

ഒരു രാജ്യത്തിന്റെ രാഷ്ട്രീയ പ്രതിസന്ധി പലപ്പോഴും തിരഞ്ഞെടുപ്പുപോരിന്റെ അതിരുകളിൽ ഒതുങ്ങിനിൽക്കാറില്ല. ഉപരിതലത്തിലെ ബഹളങ്ങൾക്കടിയിൽ കൂടുതൽ ആഴമുള്ള ചോദ്യങ്ങൾ മുഴങ്ങുന്നുണ്ടാകും: ഏതു വർഗമാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കടിഞ്ഞാൺ പിടിക്കുന്നത്? പ്രതിസന്ധിയുടെ ഭാരം ആരുടെ ചുമലിലാണ് വന്നുവീഴുന്നത്? ഭരണകൂടം ആരുടെ താൽപര്യങ്ങൾക്കാണ് കാവൽ നിൽക്കുന്നത്? ദേശീയസമ്പത്തിന്റെ ഒഴുക്കിന് ദിശ നിശ്ചയിക്കുന്നത് ആരാണ്? ലോകമെമ്പാടും ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ബ്രസീലിന്റെ അനുഭവം ഒരു രാജ്യത്തിന്റെ ആഭ്യന്തരകഥ മാത്രമല്ല, മറ്റു ജനതകൾക്കും വായിച്ചെടുക്കാവുന്ന ഒരു പാഠപുസ്തകമാണ്.
2022-ലെ ബ്രസീൽ തിരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലൂല ഡാ സിൽവയെ മുന്നിൽ നിർത്തി രൂപംകൊണ്ട വിശാല രാഷ്ട്രീയ മുന്നണിയെ ഈ ചോദ്യങ്ങളുടെ വെളിച്ചത്തിലാണ് വായിക്കേണ്ടത്. ജെയർ ബോൾസൊനാരോയുടെ പിന്തിരിപ്പൻ സാംസ്കാരിക രാഷ്ട്രീയം മാത്രമായിരുന്നില്ല അതിന്റെ പ്രേരകശക്തി. തീവ്രമായ സാമ്പത്തിക പ്രതിസന്ധി, ആഴമേറിയ സാമൂഹിക അസമത്വം, ജനാധിപത്യ സ്ഥാപനങ്ങളുമായുള്ള സംഘർഷം, സാമ്രാജ്യത്വ താൽപര്യങ്ങൾക്കു മുന്നിൽ ദേശീയ പരമാധികാരം പണയപ്പെടുത്തൽ, ദേശീയ വികസനത്തിന്റെ ദിശയെച്ചൊല്ലിയുള്ള തർക്കങ്ങൾ എന്നിവയെല്ലാം ആ പശ്ചാത്തലത്തിൽ ഇഴചേർന്നുകിടന്നിരുന്നു. ഇത്രയേറെ അടരുകളുള്ള ഒരു പ്രതിസന്ധിയെ ഏതെങ്കിലും ഒരു പാർട്ടിയ്ക്ക് ഒറ്റയ്ക്ക് നേരിടാനാവുമായിരുന്നില്ല.
സാമ്പത്തിക തകർച്ചയുടെ നിഴലിൽ ഫാഷിസം യൂറോപ്പിനെ വിഴുങ്ങിക്കൊണ്ടിരുന്ന 1930-കളിൽ ഇതേ ചോദ്യം ലോക തൊഴിലാളിപ്രസ്ഥാനത്തിനു മുന്നിൽ ഉയർന്നുനിന്നിരുന്നു. അതിന് അന്ന് രൂപപ്പെട്ട ഉത്തരമാണ് 1935-ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസിൽ ജോർജി ദിമിത്രോവ് അവതരിപ്പിച്ച ഫാഷിസത്തിനെതിരായ ഐക്യമുന്നണി സിദ്ധാന്തം. ബ്രസീലിലെ പുതിയ മുന്നണിയെ വിശകലനം ചെയ്യാനുള്ള ഏറ്റവും പ്രസക്തമായ സൈദ്ധാന്തിക ചട്ടക്കൂടും അതുതന്നെ
