം വിവാഹത്തിന്റെ സമയത്ത് പോലും അവര്‍ മതത്തിന് പ്രാധാന്യം നല്‍കി. സ്‌പെയിനിലെ പ്രധാനപ്പെട്ട ഒരു കത്തോലിക്കന്‍ രാജാവിനെയായിരുന്ന ഫിലിപ്പ് രണ്ടാമനെയായിരുന്നു മേരി വിവാഹം ചെയ്തത്. എന്നാല്‍ സഹോദരിയുടെ ഈ അമിത മതഭ്രാന്തിനെ എല്ലാ രീതിയിലും ഉള്‍ക്കൊള്ളാന്‍ എലിസബത്ത് തയ്യാറായില്ല. ഇത് സഹോദരിയുമായി ഭിന്നതയുണ്ടാക്കാന്‍ കാരണമായി. പിന്നീട് ദീര്‍ഘകാലത്തേക്ക് എലിസബത്ത് തടവറകളില്‍ ജീവിതം തള്ളിനീക്കി.
1558ല്‍ രാജ്ഞിയായിരുന്ന മേരിയുടെ മരണത്തിന് ശേഷമായിരുന്നു എലിസബത്തിന്റെ സ്ഥാനാരോഹണം. പുരുഷാധിപത്യ കാലത്തെ രാജ്ഞി എന്നത് ചെറിയ കാര്യമായിരുന്നില്ല. എന്നിട്ടും അവര്‍ തന്റെ രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. രാജ്യത്തെ ഏറ്റവും ചെറിയ പ്രശ്‌നങ്ങളില്‍ പോലും ഇടപെട്ടിരുന്ന ഒരു നല്ല ഭരണാധികാരിയാവാന്‍ പെട്ടെന്ന് തന്നെ എലിസബത്തിന് സാധിച്ചു. ഈ ഘടകങ്ങളെല്ലാം എലിസബത്തിന് ചരിത്രത്തില്‍ ഇടം നല്‍കാന്‍ കാരണമായിരുന്നു.
Content Highlight; Why the 'Virgin Queen' Never Married: Trust, Passion, and Death