
മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ യെമനിലെ വധശിക്ഷയുള്‍പ്പെടെയുള്ള അപരിഷ്കൃത ശിക്ഷാവിധികള്‍ ലോകത്തിന് മുന്നില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. യെമനിലെ പല നിയമങ്ങളും ശിക്ഷാരീതികളും ഒരു പരിഷ്കൃത സമൂഹത്തിന് വിചിത്രമായി തോന്നിയേക്കാവുന്ന തരത്തിലുള്ളതാണ്. ഇതിനെ അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. എങ്കിലും ഇന്നും ലോകത്ത് ഉയര്‍ന്ന വധശിക്ഷാ നിരക്കിന് കുപ്രസിദ്ധമായ രാജ്യമാണ് യെമന്‍.
പ്രായപൂര്‍ത്തിയാകാത്തവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ വിചാരണ ചെയ്യപ്പെടുന്നവരെയും സാമൂഹിക-മാനസിക വൈകല്യങ്ങളുള്ളവരെയും വരെ വധശിക്ഷയ്ക്ക് വിധിക്കാന്‍ മടിയില്ലാത്ത, നിയമങ്ങളുള്ള ഒരു രാജ്യമാണ് യെമന്‍. അന്താരാഷ്ട്ര തലത്തില്‍ നടപ്പിലാക്കിയിട്ടുള്ള നടപടിക്രമങ്ങളുടെ ലംഘനം, നിര്‍ബന്ധിത കുറ്റസമ്മതം, പരിമിതമായ നിയമസഹായം തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യം കൂടിയാണിത്. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ പലതവണ രംഗത്തെത്തിയിട്ടുണ്ട്.
വെടിവച്ചും, കല്ലെറിഞ്ഞും, തൂക്കിലേറ്റിയും, തലവെട്ടിയും വധശിക്ഷ നടപ്പിലാക്കാന്‍ രാജ്യത്ത് നിയമമുണ്ടെങ്കിലും കല്ലെറിഞ്ഞ് കൊല്ലുന്ന രീതി അടുത്ത കാലങ്ങളില്‍ നടപ്പാക്കിയതായി റിപ്പോര്‍ട്ടുകളില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിക്ക് മാപ്പ് നല്‍കാന്‍ അധികാരമുള്ളത് യെമന്റെ പ്രസിഡന്റിന് മാത്രമാണ്. കൂടാതെ രാജ്യത്തെ ഏത് കോടതി ആര്‍ക്ക് വധശിക്ഷ വിധിച്ചാലും അത് പ്രസിഡന്റ് അംഗീകരിച്ചാല്‍ മാത്രമെ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. പരസ്യമായും, വധശിക്ഷയ്ക്കായി തയ്യാറാക്കിയ പ്രത്യേക സ്ഥലത്തുവച്ചും ശിക്ഷാവിധി നടപ്പാക്കാറുണ്ട്.
ശരീഅത്ത് നിയമങ്ങളുള്ള ക്രിമിനല്‍ കോടതികള്‍ക്ക് കീഴിലാണ് യെമനിലെ വിചാരണകള്‍ നടക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, വിധി ന്യായങ്ങള്‍ പലപ്പോഴും പുരുഷസാക്ഷികളുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ന്യായമായ വിചാരണ മാനദണ്ഡങ്ങള്‍ നടക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ വധശിക്ഷ ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ യെമനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യെമന്‍ അതൊന്നും ചെവികൊണ്ടിട്ടില്ല.
കൊലപാതകം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, തീവ്രവാദം, ബലാത്സംഗം, ലഹരി കൈവശംവയ്ക്കല്‍, സ്വവര്‍ഗരതി, രാജ്യദ്രോഹം, ചാരവൃത്തി, സൈനിക കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചെയ്ത പ്രതികള്‍ക്ക് യെമന്റെ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം വധശിക്ഷ വിധിക്കാം.
സ്വവര്‍ഗരതി രാജ്യത്ത് അനുവദനീയമല്ലാത്തതിനാല്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ അനുരാഗവും വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ലോകത്തിന്റെ സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ അന്താരാഷ്ട്ര ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 6 പ്രകാരം 'ഗുരുതരമല്ലാത്ത കുറ്റങ്ങള്‍' എന്ന് പട്ടികപ്പെടുത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് പോലും യെമനില്‍ വധശിക്ഷ ലഭിച്ചേക്കാം.
സ്വവര്‍ഗരതി രാജ്യത്ത് അനുവദനീയമല്ലാത്തതിനാല്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ അനുരാഗവും വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. യെമനില്‍ വധശിക്ഷ നടത്തുന്നത് രണ്ട് തരത്തിലാണ്. പരസ്യമായ വധശിക്ഷയും, അധികാരികള്‍ മാത്രം സന്നിഹിതരായി നടത്തുന്ന ശിക്ഷയുമുണ്ട്. പരസ്യമായി വധശിക്ഷ നടപ്പാക്കുക എന്നുള്ളത് തികച്ചും സാധാരണമാണ്. ഇത് ഇടയ്ക്കിടെ യെമനില്‍ അരങ്ങേറാറുമുണ്ട്.
