
സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസിൽ എന്നും അദ്ദേഹത്തോട് ആ ഒരു കാര്യത്തിൽ തനിക്ക് അസൂയ ഉണ്ടെന്നും നടന്‍ വിനയ് ഫോർട്ട്. നമ്മുടെ കൂടുതൽ സമയവും പാഴാക്കി കളയുന്നത് സോഷ്യൽ മീഡിയയിൽ ആണെന്നും സ്റ്റാർ ആയിട്ട് സോഷ്യൽ മീഡിയയും സ്മാർട്ട് ഫോണും ഉപേക്ഷിക്കണമെന്നും വിനയ് ഫോർട്ട് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ ഏറ്റവും കൂടുതൽ സമയം മൊബൈൽ അപഹരിക്കുന്നുണ്ട്. ഫഹദിന് സ്മാർട്ട് ഫോൺ ഇല്ല. ചെറിയൊരു ഫോൺ ആണ് ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം ഒന്നുമില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ കാര്യത്തിൽ ഫഹദിനോട് അസൂയ ഉണ്ട്. ഞാൻ വിചാരിക്കുന്നത് എന്നെങ്കിലും ഒരു സ്റ്റാർ ആകുമ്പോൾ ഇതുപോലെ സ്മാർട്ട് ഫോൺ ഉപേക്ഷിക്കണം എന്നാണ്. ആളുകൾ വിളിക്കുമ്പോൾ മാത്രം ഫോൺ എടുക്കണം.
ഇൻസ്റ്റാഗ്രാമിൽ എല്ലാ ആവശ്യമില്ലാത്ത കണ്ടെന്റുകളും നമ്മുടെ ഫീഡിൽ വരും. അർഹത ഇല്ലാത്ത ആളുകളെപോലും ആഘോഷിക്കുന്ന ഇടം കൂടെയാണ് സോഷ്യൽ മീഡിയ. അവിടെ കല, സത്യസന്ധത അതിനൊന്നും വില ഇല്ല, ഇതെല്ലം കണ്ടിട്ട് ഞാൻ എന്നോട് തന്നെ ഇത് എന്തിനാ കണ്ടത് എന്ന് ചോദിക്കും. സ്റ്റാർ ആയിട്ട് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ നിൽക്കുകയാണ്, പക്ഷെ നടക്കുന്നില്ല,' എന്നായിരുന്നു വിനയ് ഫോർട്ട് പറഞ്ഞത്.
അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വിനയ് ഫോർട്ടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദിന്റെ ചേട്ടനായാണ് സിനിമയിൽ തന്റെ കഥാപാത്രമെന്ന് വിനയ് പറഞ്ഞിരുന്നു.
Content Highlights:Vinay Forrt says Fahadh Faasil doesn't have a smartphone or Instagram