ഒന്നിച്ച് നേരിടുമെന്ന് ഭര്‍ത്താവ്, അമ്മയെപ്പോലെ കൂടെ നിന്ന ശൈലജ ടീച്ചര്‍;കൊവിഡ് കാല ഓര്‍മകള്‍ പങ്കുവച്ച് രേഷ്മ

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിക്കുകയും ഭേദമാവുകയും വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകയാണ് രേഷ്മ മോഹന്‍ദാസ്

ഷെറിങ് പവിത്രൻ
1 min read|12 May 2025, 12:12 pm
dot image

ഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു മെയ് മാസത്തിലാണ് രേഷ്മ കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഭൂമിയിലെ മാലാഖമാരുടെ ഈ ദിനത്തില്‍ രേഷ്മ മോഹന്‍ദാസെന്നെ നഴ്‌സിനെ ഓര്‍ക്കാതെ പോകുവതെങ്ങനെ. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിക്കുകയും ഭേദമാകുകയും തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകയാണ് രേഷ്മ മോഹന്‍ദാസ്. ജോലിക്കിടയില്‍ കിട്ടിയ ഇടവേളയില്‍ ഇത്തിരിനേരം ഒരു നെടുവീര്‍പ്പോടെ രേഷ്മ ആ കൊവിഡ് കാലം ഓര്‍ത്തെടുത്തു.

'ഞാനന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഐസിയുവില്‍ ജോലി ചെയ്യുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ ശാരീരികമായി ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പനിയൊന്നുമില്ല. പക്ഷേ ശബ്ദത്തിന് ചെറിയ മാറ്റം. ശക്തമായ തലവേദനയും ശരീര വേദനയും. ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഹെഡ് നെഴ്‌സിനെ വിളിച്ചു കാര്യം പറഞ്ഞു. അന്ന് തന്നെ സ്രവ പരിശോധന നടത്തി ഒരു റൂമിലേക്ക് മാറ്റി'.

കൊവിഡ് ബാധിച്ച റാന്നി സ്വദേശികളായ 93 വയസുളള തോമസിനെയും 85 വയസുള്ള മറിയാമ്മയേയും പരിചരിച്ചിരുന്ന 16 അംഗ സംഘത്തിലെ അംഗമായിരുന്നു രേഷ്മ. മുതിര്‍ന്ന ദമ്പതികള്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ അറിയിക്കണം എന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തയ്യാറാണെന്ന് ഒട്ടും മടിക്കാതെ രേഷ്മ അറിയിക്കുകയും ചെയ്തു.

രേഷ്മ വീണ്ടും ഓര്‍മകളിലേക്ക് നടന്നു….
'ഐസിയുവിനുള്ളില്‍ത്തന്നെ ആയതുകൊണ്ട് നാല് മണിക്കൂറാണ് ജോലി. ഈ നാല് മണിക്കൂറിനിടയ്ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. പ്രാഥമിക കൃത്യങ്ങള്‍ മുതല്‍ പല്ല് തേപ്പിക്കലും കുളിപ്പിക്കുകയും അടക്കം അപ്പച്ചന്റെയും അമ്മച്ചിയുടെയും എല്ലാ കാര്യങ്ങളും ചെയ്യണം. പിപിഇ ധരിച്ച് കയറുന്നതുകൊണ്ട് മുഖം കാണാന്‍ വയ്യെങ്കിലും അപ്പച്ചാ… അമ്മച്ചി… എന്ന് വിളിക്കുമ്പോള്‍ ശബ്ദത്തിലൂടെ അവര്‍ക്ക് ഞങ്ങളെയെല്ലാം തിരിച്ചറിയാം. 12 ദിവസമാണ് ഞാന്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.

പിന്നെയാണ് എനിക്ക് ലക്ഷണങ്ങള്‍ വന്ന് റൂമിലേക്ക് മാറ്റിയത്. പരിശോധനാഫലം പോസിറ്റീവാണെന്ന് പറയാന്‍ വന്നത് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലെ ഡോ. ഹരികൃഷ്ണനാണ്. അദ്ദേഹം പിപിഇ കിറ്റ് ധരിച്ച് കയറി വന്നപ്പോഴേ എനിക്ക് ഉറപ്പായി ഞാന്‍ കൊവിഡ് പോസിറ്റീവാണെന്ന്. ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു. ഇല്ല ഡോക്ടര്‍ എനിക്ക് പേടിയൊന്നും ഇല്ലന്ന് ഞാനും പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് ബാധിച്ചു എന്ന വിവരം ആരോഗ്യമന്ത്രി അനൗണ്‍സ് ചെയ്യും അതിന് മുന്‍പ് എന്നോട് പറയാന്‍ വന്നതാണ് ഡോ. ഹരികൃഷ്ണന്‍. എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ വിളിച്ചുപറഞ്ഞു. ' നമ്മള്‍ ഒന്നിച്ച് നേരിടും. നീ വന്നിട്ട് കാണാനിരിക്കുകയാണ്' എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. സഹപ്രവര്‍ത്തകരും ധൈര്യം നല്‍കി.12 ദിവസത്തോളം രോഗാവസ്ഥയില്‍ കഴിഞ്ഞു.

