
ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
പോരാട്ടം വീര്യം ജീവിതത്തില്‍ നിറച്ചുനിര്‍ത്തിയ നേതാവാണ് വി എസ്: കെ സി വേണുഗോപാല്‍
വിഎസിന്റെ വിയോഗം കേരള രാഷ്ട്രീയ രംഗത്ത് കനത്ത ശൂന്യത സൃഷ്ടിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പാര്‍ട്ടി നിലപാടുകള്‍ നോക്കാതെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് വി എസ് അച്യുതാനന്ദന്‍ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പോരാട്ടം വീര്യം ജീവിതത്തില്‍ നിറച്ചുനിര്‍ത്തിയ നേതാവാണ് വി എസ്. ജനപക്ഷ ആശയങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ധീരനായ കമ്മ്യൂണിസ്റ്റ്കാരാനായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല: മോഹന്‍ലാല്‍
'ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്‌നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല,' മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ജൂലൈ 23ന് ആലപ്പുഴയില്‍ അവധി; പൊതുദര്‍ശനത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് മന്ത്രി സജി ചെറിയാന്‍
ബുധനാഴ്ച്ച രാവിലേ 9 വരെ പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം. 9 മണി മുതല്‍ 11 തിരുവമ്പാടി സിപിഎം ജില്ലാകമ്മറ്റി ഓഫീസ്. 11 മണി മുതല്‍ 3 മണി വരെ ബീനാച്ചിനോട് ചേര്‍ന്നുള്ള റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതു ദര്‍ശനം നടക്കും.
വിലാപയാത്രയായി എത്തിച്ചു വൈകിട്ട് 4 ന് പുന്നപ്ര വലിയ ചുടുകാട്ടില്‍ വെച്ചായിരിക്കും
സംസ്‌കാരം. ബുധനാഴ്ച ആലപ്പുഴ ജില്ലയില്‍ അവധിയായിരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
വി എസ് ഇതിഹാസം, വിയോഗം തീരാനഷ്ടമാണ്: സുരേഷ് ഗോപി
വി എസ് അച്യുതാനന്ദന്‍ ഒരു ഇതിഹാസമാണെന്ന് നടനും കേന്ദ്ര മന്ത്രിയുമായി സുരേഷ് ഗോപി. വി എസിന് ഒപ്പം യാത്ര ചെയ്തിട്ടുണ്ടെന്നും മലമ്പുഴയില്‍ പ്രചരണത്തിന് പോയിട്ടുണ്ടെന്നും സുരേഷ് ഗോപി ഓര്‍മിച്ചു.
വിഎസിന്റെ മൂല്യങ്ങളെ വിലമതിക്കുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് ചരിത്രമാണെന്നും വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന നാളുകളില്‍ വി എസിനെ കാണാന്‍ ശ്രമിച്ചിരുന്നു, പക്ഷെ കഴിഞ്ഞില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഎസിന്റെ ഭൗതികശരീരം പാര്‍ട്ടി ആസ്ഥാനത്ത്; കണ്ഠമിടറി സഖാക്കള്‍, കണ്ണീര്‍ക്കടലായി തലസ്ഥാനം
വിഎസിന്റെ ഭൗതികശരീരം സിപിഐഎം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ എത്തിച്ചു. ജനസാഗരമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. 'ഇല്ല..ഇല്ല.. മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ലെന്ന്' തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ വിളിക്കുകയാണ് എത്തിച്ചേര്‍ന്നിരിക്കുന്ന ജനങ്ങള്‍.
വി എസിന്റെ വേര്‍പാട് വലിയ വേദന ഉണ്ടാക്കുന്നു; പെമ്പിളെ ഒരുമൈ മുന്‍ നേതാവ് ഗോമതി
പെമ്പിളൈ ഒരുമൈ സമരകാലത്ത് സമരപന്തലില്‍ വന്ന ഏക നേതാവായിരുന്നു വി എസ് എന്ന് ഓര്‍മിച്ച് പെമ്പിളെ ഒരുമൈ മുന്‍ നേതാവ് ഗോമതി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് വി എസ് അന്ന് സമര പന്തലില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തു. രോഗം മൂര്‍ശ്ചിച്ച കാലത്ത് കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ നടന്നില്ലെന്നും ഗോമതി പറഞ്ഞു. വി എസിന്റെ വേര്‍പാട് വലിയ വേദന ഉണ്ടാക്കുന്നുവെന്നും ഗോമതി കൂട്ടിച്ചേര്‍ത്തു.
വി എസ് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവ്: അനുശോചിച്ച് രാഷ്ട്രപതി
വിഎസ് വിയോഗത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ശ്രീ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അരികുവല്‍കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായും കേരളത്തിന്റെ വികസനത്തിനായും പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്നും സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രപതി കുറിച്ചു.
