സമരങ്ങളുടെ ജീവശ്വാസമായ ആ സഖാവിനെ മാത്രം തൊഴിലാളികൾ സ്വീകരിച്ചു; മൂന്നാറിൽ 'പെമ്പിള ഒരുമൈ'യ്ക്ക് ആവേശമായ വിഎസ്

കേരളത്തിലെ ഒരു രാഷ്ട്രീയനേതാവിനെ മാത്രം അവര്‍ വിശ്വസിച്ചു. സമരങ്ങളുടെ ജീവശ്വാസമായ ആ സഖാവ് സമരഭൂമിയിലെത്തണമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ആഗ്രഹിച്ചു. വി എസ് അച്യുതാനന്ദന്‍ എന്നായിരുന്നു ആ നേതാവിന്റെ പേര്

dot image

മഞ്ഞുമൂടിക്കിടക്കുന്ന മൂന്നാറിന്റെ മലത്തലപ്പുകളിലൂടെ, തേയിലക്കൊളുന്തുകെട്ടുകളുമായി നടന്നുപോകുന്ന തൊഴിലാളികള്‍…വിനോദസഞ്ചാരികള്‍ക്ക് അതൊരു സുന്ദരമായ കാഴ്ചയാണ്. എന്നാല്‍ കമ്പനികളുടെയും കങ്കാണിമാരുടെയും കൊടിയ ചൂഷണങ്ങളേറ്റ് ഇന്നും അടിമകളെപ്പോലെ ജീവിക്കേണ്ടിവരുന്ന തോട്ടം തൊഴിലാളികളുടെ ജീവിതം, മൂന്നാറിന്റെ പുറംകാഴ്ചകള്‍ പോലെ അത്ര സുന്ദരമായിരുന്നില്ല.

മഞ്ഞും മഴയും വെയിലുമേറ്റ്, അട്ടയുടെ കടി കൊണ്ട്, കീടനാശിനികള്‍ക്കിടയില്‍ പെട്ട്, തേയിലത്തോട്ടങ്ങളിലും ലയങ്ങളിലുമായി എരിഞ്ഞു തീരുന്ന തൊഴിലാളി സ്ത്രീകള്‍ ഒടുവില്‍ ഒരു നാള്‍ മുഷ്ടി ചുരുട്ടി. അവരുടെ കൂലിയുടെ കണക്ക് ചോദിച്ചു. മതിയായ ശമ്പളവും ബോണസും പെന്‍ഷനുമില്ലാതെ ഇനി കൊളുന്ത് നുള്ളാനില്ലെന്ന് പ്രഖ്യാപിച്ച് തൊഴിലാളി സ്ത്രീകള്‍ സംഘടിതമായി പണിമുടക്കി. തോട്ടങ്ങള്‍ വിട്ട്, അവര്‍ മൂന്നാര്‍ ടൗണിലേക്കിറങ്ങി.

ടാറ്റയുടെയും കണ്ണന്‍ ദേവന്റെയും അധികാരച്ചുമരുകളില്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തമിഴ് മുദ്രാവാക്യങ്ങള്‍ അലയടിച്ചു. സകല എസ്റ്റേറ്റുകളില്‍ നിന്നും സ്ത്രീകള്‍ ഒഴുകി വന്നതോടെ മൂന്നാര്‍ ടൗണ്‍ ജനസാഗരമായി. കക്ഷി രാഷ്ട്രീയത്തിനനീതമായി ഒന്നുചേര്‍ന്ന ആ സമരക്കൂട്ടായ്മയ്ക്ക് പെമ്പിള ഒരുമൈ എന്ന പേര് വീണു.

തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ച എല്ലാ അധികാരശ്രേണികള്‍ക്കുമെതിരെയായിരുന്നു ആ സമരം. പലപ്പോഴും കമ്പനികളുമായി സന്ധിചെയ്ത കക്ഷിരാഷ്ട്രീയക്കാരെ അവര്‍ ആട്ടിപ്പായിച്ചു. സമരത്തെ മുതലെടുക്കാനും, പിതൃത്വം ഏറ്റെടുക്കാനുമായി വന്ന രാഷ്ട്രീയ നേതാക്കളെ ഒന്നടങ്കം അവര്‍ കൂകിയോടിച്ചു. പലര്‍ക്കും നാണംകെട്ട് മടങ്ങേണ്ടി വന്നു.

എന്നാല്‍ കേരളത്തിലെ ഒരു രാഷ്ട്രീയനേതാവിനെ മാത്രം അവര്‍ വിശ്വസിച്ചു. സമരങ്ങളുടെ ജീവശ്വാസമായ ആ സഖാവ് സമരഭൂമിയിലെത്തണമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ആഗ്രഹിച്ചു. വി എസ് അച്യുതാനന്ദന്‍ എന്നായിരുന്നു ആ നേതാവിന്റെ പേര്.

2015 സെപ്റ്റംബര്‍ 13 ന്, സമരത്തിന്റെ ഒമ്പതാം ദിവസം വിഎസ് മൂന്നാറിലെത്തി. അന്‍പാന മൂന്നാര്‍ മക്കളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചതോടെ സമരാവേശം അലയടിച്ചു.


കമ്പനികളുടെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെയും ട്രേഡ് യൂണിയനുകളുടെ വീഴ്ചകള്‍ക്കെതിരെയും വിഎസ് തുറന്നടിച്ചു. സമരമവസാനിക്കാതെ തിരിച്ചുപോകില്ലെന്നും അതുവരെ തൊഴിലാളികള്‍ക്കൊപ്പമിരിക്കുമെന്നും വിഎസ് വ്യക്തമാക്കിയതോടെ, കോട പുതഞ്ഞുകിടന്നിരുന്ന മൂന്നാര്‍ മലകളില്‍ അവകാശ സമരത്തിന്റെ ചുടുകാറ്റുവീശി.

മൂന്നാറിലെ തൊഴിലാളി സമരം വിഎസ്സിന്റെ കൂടി സമരമായി മാറി. നടുറോട്ടില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ വിഎസ് ഇരുന്നു. ചുറ്റിലും നൂറുകണക്കിന് തൊഴിലാളി സ്ത്രീകള്‍. അവരുടെ മുദ്രാവാക്യങ്ങള്‍.


നേരമിരുട്ടിത്തുടങ്ങിയിട്ടും വിഎസ് അനങ്ങിയില്ല. ചാരനിറത്തിലുള്ള ഒരു ജാക്കറ്റും ധരിച്ച് ആ സമരവീര്യം ഇളകാതെ നിന്നു. അതോടെ അധികാരക്കസേരകള്‍ക്ക് ഇളക്കം തട്ടി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. സമരം ജയിച്ചു. വാക്കുപാലിച്ച് വിഎസ് മൂന്നാര്‍ മലയിറങ്ങി.

മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളെയറിയാന്‍ വിഎസ്സിനോളം പോന്ന മറ്റൊരു നേതാവില്ല. കേരളത്തിലെ ഓരോ ജനകീയ സമരപ്പന്തലുകളിലും വിഎസിനായി ഒരിടം എന്നുമുണ്ടായിരുന്നു. സമരപ്പന്തലുകളില്‍ വലിയ ശൂന്യത ബാക്കിയാക്കിയാണ് വിഎസ് വിട വാങ്ങുന്നത്. സമരങ്ങളുടെ നായകന് വിട.

Content Highlights: VS Achuthanandan and Munnar Pombilai orumai protest in Munnar

dot image
To advertise here,contact us
dot image