

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കടയുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവർത്തകരെ തടഞ്ഞ ജിം ഉടമ ദീപക് കുമാറിന് നേരെ ഭീഷണി. ദീപക്കിന്റെ വീടിനെ നേരെ ബജ്റംഗ്ദള്‍ ആക്രമണശ്രമം നടത്തി. കച്ചവടക്കാരനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്താണ് പേരെന്ന് ബജ്റംഗ്ദള്‍ പ്രവർത്തകർ ചോദിച്ചപ്പോൾ മറുപടിയായി മുഹമ്മദ് ദീപക് എന്ന് പറഞ്ഞ സംഭവം വൈറലായിരുന്നു.
കടയുടമയെ സംരക്ഷിക്കാൻ ശ്രമിച്ചതിന് തനിക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ ഭീഷണി ഉയരുന്നതായി ദീപക് തന്നെയാണ് വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്. കോട്ദ്വാറിലെ ദീപക്കിന്റെ വീട് മുന്നിലെത്തണമെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും ബജ്റംഗ്ദള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ദീപക് കുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ബജ്റംഗ്ദള്‍ പ്രവർത്തകർക്ക് എതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജനുവരി 26ന് തന്റെ സുഹൃത്തിന്റെ കടയിൽ നിൽക്കുമ്പോഴാണ് തൊട്ടടുത്തുള്ള കടയിൽ നിന്നുള്ള ബഹളം ദീപക് ശ്രദ്ധിക്കുന്നത്. വകീൽ അഹമ്മദ് എന്ന കച്ചവടക്കാരന്റെ കടയുടെ പേരിനൊപ്പം ബാബ എന്ന് വന്നതാണ് ബജ്റംഗ്ദള്‍ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇതിനെ ദീപക് ചോദ്യം ചെയ്തതാണ് ഭീഷണിക്ക് കാരണം. പിന്നാലെ നാൽപത് പേരടങ്ങിയ സംഘം ദീപക്കിൻ്റെ ജിമ്മിന് മുന്നിൽ തടിച്ചു കൂടി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: Deepak Kumar a gym owner stood up for muslim shopkeeper faces threat from Bajrang Dal