ഭിന്ന വീക്ഷണങ്ങളുള്ള ശക്തികളെ ഒരു പൊതുശത്രുവിനെതിരെ എങ്ങനെ അണിനിരത്താം എന്ന ചോദ്യം പക്ഷേ ചരിത്രത്തിന് പുതിയതല്ല. സാമ്പത്തിക തകർച്ചയുടെ നിഴലിൽ ഫാഷിസം യൂറോപ്പിനെ വിഴുങ്ങിക്കൊണ്ടിരുന്ന 1930-കളിൽ ഇതേ ചോദ്യം ലോക തൊഴിലാളിപ്രസ്ഥാനത്തിനു മുന്നിൽ ഉയർന്നുനിന്നിരുന്നു. അതിന് അന്നു രൂപപ്പെട്ട ഉത്തരമാണ് 1935-ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസിൽ ജോർജി ദിമിത്രോവ് അവതരിപ്പിച്ച ഫാഷിസത്തിനെതിരായ ഐക്യമുന്നണി സിദ്ധാന്തം. ബ്രസീലിലെ പുതിയ മുന്നണിയെ വിശകലനം ചെയ്യാനുള്ള ഏറ്റവും പ്രസക്തമായ സൈദ്ധാന്തിക ചട്ടക്കൂടും അതുതന്നെ. ആ സിദ്ധാന്തം പിന്തുടരുന്ന ബ്രസീലിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ PCdoB-യുടെ 15-ാം ദേശീയ കോൺഗ്രസ് പ്രമേയം, ബോൾസൊനാരോയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും വിശാല ജനാധിപത്യ മുന്നണി രൂപീകരിക്കണമെന്ന തന്ത്രത്തെ അസന്ദിഗ്ധമായി പിന്തുണയ്ക്കുന്നു. ബോൾസൊനാരോ ഭരണത്തിനെതിരായ ജനകീയ പോരാട്ടം കരുത്താർജിച്ചുകൊണ്ടിരുന്ന 2021-ലാണ് ഈ പ്രമേയം അംഗീകരിക്കപ്പെട്ടത്.

ദിമിത്രോവിന്റെ അടിസ്ഥാനവാദം ലളിതവും മൂർച്ചയുള്ളതുമാണ്: ചിതറിക്കിടക്കുന്ന തൊഴിലാളിവർഗത്തിന് മാത്രമായി ഫാഷിസ്റ്റ് ഭീഷണിയെ തോൽപ്പിക്കാനാവില്ല. 1930-കളിൽ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സാമൂഹിക അരക്ഷിതാവസ്ഥയും രൂക്ഷമായപ്പോൾ, ഭരണവർഗത്തിലെ ചില വിഭാഗങ്ങൾ തൊഴിലാളി പ്രസ്ഥാനങ്ങളെയും വിപ്ലവപ്രസ്ഥാനങ്ങളെയും അടിച്ചമർത്താനുള്ള ആയുധമായി ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളെ പോറ്റിവളർത്തി. ജർമനിയിലും ഇറ്റലിയിലും ഫാഷിസ്റ്റ് ശക്തികൾ തൊഴിലാളി സംഘടനകളെയും കമ്മ്യൂണിസ്റ്റുകളെയും സോഷ്യലിസ്റ്റുകളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ഒന്നൊന്നായി ലക്ഷ്യമിട്ടു.
ഈ സാഹചര്യത്തിൽ ദിമിത്രോവ് മുന്നോട്ടുവച്ച ഐക്യമുന്നണി സിദ്ധാന്തത്തിന് മൂന്ന് പ്രധാന ഘടകങ്ങളുണ്ട്:
● തൊഴിലാളിവർഗ ഐക്യം: കമ്മ്യൂണിസ്റ്റുകളും സോഷ്യൽ ഡെമോക്രാറ്റുകളും മറ്റ് തൊഴിലാളി സംഘടനകളും പരസ്പരവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പൊതുവായ ആവശ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുക.
● വിശാല ജനകീയ ഐക്യം: ഫാഷിസ്റ്റ് ആക്രമണത്തിനെതിരെ കർഷകർ, നഗരങ്ങളിലെ ഇടത്തരം വിഭാഗങ്ങൾ, ജനാധിപത്യശക്തികൾ, മറ്റു സാമൂഹിക വിഭാഗങ്ങൾ എന്നിവരുമായി കൈകോർക്കുക.
● ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളിൽനിന്ന് പോരാട്ടം തുടങ്ങുക: തൊഴിൽ, വേതനം, സാമൂഹിക സുരക്ഷ, ജനാധിപത്യാവകാശങ്ങൾ എന്നിവയെ അടിത്തറയാക്കി ജനങ്ങളെ സംഘടിപ്പിക്കുക.
