

കയ്യിലൊരു മുറിവ് പറ്റിയാൽ കൊടുക്കുന്ന മുൻഗണന പോലും പലപ്പോഴും മനസ്സിനുണ്ടാവുന്ന മുറിവുകൾക്ക് പലരും നൽക്കാറില്ല. എന്നാൽ ശാരീരിക ആരോഗ്യം എത്രത്തോളം പ്രാധാന്യമുള്ളതാണോ അതേ പ്രാധാന്യം തന്നെ മാനസിക ആരോഗ്യത്തിനും നൽകേണ്ടതാണ്. പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ നമുക്ക് ചുറ്റുമുണ്ട്. ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്നവരും മറ്റുള്ളവരോട് തങ്ങളുടെ പ്രശ്നങ്ങൾ പറയാനാവാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. ഇത്തരത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരെ ചേർത്ത് നിർത്താനും മാനസികാരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽക്കാനുമുള്ള സന്ദേശമാണ് മാനസികാരോഗ്യ ദിനം നൽകുന്നത്. ഒക്ടോബർ പത്താണ് ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. മാനസികാരോഗ്യ അവബോധം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു. 1992 -ൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്താണ് മാനസികാരോഗ്യത്തിന് ഊന്നൽ നൽകി ലോകാരോഗ്യ ദിനം ആചരിക്കാൻ തുടങ്ങുന്നത്.

ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിൻ്റെ തീം ജോലി സ്ഥലത്തെ മാനസികാരോഗ്യമാണ്. ലോക ജനസംഖ്യയുടെ 60 ശതമാനം ആളുകളും പല തരത്തിലുള്ള ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ പലരും തങ്ങളുടെ നാടിനെയും വീടിനെയും വേണ്ടപ്പെട്ടവരെയും വിട്ട് ദൂര സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. അത്കൊണ്ട് തന്നെ ജോലി സ്ഥലങ്ങളിലെ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. അമിത ജോലി ഭാരവും, കുറ്റപ്പെടുത്തലും, ഒറ്റപ്പെടലും എല്ലാം വ്യക്തികളെ വലിയ ജീവിത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടേക്കാം. ജോലി മാത്രമായി മാറിയാൽ ഏറെ മടുപ്പും വിരക്തിയും ജീവിതത്തോട് ഉണ്ടാക്കിയേക്കാം. ജോലി ഭാരം താങ്ങാനാവാതെ ഈ അടുത്തുണ്ടായ ഇ വൈ കമ്പനിയിലെ ജീവനക്കാരിയുടെ മരണവുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. പാൻഡെമിക്കിന് ശേഷവും ലോകത്താകമാനം വർക്ക് കൾച്ചറിൽ ഉണ്ടായ മാറ്റങ്ങൾ ഈ പ്രശന്ങ്ങൾക്ക് ആക്കം കൂട്ടി. പല കമ്പനികളിലും തങ്ങൾ നേരിട്ട നഷ്ടത്തെ പരിഹരിക്കാനായി ജീവനക്കാരെ ചൂഷണം ചെയ്യ്തു. പല ജോലി സ്ഥലങ്ങളിലും ചെയ്യുന്ന ജോലിക്ക് അഭിനന്ദനം ലഭിക്കാതെ വരുന്നതും വലിയ പ്രശ്നമായി തുടരുന്നു.

ഓപ്പൺ കമ്മ്യൂണിക്കേഷൻ, ഫ്ലെക്സിബിളായ ജോലി ക്രമീകരണങ്ങൾ, വെൽനസ് പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഈ അവസ്ഥയിൽ നിന്ന് കാര്യമായ മാറ്റമുണ്ടാക്കാൻ കഴിയും. ജീവനക്കാരുടെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും അതിനനുസരിച്ച പ്രതിഫലം നൽകുകയും ചെയ്യുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. വ്യക്തമായ വർക്ക്-ലൈഫ് ബാലൻസ് പോളിസികൾ സ്ഥാപിക്കേണ്ടത് കമ്പനികളുടെ കൂടി കടമയായി കാണണം. ഇതോടൊപ്പം വ്യക്തികളും കൃത്യമായ അതിർവരമ്പുകൾ സജ്ജീകരിക്കേണ്ടതുണ്ട്. ജോലിക്കും വ്യക്തിജീവിതത്തിനും ഇടയിൽ വ്യക്തമായ അതിർവരമ്പുകൾ സജ്ജീകരിക്കാനും, സഹപ്രവർത്തകരുമായും സൂപ്പർവൈസർമാരുമായോ എച്ച്ആർയുമായോ തങ്ങളുടെ ആശങ്കകൾ അറിയിക്കാനും മടിക്കരുത്. ഇതോടൊപ്പം മതിയായ ഉറക്കം, സമീകൃതാഹാരം, ജലാംശം നിലനിർത്തൽ എന്നിവയിലൂടെ സ്വയം പരിചരണത്തിനും മുൻഗണന നൽകുക. ഇത്തരത്തിലും തൊഴിലാളിയും തൊഴിൽദാതാവും ചേർന്ന് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം നിർമ്മിക്കാം.
Content Highlight- World Mental Health Day; A healthy work environment and mental health in work place