മുംബൈ ഭീകരാക്രമണത്തിൻ്റെ ഓർമ്മകളെ തുടച്ചുനീക്കിയ ഇച്ഛാശക്തി; രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹി

മുംബൈ ഭീകരാക്രമണത്തിൻ്റെ ദുരന്ത പ്രതീകമായി നിലനിൽക്കേണ്ടതല്ല താജിൻ്റെ പ്രൗഢിയെന്ന്‌ രത്തൻ ടാറ്റയ്ക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു

മുംബൈ ഭീകരാക്രമണത്തിൻ്റെ ഓർമ്മകളെ തുടച്ചുനീക്കിയ ഇച്ഛാശക്തി; രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹി
dot image

2008 നവംബര്‍ 26 രത്തന്‍ ടാറ്റയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതംകടന്നുപോയ അതി സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ക്ക് തുടക്കം കുറിച്ച ദിവസങ്ങളായിരുന്നു. നവംബര്‍ 26 നായിരുന്നു ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായിരുന്ന മുംബൈയില്‍ ഭീകരാക്രമണം നടന്നത്. നഗരം ഭയന്നുവിറച്ചു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. നാല് ദിവസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിലും കലാപത്തിലും 166 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

തീവ്രവാദികള്‍ ലക്ഷ്യമിട്ടയിടങ്ങളില്‍ ടാറ്റയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന താജ്മഹല്‍ പാലസ് ഹോട്ടലും ഉണ്ടായിരുന്നു. മുബൈയുടെ പ്രധാനപ്പെട്ട ലാൻഡ് മാർക്കുകളിൽ ഒന്നായിരുന്ന താജ് ഹോട്ടലിനുള്ളിൽ തീവ്രവാദികൾ കടന്നു കയറിയതോടെ ഏതാണ്ട് മൂന്ന് ദിവസത്തോളം രാജ്യം ആശങ്കയോടെ താജ് ഹോട്ടലിൻ്റെ ചുറ്റും നിലയുറപ്പിച്ചു. ഹോട്ടലിനുളളില്‍ കടന്ന ഭീകരന്മാർ അവിടുത്തെ താമസക്കാരെയും ജീവനക്കാരെയും ആയുധനമുനയിൽ നിർത്തി. രാജ്യം ഭയത്തിന്റെ മുള്‍മുനയിലായി. രാജ്യം കണ്ട ഏറ്റവും സങ്കീർണ്ണമായ രക്ഷാദൗത്യത്തിനൊടുവിലാണ് അന്ന് താജ് ഹോട്ടലിലെ ബന്ദികളെ ഇന്ത്യൻ കമാൻഡോകൾ ഭീകരവാദികളിൽ നിന്ന് രക്ഷിച്ചത്. ദിവസങ്ങൾ നീണ്ട ഭീകരാക്രമണത്തിൽ താജ് ഹോട്ടലിന് വ്യാപകമായ കേടുപാടുകളാണ് സംഭവിച്ചത്. താജ്മഹല്‍ പാലസ് ഹോട്ടലിന് അന്ന് 400 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. പക്ഷേ ഹോട്ടലിലെ ജീവനക്കാരെല്ലാവരും തങ്ങളുടെ പാരമ്പര്യത്തിന് അനുസൃതമായി ഹോട്ടലിലെ അതിഥികളെ ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ തങ്ങളെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തു. ആരും ഹോട്ടലില്‍ നിന്ന് സ്വന്തംജീവനുവേണ്ടി രക്ഷപെടാന്‍ തയ്യാറായില്ല. അതിഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വന്തം ജീവന്‍ പോലും ബലി നല്‍കാന്‍ അവര്‍ തയ്യാറായി. കേടുപാടുകൾ സംഭവിച്ച താജ് മുംബൈ ഭീകരാക്രമണത്തിൻ്റെ നടുക്കുന്ന ഓർമ്മയുടെ പ്രതീകമായി ഈ ദിവസങ്ങളിൽ മാറി.

