ബലൂചിസ്ഥാൻ സംഘർഷത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്താൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

പാകിസ്താൻ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ബലൂചിസ്ഥാൻ സംഘർഷത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്താൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം
dot image

ന്യൂഡൽഹി: ബലൂചിസ്ഥാനിലെ സമാധാനം തകർക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താൻ ആരോപണം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്താൻ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്താന്റെ ശ്രമമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പാകിസ്താൻ ശ്രദ്ധ കേന്ദ്രീകരിക്കണം. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനം എന്നിവയുടെ ചരിത്രം എല്ലാവർക്കും അറിയാമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നൽകി.

പാകിസ്താനിലെ ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 80 ലേറെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷൻ ഹെറോഫ് 2' ആരംഭിച്ചതായി ബിഎൽഎ നേതൃത്വം പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ ഘട്ടം എന്നാണ് ബിഎൽഎ നേതാക്കളുടെ പ്രതികരണം. പത്ത് മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളിൽ സുരക്ഷാ, സൈനിക, ഭരണപരമായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടെന്നും ബിഎൽഎ അവകാശപ്പെട്ടു. ഇത് സംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബലോച് ലിബറേഷൻ ആർമി ബലോചിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരവധി വിഘടനവാദി സംഘടനകളിൽ ഒന്നാണ്. രാഷ്ട്രീയ സ്വയംഭരണം, വിഭവ നിയന്ത്രണം, വികസനം എന്നിവ സംബന്ധിച്ച പരാതികൾ കാരണം പതിറ്റാണ്ടുകളായി കലാപം നടക്കുന്ന ഒരു പ്രവിശ്യയാണിത്. പാകിസ്താൻ സുരക്ഷാ സേനകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്വം മുമ്പും ഇവർ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്താന്റെ ഏറ്റവും വലിയതും ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതുമായ പ്രവിശ്യയായ ബലൂചിസ്ഥാൻ, വിഘടനവാദി വിമതരും ഭരണകൂടവും തമ്മിലുള്ള കുറഞ്ഞ തീവ്രതയിലുള്ള സംഘർങ്ങളുടെ വേദിയാണ്. വർഷങ്ങളായി അക്രമത്തിന്റെ തീവ്രതയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇടയ്ക്കിടെ നടക്കുന്ന വലിയ ആക്രമണങ്ങളും പ്രത്യാക്രമണ പ്രവർത്തനങ്ങളും ഈ മേഖലയുടെ ചില ഭാഗങ്ങളിൽ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

Content Highlights: India’s Ministry of External Affairs has firmly rejected Pakistan’s allegations that India is involved in violence escalates in Balochistan

dot image
To advertise here,contact us
dot image