
അപൂർവ കാൻസർ രോഗത്തിന് കാരണമാവുന്ന മ്യൂട്ടേഷൻ സംഭവിച്ച ജീനുള്ള യുവാവ് നൽകിയ ബീജത്തിലൂടെ ജനിച്ചവരിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദി ഗാർഡിയൻ ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. യൂറോപ്യൻ യൂണിയനിലെ 8 രാജ്യങ്ങളിലായി 67 കുഞ്ഞുങ്ങൾക്ക് വേണ്ടി ഇയാളുടെ ബീജം ഉപയോഗിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കാൻസറിന് കാരണമാവുന്ന ജീനിന് മ്യൂട്ടേഷൻ സംഭവിച്ചതിലൂടെ ബീജദാനത്തിന് മുമ്പായി നടത്തിയ സ്റ്റാൻഡേർഡ് സ്‌ക്രീനിംഗുകളിൽ ഇയാൾ പാസായിരുന്നു. 2008 നും 2015 നും ഇടയിലാണ് ഇയാൾ തന്റെ ബീജം ദാനം ചെയ്തത്. ലി-ഫ്രോമെനി സിൻഡ്രോമുമായി ബന്ധപ്പെട്ട് മ്യൂട്ടേഷൻ സംഭവിച്ച ജീനുള്ള വ്യക്തി യൂറോപ്പിലെ 46 കുടുംബങ്ങളിൽ നിന്നുള്ള 67 കുട്ടികൾക്ക് ജന്മം നൽകി.
23 കുട്ടികളിൽ ഈ ജീൻ വകഭേദം കണ്ടെത്തുകയും, അവരിൽ 10 പേർക്ക് കാൻസർ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 10 കുട്ടികൾക്ക് രക്താർബുദം, നോൺ-ഹോഡ്ജ്കിൻ ലിംഫോമ തുടങ്ങിയ രോഗങ്ങളാണ് കണ്ടെത്തിയത്. ഇയാളുടെ ബീജം വിതരണം ചെയ്ത യൂറോപ്യൻ സ്‌പേം ബാങ്ക് മ്യൂട്ടേഷൻ വന്ന ജീനിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ട് കുടുംബങ്ങൾ ഫെർട്ടിലിറ്റി ക്ലിനിക്കുകളുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
TP53 ജീനിലെ മ്യൂട്ടേഷനുകൾ മൂലമുണ്ടാകുന്ന അപൂർവ പാരമ്പര്യ രോഗമാണ് ലി-ഫ്രൗമേനി സിൻഡ്രോം. ഈ അവസ്ഥയുള്ള ആളുകൾക്ക് 60 വയസ്സ് ആകുമ്പോഴേക്കും ഏതെങ്കിലും തരത്തിലുള്ള കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പലർക്കും 40 വയസ് ആവുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ രോഗം സ്ഥിരീകരിക്കാറുണ്ട്.
വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിലാണ് ബീജ ദാനം നടക്കുന്നതും ഇതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതും. യുകെയിൽ ഒരു വ്യക്തിക്ക് 10 പേർക്ക് മാത്രമേ ബീജം നൽകാൻ പാടുള്ളു. ഇന്ത്യയിൽ ഇത് ഒരു കുട്ടിക്ക് മാത്രമാണ്. നിലവിൽ ബീജം ദാനം ചെയ്ത യൂറോപ്യൻ സ്‌പേം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഒരു വ്യക്തിക്ക് 75 പേർക്ക് വരെ ബീജം ദാനം ചെയ്യാൻ സാധിക്കും.
Content Highlights: Sperm donor with cancer gene gives birth to 67 children in 8 countries