വി എസിനെ അനുസ്മരിച്ച് അരവിന്ദ് കെജ്‌രിവാൾ
സമൂഹത്തിനു വേണ്ടിയുള്ള അച്യുതാനന്ദന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും എന്ന് ആം ആദ്മി അധ്യക്ഷനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.
വി എസ് കേരള രാഷ്ട്രീയത്തിലെ ജനകീയമുഖം, ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായി: അനുശോചിച്ച് കാന്തപുരം
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുള്‍പ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മര്‍കസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മര്‍കസ് സന്ദര്‍ശിക്കുകയും ചെയ്തുവെന്നും കാന്തപുരം ഓര്‍മിച്ചു.
സച്ചാര്‍ കമ്മിറ്റിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ സാധ്യമാക്കുകയും ചെയ്ത പാലൊളി കമ്മിറ്റി അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സര്‍വകലാശാല സെന്റര്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സാക്ഷാത്കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റു പലയിടത്തും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നത് വസ്തുതയാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്. വി എസിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സ്‌നേഹജനങ്ങളെയും അനുശോചനമറിയിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കര്‍.
പ്രതിപക്ഷ നേതാവായി ജനകീയനായി, മുഖ്യമന്ത്രിയായി കേരളത്തിന്റെ വികസനത്തിന് വലിയ ശ്രമങ്ങള്‍ നടത്തി: എ കെ ആന്റണി
വി എസ് അച്യുതനാന്ദന്‍ ജീവിതത്തിലൂടെ നീളം പാവപ്പെട്ടവര്‍ക്ക് വേണ്ടിയും അധ്വാനിക്കുന്നവര്‍വേണ്ടിയും പോരാടിയെന്ന് എ കെ ആന്റണി. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരുന്നത്. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നെന്നും എ കെ ആന്റണി.
പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വി എസ് ജനകീയനായത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ വികസനത്തിനായി വലിയ ശ്രമങ്ങള്‍ നടത്തിയെന്നും എ കെ ആന്റണി പറഞ്ഞു. കൊച്ചി മെട്രോ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുവേണ്ടി താനുമായി പ്രവര്‍ത്തനങ്ങള്‍ നടത്തി. അവസാനം വരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചുവെന്നും എ കെ ആന്റണി വി എസിനെ കുറിച്ച് ഓര്‍മ പങ്കുവെച്ചു.
നാളെ പൊതു അവധി
വിഎസിന്‍റെ വിയോഗത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം.
ആദരസൂചകമായി നാളെ പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ ബാങ്കുകളും പ്രവര്‍ത്തിക്കില്ല. ജൂലൈ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്എസി പരീക്ഷകളും ഇന്റര്‍വ്യൂസും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സിപിഐഎമ്മില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള പ്രവര്‍ത്തകൻ: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു അദ്ദേഹമെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്: മുഖ്യമന്ത്രി
വി എസിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്നും മുഖ്യമന്ത്രി.
വിഎസ് അച്യുതാനന്ദന്റെ വിയോഗം അത്യന്തം വേദനയുണ്ടാക്കുന്നു: എംഎം മണി
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം മുതിർന്ന നേതാവ് എം എം മണി. വിഎസ് അച്യുതാനന്ദന്റെ വിയോഗം അത്യന്തം വേദനയുണ്ടാക്കുന്നതാണെന്നും
ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമായിരുന്നു വിഎസെന്നും എം എം മണി പറഞ്ഞു. സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് വി എസ്. ആയിരക്കണക്കിന് പോരാട്ടങ്ങള്‍ക്കും വിഎസ് നേതൃത്വം നല്‍കി. അധ്വാനിക്കുന്ന ജനതയ്‌ക്കൊപ്പം നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം എം മണി പറഞ്ഞു.
അഴിമതിക്കും മാഫിയാ വിളയാട്ടത്തിനും എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച ജീവിതം- കെ രാജൻ
മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാജൻ. കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകം സഖാവ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയെന്ന് കെ രാജൻ കുറിച്ചു.
അഴിമതിക്കും മാഫിയാ വിളയാട്ടത്തിനും എതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു വി എസിൻ്റെ ജീവിതം. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഒട്ടേറെ മാതൃകാ പദ്ധതികൾ ആസൂത്രണം ചെയ്ത മുഖ്യമന്ത്രിയും ജനകീയ നേതാവുമായ സഖാവിൻ്റെ വേർപാടിൽ അനുശോചിക്കുന്നുവെന്നും കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടം- കെ രാധാകൃഷ്ണൻ
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാംഗം കെ രാധാകൃഷ്ണന്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രത്യേകിച്ച് കേരളത്തിലെ സിപിഐഎമ്മിനും വലിയ നഷ്ടമാണ് വി എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.
