പ്ലാസ്റ്റിക് സർജറി കോസ്മറ്റിക് ചികിത്സയിൽ മാത്രമോ?

ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം

ഡോ.സജു  നാരായണന്‍
5 min read|15 Jul 2025, 03:42 pm
dot image

ധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. മറ്റ് ചികിത്സാ ശാഖകളിൽ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സർജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ആദ്യം എന്താണ് പ്ലാസ്റ്റിക് സർജറിയെന്നു നോക്കാം. കോസ്മറ്റിക് സർജറി (സൗന്ദര്യ വർധക ചികിത്സ) എന്ന ചികിത്സാ രീതിതന്നെയാണ് പ്ലാസ്റ്റിക് സർജറിയും എന്ന ധാരണയാണ് ഭൂരിഭാഗം ആളുകൾക്കുമുള്ളത്. യഥാർഥത്തിൽ ഇത് പ്ലാസ്റ്റിക് സർജറിയെന്ന വിപുലമായ ചികിത്സാ ശാഖയിലെ ഒരു ചെറിയ ശാഖമാത്രമാണ്. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില് നിന്നുമാണ് പ്ലാസ്റ്റിക് സർജറി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. 'രൂപാന്തരപ്പെടുത്തുക' എന്നാണ് ഈ വാക്കിന്റെ അര്ത്ഥം.


മറ്റ് ചികിത്സാ ശാഖകളിൽ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സർജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതിൽ സൗന്ദര്യാത്മകമായ ചികിത്സ മുതൽ അതീവ ഗൗരവതരമായ സാഹചര്യങ്ങളിൽ നിന്ന് ജീവന് തിരിച്ച് പിടിക്കുന്ന ചികിത്സ വരെ ഉൾപ്പെടുന്നു എന്നതാണ് ഈ ചികിത്സയുടെ സവിശേഷത. അതായത് അപകടങ്ങളിലും മറ്റും ശരീരഭാഗങ്ങൾ മുറിഞ്ഞ് പോവുക, ആഴത്തിലുള്ള മുറിവുകൾ സംഭവിക്കുക, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത സൂക്ഷ്‌മമായ ധമനികൾക്ക് ഛേദം സംഭവിക്കുക, ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മുച്ചുണ്ട് പോലുള്ള വൈകല്യങ്ങള്, പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകൾ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ മറ്റു സൗന്ദര്യപരമായ പരിമിതികൾ മുതലായവയെ അതിജീവിക്കുന്നത് മുതൽ അപകടങ്ങളിലും മറ്റും സംഭവിക്കുന്ന അംഗഭംഗങ്ങൾ ചില കാൻസറുകൾ, തീപ്പൊള്ളൽ തുടങ്ങിയവ ഭേദമാക്കുക തുടങ്ങിയ ജീവനെ തന്നെ ദോഷകരമായി ബാധിക്കുന്ന അവസ്ഥകളിൽ ജീവൻ രക്ഷിക്കുന്ന ചികിത്സ നൽകുവാൻ സാധിക്കുന്ന വിഭാഗം കൂടിയാണ് പ്ലാസറ്റിക് സർജറി. രോഗികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് പുറമെ അപകടങ്ങളിലും മറ്റും ഗുരുതരമായി പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തവർക്ക് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരികെയെത്തുവാൻ പ്ലാസ്റ്റിക് സർജറി പരമപ്രധാനമാണ്. കാരണം അപകടങ്ങളുടേയും മറ്റും ഭാഗമായി ശരീരഭാഗങ്ങൾ മുറിഞ്ഞ് പോവുകയോ ആഴത്തിൽ മുറിവേൽക്കുകയോ,പൊള്ളുകയോ, ചെയ്താൽ ഈ ഭാഗം ചികിത്സിക്കുന്ന സമയത്ത് പലപ്പോഴും ധമനികളെയും ഞരമ്പുകളേയും പഴയ രൂപത്തിൽ യോജിച്ച് ചേർക്കാൻ സാധിക്കാതെ വരും. ഇത് അവയവങ്ങളുടെ ചലനശേഷി കുറയുവാനോ നഷ്ടപ്പെടുവാനോ കാരണമാകാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ തകരാർ സംഭവിക്കുന്ന കണ്ണുകൾകൊണ്ട് കാണാൻ സാധിക്കാത്ത സൂക്ഷ്‌മമായ ധമനികളെ പോലും സംയോജിപ്പിച്ച് രക്തപ്രവാഹവും സംവേദന ശേഷിയുമൊക്കെ തിരിച്ച് പിടിക്കാൻ പ്ലാസ്റ്റിക് സർജറി സഹായകരമാകും. അതായത് സൗന്ദര്യ വർധക ചികിത്സ എന്ന പൊതു ധാരണയ്ക്കപ്പുറം ജീവൻ രക്ഷാചികിത്സാ എന്ന മുഖം കൂടി പ്ലാസ്റ്റിക് സർജറിക്കുണ്ട് എന്ന് സാരം. പ്ലാസ്റ്റിക് ആന്റ് റീ കൺസ്ട്രക്ടീവ് സർജറി എന്നാണ് ഇന്ന് ഈ ചികിത്സാവിഭാഗത്തെ പൊതുവായി വിളിക്കപ്പെടുന്നത്.