ഇതിന്റെ രാഷ്ട്രീയപാഠം വ്യക്തമാണ്: ഐക്യമുന്നണിയിൽ അണിചേരാൻ എല്ലാ പാർട്ടികളും ഒരേ പ്രത്യയശാസ്ത്രം സ്വീകരിക്കേണ്ടതില്ല. എന്നാൽ പൊതുശത്രുവിനെതിരായ പോരാട്ടത്തിൽ സുവ്യക്തമായ പൊതുലക്ഷ്യങ്ങളും പ്രായോഗിക സഹകരണവും അനിവാര്യമാണ്. അതേസമയം, ഐക്യമുന്നണി രൂപംകൊണ്ടതുകൊണ്ടുമാത്രം വർഗവൈരുധ്യങ്ങൾ മാഞ്ഞുപോകുന്നില്ല. ഒപ്പം നിൽക്കുന്ന വിഭാഗങ്ങളുടെ താൽപര്യങ്ങൾ എവിടെ സംഗമിക്കുന്നു, എവിടെ വഴിപിരിയുന്നു എന്നത് നിരന്തരം പരിശോധിക്കപ്പെടണം. കുത്തകകളുടെ ലാഭതാൽപര്യങ്ങൾക്കുവേണ്ടി സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെയും കർഷകരുടെയും ചുമലിലേക്ക് ഇറക്കിവയ്ക്കുന്നതിനെ ചെറുക്കണമെന്ന് ദിമിത്രോവ് അടിവരയിട്ടു പറഞ്ഞു.
ആഗോള സാമ്പത്തിക സാഹചര്യത്തിലെ മാറ്റങ്ങൾ, നിക്ഷേപത്തിലെ ഇടിവ്, സാമ്പത്തിക വളർച്ചയിലെ മന്ദത, രാഷ്ട്രീയ ധ്രുവീകരണം എന്നിവ ചേർന്ന് ബ്രസീലിൽ ഗുരുതരമായ സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. 2013-നുശേഷം ഉരുണ്ടുകൂടിയ ജനകീയ അസംതൃപ്തിയെ വിവിധ വലതുപക്ഷ ശക്തികൾ തങ്ങളുടെ രാഷ്ട്രീയ പദ്ധതിയുടെ വഴിയിലേക്ക് തിരിച്ചുവിട്ടു. 2015–2016 കാലത്തെ ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യം തൊഴിലില്ലായ്മയും കുടുംബവരുമാനത്തിലെ ഇടിവും അസമത്വവും വർധിപ്പിച്ചു. 2016-ലെ ഒരു റിപ്പോർട്ട് പ്രകാരം, 2014-ന്റെ അവസാന പാദത്തിൽ 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2016-ന്റെ രണ്ടാം പാദത്തിൽ 11.3 ശതമാനമായി കുതിച്ചുയർന്നു. ഇതേ കാലയളവിൽ 27 ലക്ഷം ഔപചാരിക തൊഴിലുകൾ ഇല്ലാതായതായും റിപ്പോർട്ട് രേഖപ്പെടുത്തുന്നു. 2016-ൽ ദിൽമ റൂസെഫിനെ ഇംപീച്ച് ചെയ്തതിനുശേഷം അധികാരത്തിലെത്തിയ മിഷേൽ ടെമറിന്റെ സർക്കാർ സ്വകാര്യവൽക്കരണത്തിനും വിപണികേന്ദ്രിത സാമ്പത്തിക പരിഷ്കാരങ്ങൾക്കും കൂടുതൽ ഊന്നൽ നൽകി. എന്നാൽ ഈ മാറ്റങ്ങൾ പ്രതിസന്ധി പരിഹരിക്കുന്നതിൽ പരിമിതമായ ഫലമേ നൽകിയുള്ളൂവെന്നും സമ്പദ്‌വ്യവസ്ഥയുടെ സ്തംഭനവും കടബാധ്യതയും തുടർന്നുവെന്നും ഒരു സാമ്പത്തിക-രാഷ്ട്രീയ പഠനം വിലയിരുത്തുന്നു.

ഈ പശ്ചാത്തലത്തിലാണ് 2018-ൽ ബോൾസൊനാരോ അധികാരത്തിലെത്തുന്നത്. സാമ്രാജ്യത്വ താൽപര്യങ്ങൾക്കായി രാജ്യത്തിന്റെ വിപണി തുറന്നിടൽ, കുത്തകകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങൾ, യാഥാസ്ഥിതിക സാമൂഹിക രാഷ്ട്രീയം, തീവ്രദേശീയത, ഇടതുപക്ഷവിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ചേരുവകൾ. 2022-ലെ തിരഞ്ഞെടുപ്പിനു മുമ്പും ബ്രസീലിൽ ഉയർന്ന വരുമാന അസമത്വവും ദാരിദ്ര്യവും ഭക്ഷ്യ അരക്ഷിതാവസ്ഥയും നിലനിന്നിരുന്നു. കോവിഡ്-19 മഹാമാരിയും ആഗോള വിലക്കയറ്റവും ഈ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കി. ഈ പ്രതിസന്ധിയുടെ പ്രാധാന്യം തൊഴിലില്ലായ്മയുടെ കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ഞെരുങ്ങുന്ന ജനവിഭാഗങ്ങളുടെ അസംതൃപ്തിയെ ഏതു രാഷ്ട്രീയശക്തി സംഘടിപ്പിക്കും എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ നിർണായകമായത്.