ഇടയ്ക്ക് ലക്ഷണങ്ങള്‍ കൂടുകയും കുറയുകയും ഒക്കെ ചെയ്തു. തൊണ്ടവേദനയുണ്ടായിരുന്നപ്പോള്‍ വെള്ളം കുടിച്ചാല്‍ പോലും വേദനയായിരുന്നു. കൂടെ തലവേദനയും ശരീര വേദനയും. ഉറക്കം കുറയുന്നു, രുചിയും മണവും അറിയുന്നില്ല. ആകെ വല്ലാത്ത അവസ്ഥ. രോഗം കുറയാന്‍ തുടങ്ങിയ അവസരത്തില്‍ ഒരു ദിവസം മുറി വൃത്തിയാക്കുന്ന ലോഷന്റെ മണം മൂക്കിലേക്ക് വന്നപ്പോഴാണ് എനിക്ക് ഇത്രയും നാള്‍ മണം അറിയില്ലായിരുന്നല്ലോ എന്ന തിരിച്ചറിവുണ്ടായിരുന്നത്. കൊവിഡ് നെഗറ്റീവ് ആയ ശേഷം റിവ്യു എടുക്കാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ റാന്നിയിലെ അപ്പച്ചനും അമ്മച്ചിയും എന്നെപോലെ അവിടെ വന്നിട്ടുണ്ടായിരുന്നു. സംസാരിച്ചപ്പോള്‍ ശബ്ദം കൊണ്ട് അവര്‍ക്കെന്നെ മനസിലായി. അവരും എന്നെ കാണാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു എന്നുപറഞ്ഞു. അതൊക്കെ ഒരു യാദൃച്ഛികമായിട്ടാണ് തോന്നിയത്.

ശൈലജ ടീച്ചര്‍ അമ്മയെപോലെ കൂടെനിന്നു

അസുഖം സ്ഥിരീകരിച്ചതിന്റെ പിറ്റേദിവസം അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ വിളിയെത്തി. ഒരു ഗ്രാമപ്രദേശത്ത് ജനിച്ചുവളര്‍ന്ന എനിക്ക് മന്ത്രിയോട് സംസാരിക്കുക എന്നത് വളരെ വലിയ കാര്യമായിരുന്നു. ടീച്ചര്‍ വിളിച്ചിട്ട് ' മോളേ എന്ത് പറ്റി' എന്ന് ചോദിച്ചപ്പോള്‍ എന്റെ എല്ലാ ടെന്‍ഷനും മാറി. ആവശ്യത്തിന് സുരക്ഷാ ഉടുപ്പുകളൊക്കെ ഉണ്ടായിരുന്നില്ലേ, എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചു. വിഷമിക്കേണ്ട എല്ലാ പിന്തുണയും തന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കും എന്ന് ഉറപ്പ് നല്‍കി. രണ്ടാമത് ടീച്ചറ് വിളിക്കുന്നത് ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ്. അന്നും ധൈര്യമാണ് തന്നത്. സ്വസ്ഥമായി കുറച്ച് ദിവസം വീട്ടില്‍ എല്ലാവരുടെയും കൂടെ കഴിഞ്ഞിട്ട് വരൂ എന്നാണ് പറഞ്ഞത്.

നഴ്‌സ് എന്ന നിലയില്‍ അഭിമാനിക്കുന്നു

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.കോവിഡ് കാലം തന്നിട്ട് പോയത് കുറെയേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ്. ഇപ്പോഴും അതില്‍ നിന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇതൊക്കെ കൊവിഡ് കാരണം ആണോ എന്ന് ചോദിച്ചാല്‍ സയന്റഫിക്കായി പറയാന്‍ കയ്യില്‍ തെളിവുകളും ഇല്ല. ദൂരയാത്രയും, ഏറെനേരം നില്‍ക്കലും ഇപ്പോള്‍ പറ്റുന്നില്ല. ഇതൊക്കെ നഴ്‌സിന്റെ ജോലിയുടെ ഭാഗമാണല്ലോ. ഏറെ നേരം നിന്ന് ജോലി ചെയ്യുന്നത് എനിക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് ആണ്. കാലില്‍ സര്‍ജറി കഴിഞ്ഞു. എങ്കിലും ഇപ്പോളും കുറെ സമയം നില്‍ക്കുമ്പോള്‍ വേദനയുണ്ട്. ഈ ജോലി എന്റെ ഇഷ്ടം തന്നെയാണ്. അതുകൊണ്ട് വിട്ടുകൊടുക്കാതെ ഇപ്പോഴും മുന്നോട്ട് പോകുന്നു.

Content Highlights :Reshma Mohandas is the first healthcare worker in the country to be infected with COVID-19, recover from the illness, and return to work
dot image
To advertise here,contact us
dot image