പ്ലാസ്റ്റിക് സർജറിയും സ്ത്രീകളും

സ്ത്രീകളുമായി ബന്ധപ്പെട്ടും സൗന്ദര്യ ചികിത്സ മുതല് ജീവന് രക്ഷാ ചികിത്സ വരെയുള്ള വിഭിന്നങ്ങളായ മേഖലകളില് പ്ലാസ്റ്റിക് സര്ജറി പ്രയോജനപ്രദമാകുന്നുണ്ട്. അടുക്കളയില് നിന്നും മറ്റും സംഭവിക്കുന്ന തീപ്പൊള്ളല് ഉൾപ്പെടെയുള്ള അവസ്ഥകളെ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. സൗന്ദര്യ സംബന്ധമായ ചികിത്സാ പരിഗണനകളിലും പ്രധാന പരിഗണന ലഭിക്കേണ്ടി വരുന്നതും സ്ത്രീകൾക്ക് തന്നെയാണലോ. സ്ത്രീകളുടെ ആകാരഭംഗിയും ആത്മവിശ്വാസവും ഉയരർത്തുന്നതിൽ ഇത് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് സർജറിയുടെ പ്രധാന ചികിത്സാപരമായ ഇടപെടലുകളാണ് ഇനി പറയുന്നത്.

  1. ബ്രസ്റ്റ് റീ കൺസ്ട്രക്ഷൻ ആന്റ് ഓഗ്മെന്റേഷന്, ബ്രസ്റ്റ് റിഡക്ഷൻ

സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥകളിൽ പ്രധാനപ്പെട്ടതാണ് സ്തനാർബുദം. പലപ്പോഴും മാസ്റ്റക്ടമി എന്നറിയപ്പെടുന്ന അസുഖബാധിതമായ സ്തനം നീക്കം ചെയ്യുന്ന ചികിത്സയാണ് പ്രതിവിധിയായി നിശ്ചയിക്കപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ രോഗം ഫലപ്രദമായി ഭേദമാക്കാൻ സാധിക്കുമെങ്കിലും നീക്കം ചെയ്യപ്പെടുന്ന സ്തനം സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തെ മികച്ച രീതിയില് തരണം ചെയ്യുവാൻ സ്തന പുനർ നിർമ്മാണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ സ്തനവളർച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കൾ പരിഹരിക്കുവാൻ ഓഗ്മെന്റേഷൻ എന്നറിയപ്പെടുന്ന സ്തനവളർച്ചയുമായി ബന്ധപ്പെട്ട ചികിത്സാ രീതിയും സഹായകരമാകുന്നു. കൂടാതെ അമിത സ്തന വളർച്ച ഉള്ളവർക്ക് അത് കുറയ്ക്കുവാൻ ആവശ്യമായ ചികിത്സയും ഇപ്പോൾ ലഭ്യമാണ്.

  1. ഫേഷ്യൽ റിജുവനേഷൻ

പ്രായം വർധിക്കുന്നതിനനുസരിച്ച് മുഖത്ത് സൃഷ്ടിക്കപ്പെടുന്ന ചുളിവുകൾ പലപ്പോഴും സ്ത്രീകളിലെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുവാൻ ഫേസ് ലിഫ്റ്റ്, ബോട്ടോക്സ് ഇഞ്ചക്ഷൻ, ഡെർമൽ ഫില്ലേഴ്സ് തുടങ്ങിയ രീതികൾ പ്രയോജനകരമാകുന്നു. ഇവയിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളും, വരകളും ചർമ്മം തൂങ്ങിപ്പോകുന്ന അവസ്ഥയും ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. ഇത് യുവത്വവും സൗന്ദര്യവും നിലനിർത്തുന്നതിന് സഹായകരമാവുകയും ചെയ്യുന്നു.