2008 രൂപം കൊണ്ടതും ഇപ്പോഴും തീവ്രമായി തുടരുന്നതുമായ മൂന്നാം സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ വിശാല ഐക്യമുന്നണിയുടെ ആവശ്യം കമ്യൂണിസ്റ്റുപാർട്ടികൾ തിരിച്ചറിയുന്നതും പരമപ്രധാനമാണ്
തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളിയും കടക്കെണിയിൽപ്പെട്ട ചെറുകിട കർഷകനും വിലക്കയറ്റത്തിൽ വലയുന്ന കുടുംബവും ഒരേ പ്രതിസന്ധിയുടെ പ്രഹരമാണ് ഏറ്റുവാങ്ങുന്നത്. എന്നാൽ അവരുടെ അമർഷം സ്വാഭാവികമായി ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ഒഴുകിയെത്തണമെന്നില്ല. അതേ അമർഷത്തെ കുടിയേറ്റവിരുദ്ധതയിലേക്കും ന്യൂനപക്ഷവിരുദ്ധതയിലേക്കും ഭൂരിപക്ഷ മതസ്വത്വവാദത്തിലേക്കും വലതുപക്ഷ ജനപ്രിയതയിലേക്കും വഴിതിരിച്ചുവിടാനും കഴിയും. ബോൾസൊനാരോ ചെയ്തത് ഈ രണ്ടാമത്തെ പദ്ധതി നടപ്പിലാക്കുക എന്നതായിരുന്നു. 2008 രൂപം കൊണ്ടതും ഇപ്പോഴും തീവ്രമായി തുടരുന്നതുമായ മൂന്നാം സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ വിശാല ഐക്യമുന്നണിയുടെ ആവശ്യം കമ്യൂണിസ്റ്റുപാർട്ടികൾ തിരിച്ചറിയുന്നതും പരമപ്രധാനമാണ്.
ബോൾസൊനാരോ ഭരണത്തിനെതിരായ പോരാട്ടം ശക്തിപ്പെട്ടുകൊണ്ടിരുന്ന 2021-ലാണ് PCdoB-യുടെ 15-ാം ദേശീയ കോൺഗ്രസ് പ്രമേയം അംഗീകരിക്കപ്പെട്ടത്. പാർട്ടി തങ്ങളുടെ ചരിത്രപരമായ പ്രതിബദ്ധതയെ തൊഴിലാളിവർഗം, സോഷ്യലിസം, ദേശീയ പരമാധികാരത്തിലൂന്നിയ വികസനപദ്ധതി എന്നിവയുമായി കോർത്തിണക്കി. ഒപ്പം, ബോൾസൊനാരോയുടെ സ്വേച്ഛാധിപത്യ പ്രവണതകളെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും വിശാല ജനാധിപത്യ മുന്നണി അനിവാര്യമാണെന്ന് പ്രമേയം വ്യക്തമാക്കി.
PCdoB-യുടെ രാഷ്ട്രീയ സംഭാവനയെ മൂന്ന് തലങ്ങളിൽ കാണാം:
● ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വിപുലീകരണം: അതിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒതുക്കാതെ ജനാധിപത്യാവകാശങ്ങൾ, തൊഴിലാളികളുടെ താൽപര്യങ്ങൾ, ദേശീയ വികസനം എന്നിവയുമായി ബന്ധിപ്പിച്ചു.
● സഹകരണത്തിന് സൈദ്ധാന്തിക അടിത്തറ: വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള ശക്തികളുമായുള്ള സഹകരണത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ തന്ത്രത്തിന്റെ തുടർച്ചയായി അവതരിപ്പിച്ചു. അതോടെ ഐക്യം ഒരു താൽക്കാലിക തിരഞ്ഞെടുപ്പ് ക്രമീകരണം എന്നതിനപ്പുറം രാഷ്ട്രീയശക്തി സമാഹരിക്കാനുള്ള മാർഗമായി മാറി.
