
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടക്കുമ്പോള്‍ ഇതിന് പിന്നിലെ വമ്പന്‍ ഗൂഢാലോചന കൂടിയാണ് പുറത്തുവരുന്നത്. മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കൈക്കൂലി കൊടുത്ത നടത്തിയ വലിയ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മൂവായിരം കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ അമ്പതോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കുകളെയും ഓഹരി ഉടമകളെയും നിക്ഷേപകരെയും മറ്റ് പൊതു സ്ഥാപനങ്ങളെയും വിദഗ്ദമായി കബളിപ്പിച്ച് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയാണിതെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യെസ് ബാങ്കില്‍ നിന്നും 2017നും 2019നും ഇടയിലാണ് പണം തട്ടിയിരിക്കുന്നത്. വായ്പാ വിതരണത്തിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടര്‍ കമ്പനികള്‍ക്ക് പണം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ബാങ്ക് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കമ്പനികള്‍ക്കും ഇടയിലുള്ള കൊടുക്കല്‍ വാങ്ങലിനെ തുറന്നുകാട്ടുന്നതാണെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. നിലവില്‍ യെസ് ബാങ്ക് പ്രൊമോട്ടര്‍മാരും അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളും തമ്മിലുള്ള അന്തര്‍ധാരയെ കുറിച്ചുള്ള അന്വേഷണമാണ് ഇഡി നടത്തുന്നത്.
യെസ് ബാങ്കിന്റെ ലോണ്‍ അപ്രൂവലില്‍ തന്നെ വലിയ രീതിയലുള്ള ലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ബാങ്കിന്റെ സ്വന്തമായ ക്രെഡ് പൊളിസിയെ പോലും ലംഘിച്ചുകൊണ്ടാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പഴയ ഡേറ്റിലുള്ള ക്രെഡിറ്റ് അപ്രൂവല്‍ മെമ്മോറാന്‍ഡം, നിക്ഷേപങ്ങള്‍ നടത്തിയതിലുള്ള കൃത്യയില്ലായ്മയെല്ലാം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പല കേസുകളിലും വായ്പ വിതരണം ചെയ്തിരിക്കുന്നത് ഔദ്യോഗികമായ അനുമതി ലഭിക്കുന്നതിന് മുമ്പാണ്. ആപ്ലിക്കേഷന്‍ നല്‍കിയ അതേ ദിവസം തന്നെ തുക നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് ലഭിച്ച പല സ്ഥാപനങ്ങളും സാമ്പത്തികമായി വളരെ മോശം നിലയിലുള്ളവയാണ്. ഇവയുടെയെല്ലാം ഡയറക്ടര്‍മാരും മേല്‍വിലാസവും പോലും ഒന്നാണ്. ഈ സ്ഥാപനങ്ങളുടെയൊന്നും വ്യക്തമായ രേഖകളും ഇല്ല.
ഇഡിയുടെ നിരീക്ഷണത്തിലുള്ള പ്രധാന സ്ഥാപനങ്ങളിലൊന്ന് റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡാണ്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്(ആര്‍എച്ച്എഫ്എല്‍) വിതരണം ചെയ്ത ഹോം ലോണില്‍ വലിയൊരു കുതിപ്പാണ് ഉണ്ടായത്. 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ 3, 742 കോടി രൂപ വിതരണം ചെയ്തതില്‍ നിന്ന് 2018 -19 ആയപ്പോഴേക്കും 8670.80 കോടി രൂപയായി ഉയര്‍ന്നു. ഇതിന്റെ വ്യക്തമായ റിപ്പോര്‍ട്ട് സെബി ഇഡിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വായ്പ വകമാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ടതാണോയെന്ന് ഇഡി പരിശോധിക്കുന്നുണ്ട്.
കൃത്യതയില്ലാത്തതും ത്വരിതഗതിയിലുമുള്ള വായ്പാ അനുമതികള്‍, ഇവയുമായി ബന്ധപ്പെട്ട നടപടികളിലുണ്ടായ ലംഘനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ആര്‍എച്ച്എഫ്എല്ലുമായി ബന്ധപ്പെട്ട അന്വേഷണവിധേയമാകുക. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും അതിന്റെ പ്രൊമോട്ടറായ അനില്‍ ഡി അംബാനിയും ഫ്രോഡാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഡിയുടെ പരിശോധന ആരംഭിച്ചത്. റിസര്‍വ് ബാങ്കിന്റെ ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് നിര്‍ദേശം അനുസരിച്ചാണ് എസ്ബിഐ നടപടി. റിലയന്‍സിന് ലഭിച്ച 31000 കോടി രൂപയുടെ വായ്പ തന്റെ നിയന്ത്രണത്തിലുള്ള മറ്റ് കമ്പനികള്‍ ഉപയോഗിച്ച് അനില്‍ അംബാനി ദുരുപയോഗം ചെയ്തുവെന്നാണ് എസ്ബിഐ വാദിക്കുന്നത്. 2227.64 കോടി രൂപ വായ്പയായി നല്‍കിയപ്പോള്‍ 786 കോടി ഗ്യാരണ്ടിയായും നല്‍കിയിരുന്നു. നിലവില്‍ കമ്പനി ഇന്‍സോള്‍വെന്‍സി പ്രൊസീഡിംഗ്‌സിലൂടെ പോവുകായണ്.
മുംബൈയിലും ഡല്‍ഹിയിലുമാണ് ഇഡി പരിശോധനകള്‍ പുരോഗമിക്കുന്നത്. അനില്‍ അംബാനിയുടെ ബിസിനസുമായി ബന്ധപ്പെട്ട ഓഫീസുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനകള്‍ പുരോഗമിക്കുമ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ ഇതുവരെ പരിശോധന നടത്തിയിട്ടില്ല. അതേസമയം റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഈ കേസില്‍ തങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇത് പത്തുവര്‍ഷത്തോളം പഴയ കേസാണെന്നും കാട്ടി പ്രസ്താവന നടത്തിയിട്ടുണ്ട്.
Content Highlights : Anil Ambani facing Enforcement Directorate heat on fraud case