  1. ബോഡി കോണ്ട്യൂരിംഗ്

അമിതവണ്ണവും കൊഴുപ്പും ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികൾക്ക് ബോഡി കോണ്ട്യൂരിംഗ് ഫലപ്രദമായ പരിഹാരമായി മാറുന്നുണ്ട്. ടമ്മി ടക്ക്, ലൈപ്പോസക്ഷന്, ബോഡി ലിഫ്റ്റ് തുടങ്ങിയ രീതികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ അവസ്ഥയെ തരണം ചെയ്യാൻ സാധിക്കും. ഇത് ആകാരവടിവിനും, ശരീരഭാരം കുറയ്ക്കുന്നതിനും സാഹയകരമാകുകയും ചെയ്യുന്നു. നെറ്റിയിലെ ചുളിവുകളും വരകളും ഇല്ലാതാക്കാൻ സഹായകരമാകുന്ന ബ്രോലിഫ്റ്റ്, മുഖത്തെ ചുളിവുകളും തൊലി അയഞ്ഞ് തൂങ്ങുന്നതും തടയാൻ സഹായകരമാകുന്ന ഫെയ്സ് ലിഫ്റ്റ്, അതി സൂക്ഷ്മമായ ചുളിവുകൾ നീക്കം ചെയ്യാൻ സഹായകരമാകുന്ന ലേസർ പീൽ, മുഖക്കുരുവിന്റെ പാടുകൾ നീക്കം ചെയ്യാൻ സഹായകരമാകുന്ന ഡെർമാബ്രേഷൻ, കണ്ണുകൾക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാൻ സഹായകരമാകുന്ന ബ്ലെറോപ്ലാസ്റ്റി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു

  1. റൈനോപ്ലാസ്റ്റി, ഓട്ടോപ്ലാസ്റ്റി

മൂക്കിന്റെ അഭംഗി മുഖകാന്തിക്ക് സൃഷ്ടിക്കുന്ന വൈകൃതത്തെ അതിജീവിക്കുവാൻ റൈനോപ്ലാസ്റ്റി സഹായകരമാകുന്നു. ഇതിലൂടെ മൂക്കിന്റെ വലുപ്പം കൂട്ടുവാനും കുറയ്ക്കുവാനും വൈകല്യങ്ങൾ ഇല്ലാതാക്കുവാനും സാധിക്കും. ചെവികളുടെ വലുപ്പത്തിലെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കുവാനും, ചെവിയുടെ ദളങ്ങൾ ജന്മനാലെ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരമേകുവാനും ഓട്ടോപ്ലാസ്റ്റി സഹായകരമാകുന്നു.

  1. അബ്ഡൊമിനോപ്ലാസ്റ്റി

പ്രസവത്തിന്റെയും മറ്റും ഭാഗമായി വയറിലെ ചർമ്മം അയഞ്ഞ് തൂങ്ങിപ്പോകുന്നത് സ്ത്രീകള് അനുഭവിക്കുന്ന പൊതുവായ ബുദ്ധിമുട്ടാണ്. കുടവയറിനും മറ്റും കാരണമാകുന്ന ഈ അവസ്ഥമൂലം സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പ്രതിവിധിയാണ് അബ്ഡൊമിനോപ്ലാസ്റ്റി. വയറിൽ അടിഞ്ഞ് കൂടിയ കൊഴുപ്പിനേയും അമിത ചർമ്മത്തേയും നീക്കം ചെയ്ത് വയറിലെ പേശികൾ ബലപ്പെടുത്തുന്ന രീതിയാണ് ഇതിൽ അവലംബിക്കുന്നത്.

മുകളിൽ പറഞ്ഞ ചികിത്സാ രീതികളെല്ലാം തന്നെ സങ്കീർണതകൾ നിറഞ്ഞതും ഗൗരവതരമായി സമീപിക്കേണ്ടതുമാണ്. അതിനാൽ തന്നെ ചികിത്സയ്ക്കായി സമീപിക്കുന്ന വ്യക്തി പരിചയ സമ്പന്നനായ പ്ലാസ്റ്റിക് സർജൻ തന്നെയാണെന്നും, അത്യാധുനിക സൗകര്യങ്ങളുള്ള ചികിത്സാകേന്ദ്രമാണെന്നും ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.

Content Highlight: july 15, plastic surgery day

dot image
To advertise here,contact us
dot image