● ഫെഡറേഷന് സംഘടനാരൂപം: പാർട്ടി ഫെഡറേഷൻ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ PCdoB സജീവ പങ്കുവഹിച്ചു. PT, PCdoB, PV എന്നീ പാർട്ടികൾ ചേർന്ന Federação Brasil da Esperança (FE Brasil)-ന് ബ്രസീലിന്റെ തിരഞ്ഞെടുപ്പ് അധികാരിയായ TSE 2022 മേയ് 24-ന് ഏകകണ്ഠമായി ഔദ്യോഗിക അംഗീകാരം നൽകി. ബ്രസീലിന്റെ ചരിത്രത്തിൽ ആദ്യമായി അംഗീകരിക്കപ്പെട്ട പാർട്ടി ഫെഡറേഷനായിരുന്നു അത്.
രാഷ്ട്രീയ ഭിന്നതകളുള്ള ശക്തികളെ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ ഒരേ ചങ്ങലയിൽ കണ്ണിചേർക്കുക എന്ന പൊതുലക്ഷ്യത്തിലായിരുന്നു PCdoB-യുടെ പ്രവർത്തനത്തിന്റെ ഊന്നൽ.
ബ്രസീലിലെ മുന്നണി സംവിധാനത്തെക്കുറിച്ചുള്ള ചർച്ചയിൽ രണ്ട് വ്യത്യസ്ത ഘടനകളെ വേർതിരിച്ചറിയേണ്ടതുണ്ട്.
A. ബ്രസീൽ ഓഫ് ഹോപ്പ് (FE Brasil): നിയമപരമായ പാർട്ടി ഫെഡറേഷൻ
● PT: വർക്കേഴ്സ് പാർട്ടി
● PCdoB: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രസീൽ
● PV: ഗ്രീൻ പാർട്ടി
ഈ മൂന്ന് പാർട്ടികളും 2022–2026 നിയമസഭാ കാലയളവിൽ ഒരൊറ്റ പാർട്ടിഘടകമെന്നപോലെ പ്രവർത്തിക്കാൻ നിയമപരമായി ബാധ്യസ്ഥരായിരുന്നു.
B. വിശാല തിരഞ്ഞെടുപ്പ് മുന്നണി: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സഖ്യം
● FE Brasil: PT, PCdoB, PV
● PSB: ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടി
● PSOL–REDE: മറ്റൊരു നിയമപരമായ പാർട്ടി ഫെഡറേഷൻ
● PDT: ഡെമോക്രാറ്റിക് ലേബർ പാർട്ടി (ബോൾസൊനാരോയ്‌ക്കെതിരായ രണ്ടാം റൗണ്ടിൽ ലൂലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു)
ഇവയെല്ലാം ഒരേ ഫെഡറേഷനിൽപ്പെട്ട പാർട്ടികളല്ല. തിരഞ്ഞെടുപ്പ് സഖ്യത്തിലെ അംഗത്വവും നിയമപരമായ ഫെഡറേഷൻ അംഗത്വവും രണ്ടും രണ്ടാണ്.FE Brasil-ന്റെ രാഷ്ട്രീയ പ്രാധാന്യം, ഇടതുപക്ഷത്തിന്റെ മൂന്ന് വ്യത്യസ്ത ധാരകളെ ഒരു ദീർഘകാല സംഘടനാഘടനയിൽ സംഗമിപ്പിച്ചു എന്നതിലാണ്. PT-ക്ക് വിപുലമായ തൊഴിലാളി-ജനകീയ അടിത്തറയും ദേശീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നേതൃസ്ഥാനവുമുണ്ടായിരുന്നു. PCdoB-ക്ക് കമ്മ്യൂണിസ്റ്റ് സംഘടനാപാരമ്പര്യവും ദേശീയ പരമാധികാരത്തിനും സോഷ്യലിസ്റ്റ് വികസനത്തിനും ഊന്നൽ നൽകുന്ന രാഷ്ട്രീയ പരിപാടിയുമുണ്ടായിരുന്നു. PV പരിസ്ഥിതി രാഷ്ട്രീയത്തെ മുന്നണിയുടെ സംയുക്ത പരിപാടിയിലേക്ക് ചേർത്തുവച്ചു. എന്നാൽ വിശാല തിരഞ്ഞെടുപ്പ് മുന്നണി FE Brasil-നെക്കാൾ വലുതായിരുന്നു. PSB, PSOL–REDE എന്നിവയുടെ പങ്കാളിത്തവും രണ്ടാം റൗണ്ടിലെ PDT-യുടെ പിന്തുണയും മുന്നണിയുടെ രാഷ്ട്രീയ അടിത്തറ കൂടുതൽ വിശാലമാക്കി.