അവിടെയാണ് രത്ത ടാറ്റയുടെ ഇച്ഛാശക്തി പ്രകടമായത്. ആക്രമണത്തിൽ പരിക്കേറ്റ തന്റെ ജീവനക്കാരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ കുടുംബവും ബന്ധുക്കളെയും നഷ്ടപ്പെട്ടവരെ പൂര്‍ണ്ണ ഹൃദയത്തോടെ ആശ്വസിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. ആക്രമണം നടന്ന് രണ്ട് ആഴ്ചയ്ക്കുളളില്‍ത്തന്നെ താജ് പബ്ലിക് സര്‍വ്വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിച്ചു. കൊല്ലപ്പെട്ട ഓരോ ജീവനക്കാരന്റെയും കുടുംബത്തിന് 36 ലക്ഷം മുതല്‍ 85 ലക്ഷം രൂപവരെ അദ്ദേഹം നല്‍കി. വിരമിക്കുന്ന തീയതി വരെ ഓരോ മാസവും പൂര്‍ണ്ണ ശമ്പളം. മരിച്ചുപോയ തന്റെ ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം കൂടി ലഭിക്കുന്നുണ്ടെന്ന് രത്തന്‍ ടാറ്റ ഉറപ്പുവരുത്തി. അപകടത്തിൽപ്പെട്ട സ്വന്തം ജീവനക്കാരോട് മാത്രമായിരുന്നില്ല ആ കരുതൽ.

മുംബൈ ഭീകരാക്രമണത്തിൻ്റെ ദുരന്ത പ്രതീകമായി നിലനിൽക്കേണ്ടതല്ല താജിൻ്റെ പ്രൗഢിയെന്ന്‌ രത്തൻ ടാറ്റയ്ക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു. കോടികളുടെ നഷ്ടമായിരുന്നു അന്ന് ഹോട്ടലിന് സംഭവിച്ചത്. ഭീകരാക്രമണത്തിൻ്റെ ഏറ്റവും ഭയാനകമായ ഓർമ്മകളിൽ നിന്ന് മുംബൈയ്ക്ക് തിരിച്ച് വരണമെങ്കിൽ അതിൻ്റെ പ്രതീകമെന്ന ഭയനാക കാഴ്ചകളിൽ നിന്ന് താജിനെ തിരിച്ചു പിടിക്കേണ്ടിയിരുന്നു. മുബൈയിൽ ഭീകരർ അവശേഷിപ്പിച്ച ആക്രമണത്തിൻ്റെ ഏറ്റവും ഭയാനകമായ സ്മാരകം താജ് തന്നെയായിരുന്നു. ഭീകരാക്രമണത്തിന് ശേഷം മുംബൈ നിവാസികൾ നടുക്കുന്ന ഓർമ്മകളുടെ ഭയത്തിന് കീഴ്‌പ്പെട്ടിരുന്നു. ഈ ഭയത്തിൻ്റെ ഓർമ്മപ്പെടുത്തലായി താജ് നിൽക്കാൻ പാടില്ലെന്ന രത്തൻ ടാറ്റയുടെ തിരിച്ചറിവായിരുന്നു പിന്നീട് കണ്ടത്. വളരെ വേഗത്തിൽ പഴയതിലും ഗാംഭീര്യത്തോടെ താജ് പഴയ നിലയിലേയ്ക്ക് തിരിച്ചുവന്നു. ഭീകരാക്രമണത്തിൻ്റെ അടയാളങ്ങളെല്ലാം മുംബൈയുടെ ശരീരത്തിൽ നിന്നും തുടച്ചുമാറ്റുന്ന ദൗത്യമായി അത് മാറി. മുംബൈ നിവാസികളുടെ മനസ്സിൽ നിന്നും ഭീകരാക്രമണത്തിൻ്റെ ഭീതിനിറഞ്ഞ ഓർമ്മകൾ കൂടിയായിരുന്നു ഇതോടെ തുടച്ച് നീക്കപ്പെട്ട്. പ്രതിസന്ധികളെ ഞങ്ങൾ അതിജീവിച്ചു എന്ന മുംബൈ നിവാസികളുടെ പ്രഖ്യാപനം കൂടിയായി താജിൻ്റെ നവീകരണം മാറി. കരുത്തോടെയും ഉൾക്കാഴ്ചയോടും വിശാലമായ മാനവിക ബോധത്തോടെയുമായിരുന്നു ഭീകരാക്രമണം സൃഷ്ടിച്ച പ്രതിസന്ധികളെ രത്തൻ താറ്റ മറികടന്നത്. രത്തൻ ടാറ്റയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടായി ഈ കാലഘട്ടം അതിനാൽ തന്നെ അടയാളപ്പെടുത്തപ്പെടും.

Content Highlights :The Terrorist Attack on the Taj Mahal Palace Hotel and the Intervention of Ratan Tata

dot image
To advertise here,contact us
dot image