പാർട്ടിയിലെയും സർക്കാരിലെയും തിരുത്തൽ ശക്തി- പി വി അൻവർ
വി എസ് അച്യുതാനന്ദനെ അനുശോചിച്ച് പി വി അൻവർ. 'കണ്ണേ കരളേ വി എസേ' എന്നാർത്തലച്ച മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തിൽ മാത്രം പാർട്ടിയുടെ കാർക്കശ്യ മതിലുകളെ പൊളിച്ചെഴുതിയ നേതാവായിരുന്നു വി എസ് അച്യുതാനന്ദനെന്ന് പി വി അൻവർ പറഞ്ഞു. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും വി.എസിനെ പാർട്ടിയിലേയും സർക്കാരിലേയും തിരുത്തൽ ശക്തിയാക്കിയെന്നും അൻവർ പറഞ്ഞു.
വി എസ്, ഇടവേളകളില്ലാത്ത സമരം- സിപിഐഎം
ഇടവേളകളില്ലാത്ത സമരമാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഐഎം. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയാണ് അദ്ദേഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
നിയമസഭയ്ക്കകത്തും പുറത്തും മൂര്‍ച്ചയേറിയ നാവ്- വി ഡി സതീശൻ
രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയയാളാണ് വി എസ് അച്യുതാനന്ദനെന്ന് വി ഡി സതീശൻ. 'കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നൽകി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നിന്നു. നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹം', വി ഡി സതീശൻ പറഞ്ഞു.
അനുശോചനം അറിയിച്ച് കോൺഗ്രസ്
വി എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായൻ- ശശി തരൂർ
വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വി എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനാണെന്ന് ശശി തരൂർ പറഞ്ഞു. ജനപ്രിയനായ ബഹുജന നേതാവും മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹമെന്ന് ശശി തരൂർ.
കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്- എം വി ഗോവിന്ദൻ
മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതാവ്- കെ കെ ശൈലജ
വി എസ് അച്യുതാനന്ദൻ്റെ വേർപാടിൽ അനുശോചിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ എംഎൽഎ. 'കേരളത്തിൻ്റെ പ്രിയപുത്രൻ, വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതാവ് സഖാവ് വി എസ് വിടപറഞ്ഞു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിലും അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് സഖാവ് വി എസ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തോടൊപ്പം ചേർന്ന് നിൽക്കുന്നതാണ് സഖാവിൻ്റെ ജീവിതം. വി എസിൻ്റെ വേർപാട് സമര കേരളത്തിന് നികത്താൻ കഴിയാത്ത വിടവാണ്. സഖാവ് വി എസിന് ആദരാഞ്ജലികൾ', കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൻ്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്ത് വലിയ പരിവർത്തനം നടത്തിയ നേതാവ്- കെ സുരേന്ദ്രൻ
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്ത് വലിയ പരിവർത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമരമുഖത്ത് വി എസ് കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാർട്ടിയിൽ പോലും പ്രതിപക്ഷ ശബ്ദം ഉയർത്താൻ വി എസ് ധൈര്യം കാണിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നിസ്സഹായയായ വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്- കെ കെ രമ
വി എസ് അച്യുതാനന്ദന് അനുശോചനം അറിയിച്ച് ആർഎംപി നേതാവ് കെ കെ രമ എംഎൽഎ.
'പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ, ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്..അന്ത്യാഭിവാദ്യങ്ങൾ..', കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഇതിഹാസം- എം വി ജയരാജൻ
വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. അഴിമതിക്കും അധർമ്മത്തിനുമെതിരെ പോരാടിയ നേതാവാണ് അദ്ദേഹമെന്നും എം വി ജയരാജൻ പറഞ്ഞു.
തീരാനഷ്ടം- ടി പി രാമകൃഷ്ണൻ
വി എസ് അച്യുതാനന്ദൻ്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വി എസിന്‍റെ വേർപാട് തീരാ നഷ്ടമാണ്.
പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന്‍റെ കരുത്ത് പകരുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
പാർട്ടി പതാക താഴ്ത്തിക്കെട്ടി
അനുശോചനത്തിൻ്റെ ഭാഗമായി എകെജി സെൻ്ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കരിങ്കൊടി ഉയർത്തി
വി എസിന് വിട
വി എസിൻ്റെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണിയോടെ എ കെ ജി സെൻ്ററിലേക്ക് കൊണ്ടുപോകും.
നാളെ രാവിലെ ഒമ്പതിന് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് പോകും. രാത്രിയോടെ ആലപ്പുഴയിൽ എത്തിച്ചേരും. മറ്റന്നാൾ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. വൈകിട്ട് വലിയ ചുടുകാട്ടിൽ സംസ്കാരം
വി എസിന്റെ സംസ്കാരം മറ്റന്നാൾ