മാർക്സിസ്റ്റ്–ലെനിനിസ്റ്റ് രാഷ്ട്രീയ സമ്പദ്‌ശാസ്ത്രത്തിൽ സാമ്രാജ്യത്വം എന്നത് ഒരു രാജ്യം മറ്റൊന്നിനെ സൈനികമായി കീഴടക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മൂലധനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രീകരണം, ധനമൂലധനത്തിന്റെ സ്വാധീനം, അസമമായ വ്യാപാരബന്ധങ്ങൾ, സാങ്കേതിക ആശ്രിതത്വം, പ്രകൃതിവിഭവങ്ങളുടെ മേലുള്ള നിയന്ത്രണം എന്നിങ്ങനെ അദൃശ്യമായ ചരടുകളിലൂടെയും അത് പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ മതേതര ഭരണഘടന സ്വന്തം താല്പര്യങ്ങൾക്കനുസരിച്ചു മാറ്റി എഴുതുന്നതിലേക്കു പോലും ഫാഷിസ്റ്റുകൾ ഒരുവേള നീങ്ങും.
ബ്രസീലിന് രാഷ്ട്രീയ പരമാധികാരം പേരിനുണ്ടായിരുന്നെങ്കിലും, പ്രധാന സാമ്പത്തിക തീരുമാനങ്ങളെല്ലാം വിദേശ വായ്പാദാതാക്കളുടെയും അന്താരാഷ്ട്ര മൂലധനത്തിന്റെയും സമ്മർദങ്ങൾക്ക് വഴങ്ങിക്കൊണ്ടായിരുന്നു ബോൾസൊനാരോയുടെ ഭരണം
ഒരു രാജ്യത്തിന് സ്വന്തം പതാകയും തിരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കാം. എന്നാൽ അതിന്റെ വ്യവസായം, വായ്പ, സാങ്കേതികവിദ്യ, കയറ്റുമതിവിപണി എന്നിവയുടെ നിർണായക നിയന്ത്രണം വിദേശ മൂലധനത്തിന്റെ കൈകളിലാണെങ്കിൽ, ഔപചാരിക രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും യഥാർഥ സാമ്പത്തിക സ്വയംഭരണത്തിനും ഇടയിൽ വലിയൊരു വിടവുണ്ടെന്ന് നിസ്സംശയം പറയാം.
ഒരു ലളിതമായ ഉദാഹരണം നോക്കാം. ഒരു കർഷകന് സ്വന്തമായി ഭൂമിയുണ്ട്; പക്ഷേ വിത്തും വളവും യന്ത്രവും വായ്പയും വിപണിയും മറ്റൊരാളുടെ നിയന്ത്രണത്തിലാണ്. എങ്കിൽ ഭൂമിയുടെ ഉടമസ്ഥത മാത്രം അയാൾക്ക് പൂർണ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നില്ല. അതുപോലെ, ബ്രസീലിന് രാഷ്ട്രീയ പരമാധികാരം പേരിനുണ്ടായിരുന്നെങ്കിലും, പ്രധാന സാമ്പത്തിക തീരുമാനങ്ങളെല്ലാം വിദേശ വായ്പാദാതാക്കളുടെയും അന്താരാഷ്ട്ര മൂലധനത്തിന്റെയും സമ്മർദങ്ങൾക്ക് വഴങ്ങിക്കൊണ്ടായിരുന്നു ബോൾസൊനാരോയുടെ ഭരണം.
ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ കമ്പനികൾ നിക്ഷേപം വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുമ്പോൾ തൊഴിലാളികൾക്ക് വരുമാനവും തൊഴിൽസുരക്ഷയും നഷ്ടമാകുന്നു. കടബാധ്യതയുള്ള കർഷകർക്ക് ഉൽപ്പാദനച്ചെലവ് കൂടുകയും വിളകൾക്ക് ന്യായവില കിട്ടാതാവുകയും ചെയ്യുന്നു. സർക്കാർ ചെലവ് ചുരുക്കുമ്പോൾ ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും സാമൂഹിക സുരക്ഷയും സാധാരണക്കാർക്ക് അപ്രാപ്യമാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ പ്രതിസന്ധിയുടെ ഭാരം ആരുടെ ചുമലിലേക്ക് മാറ്റപ്പെടുന്നു എന്നതാണ് അടിസ്ഥാന ചോദ്യം. ആ ഭാരം തൊഴിലാളികളുടെയും കർഷകരുടെയും മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ പൊതുപോരാട്ടം സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് ദിമിത്രോവിന്റെ ഐക്യമുന്നണി സിദ്ധാന്തവും ഊന്നിപ്പറയുന്നത്. ദേശീയ വികസനം, പുനർവ്യവസായവൽക്കരണം, തൊഴിൽ, വേതനം, പൊതുസേവനങ്ങൾ, ദേശീയ പരമാധികാരം എന്നിവയെ കോർത്തിണക്കുന്ന PCdoB-യുടെ രാഷ്ട്രീയ പരിപാടിയുടെ പ്രസക്തി ബ്രസീലിയൻ സാഹചര്യത്തിൽ ഈ വിശകലനത്തിലൂടെയാണ് തെളിയുന്നത്.