യെമന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 485, 487 എന്നിവ പ്രകാരം വധശിക്ഷ വിധിക്കപ്പെട്ടാല്‍ അത് എത്രയുംപെട്ടെന്ന് നടപ്പാക്കണം. അത് കുറ്റമറ്റതായി കൃത്യതയോടെ നടപ്പാക്കുക എന്നുള്ളതാണ് യെമന്‍റെ രീതി. തലവെട്ടുകയാണെങ്കില്‍ ഒറ്റ വെട്ടോടെ കുറ്റവാളി കൊല്ലപ്പെടണം. വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ മരണസാധ്യത കൂടുതലുള്ള ഭാഗത്ത് വെടിവയ്ക്കുക, മരണം സ്ഥിരീകരിക്കുന്നത് വരെ വെടിയുതിര്‍ക്കുക എന്നുള്ളതാണ് രീതി. കല്ലെറിഞ്ഞുള്ള ശിക്ഷാവിധിയാണ് നടപ്പിലാക്കുന്നതെങ്കില്‍ പ്രതി കൊല്ലപ്പെടുന്നത് വരെ നിരന്തരം കല്ലെറിഞ്ഞുകൊണ്ടിരിക്കും. കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പിലാക്കാന്‍ സാക്ഷികളുടെ സാന്നിധ്യവും മതനിയമങ്ങള്‍ അനുശാസിക്കുന്ന വിശ്വസ്തരുടെ സാന്നിധ്യവും ഉറപ്പുവരുത്തും.
വധശിക്ഷ നടപ്പാക്കിയ ശേഷം മൃതദേഹം പൊതുപ്രദര്‍ശനത്തിനായി തടിയില്‍ കെട്ടിത്തൂക്കുന്ന പ്രാകൃത രീതിയും യെമനന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 486ല്‍ ഉള്‍പ്പെടുന്നുണ്ട്. മൂന്ന് ദിവസം വരെ മൃതദേഹം ഇപ്രകാരം പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുവാദമാണ് ഭരണഘടന നല്‍കുന്നത്. കല്ലെറിയലും, തൂക്കിക്കൊലയും നിയമപരമാണെങ്കിലും നിലവില്‍ യെമനില്‍ വധശിക്ഷ നടപ്പാക്കുന്നത് വെടിയുതിര്‍ത്താണ്. തൂക്കുകയറും, ശിരച്ഛേദവും നടന്നിട്ടുണ്ടെങ്കിലും സമീപകാലത്തൊന്നും കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
പരവതാനിയില്‍ കിടത്തി, കുറ്റവാളിയുടെ പിന്നില്‍ നിന്ന് നട്ടെല്ലിലേക്ക് ഒന്നിലധികം തവണ വെടിയുതിര്‍ത്താണ് വധശിക്ഷ നിലവില്‍ നടപ്പാക്കുന്നത്. നട്ടെല്ലിലെ കശേരുക്കള്‍ തകര്‍ന്ന് പ്രതി മരണപ്പെടും. പിന്നീട് മെഡിക്കല്‍ പ്രൊഫഷണലെത്തി മരണം സ്ഥിരീകരിക്കും. ഇനി യെമനിലെ നിയമമായ ഹുദൂദ് പ്രകാരം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അതിന്റെ ഭാഗമായി വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ചാട്ടവാറടിയും നടപ്പിലാക്കും.
ചരിത്രകാലം മുതല്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി വധശിക്ഷ നടപ്പിലാക്കുന്നുണ്ടെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെ വധശിക്ഷ നിര്‍ത്തലാക്കാനുള്ള നടപടികളും രാജ്യങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. 2015 ന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയിട്ടുള്ളത് 2024ല്‍ ആണ്. വിവിധ രാജ്യങ്ങളിലായി 1500 പേരാണ് വധിക്കപ്പെട്ടത്. അതുപോലെ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കപ്പെട്ട രാജ്യം ചൈനയാണ്. രണ്ടാമത് ഇറാനും. ഇന്ന് വധശിക്ഷ നിലവിലുള്ള രാജ്യങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമാണ് വധശിക്ഷ നടപ്പാക്കുന്നത്. എന്നാല്‍ പരിഷ്കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം വധശിക്ഷ പ്രാകൃതമായും മനുഷ്യാവകാശ ലംഘനമായുമാണ് കണക്കാക്കുന്നത്. 97 രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്.
Content Highlight; Nimisha Priya Case: Why It’s Complex and Yemen’s Death Penalty Rules