ബ്രസീൽ ഓഫ് ഹോപ്പിനെ വെറുമൊരു തിരഞ്ഞെടുപ്പ് സഖ്യമായി ചുരുക്കിക്കാണുന്നതും പൂർണ സോഷ്യലിസ്റ്റ് മുന്നണിയായി പെരുപ്പിച്ചുകാണുന്നതും ഒരുപോലെ അപര്യാപ്തമാണ്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഫെഡറേഷനാണ് അത്. അത് കേവലം 'പിങ്ക് ടൈഡി'ന്റെ തിരിച്ചുവരവല്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ (depression) കാലത്ത് തലപൊക്കിയ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ ഉയർന്നുവന്ന പുതിയ ഐക്യനിരയാണ് ബ്രസീലിൽ ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാർഥിയുടെ വിജയത്തിലേക്ക് വഴിതുറന്നത്
ചില കമ്മ്യൂണിസ്റ്റ് പാർട്ടികളിലും പ്രവർത്തകരിലും കാണാറുള്ള സദാചാര വിഭാഗീയതയെ (moral sectarianism) മറികടക്കാൻ കഴിഞ്ഞു എന്നതും ഐക്യമുന്നണിയുടെ വിജയരഹസ്യമാണ്. അതുകൊണ്ടാണ് ബ്രസീലിലെ ഫാഷിസ്റ്റ് ഭീഷണിയെ താൽക്കാലികമായെങ്കിലും തടഞ്ഞുനിർത്താൻ കഴിഞ്ഞത്. ബ്രസീൽ ഓഫ് ഹോപ്പിനെ വെറുമൊരു തിരഞ്ഞെടുപ്പ് സഖ്യമായി ചുരുക്കിക്കാണുന്നതും പൂർണ സോഷ്യലിസ്റ്റ് മുന്നണിയായി പെരുപ്പിച്ചുകാണുന്നതും ഒരുപോലെ അപര്യാപ്തമാണ്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഫെഡറേഷനാണ് അത്. അത് കേവലം 'പിങ്ക് ടൈഡി'ന്റെ തിരിച്ചുവരവല്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ (depression) കാലത്ത് തലപൊക്കിയ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ ഉയർന്നുവന്ന പുതിയ ഐക്യനിരയാണ് ബ്രസീലിൽ ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാർഥിയുടെ വിജയത്തിലേക്ക് വഴിതുറന്നത്.
തൊഴിലാളികൾ, ജനകീയ പ്രസ്ഥാനങ്ങൾ, ഇടതുപക്ഷ പാർട്ടികൾ, പരിസ്ഥിതിശക്തികൾ, ജനാധിപത്യാനുകൂല വിഭാഗങ്ങൾ എന്നിവരെ പൊതുവായ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഒരേ കുടക്കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നതിലാണ് അതിന്റെ സാധ്യത. 2026ലെ ലുലയുടെ തുടർവിജയം ഐക്യമുന്നണിയുടെ മൂല്യം വർദ്ധിപ്പിക്കുന്നു.
ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ ഐക്യം നിർണായകമാണെങ്കിലും അത് തനിയെ പൊട്ടിമുളയ്ക്കുന്ന ഒന്നല്ല എന്നാണ് ദിമിത്രോവിന്റെ സിദ്ധാന്തം നമ്മെ ഓർമിപ്പിക്കുന്നത്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളെ അടിസ്ഥാനമാക്കി സംഘടനാപരമായ സഹകരണം ബോധപൂർവം കെട്ടിപ്പടുക്കണം. അതേസമയം വർഗവൈരുധ്യങ്ങളെ മൂടിവയ്ക്കാതെ രാഷ്ട്രീയമായി തിരിച്ചറിയുകയും വേണം. ബ്രസീലിൽ PCdoB-യുടെ സംഭാവന പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. പാർട്ടിയുടെ 15-ാം കോൺഗ്രസ് പ്രമേയം ദേശീയ പരമാധികാരം, സോഷ്യലിസം, ജനാധിപത്യ സംരക്ഷണം, വിശാല മുന്നണി എന്നിവയെ ഒരേ ചരടിൽ കോർത്തു. PT, PCdoB, PV എന്നിവ ചേർന്ന FE Brasil ഈ രാഷ്ട്രീയ ഐക്യത്തിന് സ്ഥിരമായ സംഘടനാരൂപം നൽകി. അതിനുമപ്പുറം PSB, PSOL–REDE, PDT തുടങ്ങിയവയുടെ പങ്കാളിത്തം ലൂലയുടെ വിശാല തിരഞ്ഞെടുപ്പ് മുന്നണിക്ക് രൂപം നൽകി.
ബ്രസീലിന്റെ അനുഭവത്തിൽനിന്ന് ലോകത്തിന് വായിച്ചെടുക്കാവുന്ന പാഠങ്ങൾ ഇവയാണ്:
● പൊതുശത്രുവിനെതിരെ ഒന്നിക്കാൻ പ്രത്യയശാസ്ത്രപരമായ ഏകരൂപത വേണ്ട; വ്യക്തമായ പൊതുലക്ഷ്യവും പ്രായോഗിക സഹകരണവും മതി.
● ജനങ്ങളുടെ അമർഷം ആരെങ്കിലും സംഘടിപ്പിക്കും. ജനാധിപത്യശക്തികൾ അത് ചെയ്തില്ലെങ്കിൽ, ആ ഇടം തീവ്രവലതുപക്ഷം കയ്യടക്കും.
● ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ദേശീയ പരമാധികാരം, തൊഴിൽ, വേതനം, പൊതുസേവനങ്ങൾ തുടങ്ങിയ ജീവിതപ്രശ്നങ്ങളിൽ വേരൂന്നുമ്പോഴാണ് കരുത്തുനേടുന്നത്.
● സദാചാര വിഭാഗീയതയെ മറികടക്കാനുള്ള പക്വതയാണ് ഐക്യത്തിന്റെ മുന്നുപാധി.
● ഐക്യം ലക്ഷ്യമല്ല, തുടക്കമാണ്. വർഗവൈരുധ്യങ്ങൾ അതിനുള്ളിലും നിലനിൽക്കുന്നു എന്ന ബോധ്യം കൈവിടരുത്.
ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ ചരിത്രപരമായ പ്രാധാന്യം ഭിന്നതകളില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിലല്ല. ഭിന്നതകളുള്ള ജനവിഭാഗങ്ങളെ പൊതുവായ ജനാധിപത്യ-സാമൂഹിക ലക്ഷ്യങ്ങൾക്കായി സംഘടിപ്പിക്കുന്നതിലും, ആ ഐക്യത്തെ കൂടുതൽ ആഴമേറിയ സാമൂഹിക മാറ്റത്തിനുള്ള വിത്താക്കി വളർത്തുന്നതിലുമാണ്.
പിൻകുറിപ്പ്: എന്നാൽ ഇത്തരമൊരു ഐക്യനിര കെട്ടിപ്പടുക്കുക എന്ന ചരിത്രദൗത്യം ഏറ്റെടുക്കാൻ സ്വാർഥതാൽപര്യങ്ങളുടെ തടവിൽ കഴിയുന്ന ബൂർഷ്വാ പ്രതിപക്ഷ കക്ഷികൾക്ക് സാധാരണ കഴിയാറില്ല. അധികാരത്തിന്റെ കണക്കുകൂട്ടലുകൾക്കപ്പുറം ജനതയുടെ ഭാവിയെ മുന്നിൽ കാണാൻ വർഗബോധമുള്ള ഒരു രാഷ്ട്രീയശക്തിക്കേ കഴിയൂ. അതുകൊണ്ടാണ് ദിമിത്രോവിന്റെ കാലം മുതൽ ബ്രസീലിൽ PCdoB-യുടെ ഇടപെടൽ വരെ, ഫാഷിസത്തിനെതിരായ ഐക്യമുന്നണിയുടെ നിർമിതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ എക്കാലവും മുൻകൈയെടുത്തുപോന്നിട്ടുള്ളത്.
Content Highlights: Brazil's political journey highlights how left-wing unity can emerge from the ashes of crisis, offering lessons on political resilience, progressive alliances and collective action