

ഫ്‌ളൈ ദുബായില്‍ കോ-പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്ന് യുഎഇ. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കോക്പിറ്റിലെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചെന്നും യുഎഇയിലെ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യവും സാഹചര്യവുമെന്താണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിലെ എന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്നുള്ള അന്വേഷണവും യുഎഇ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഫ്‌ളൈ ദുബായ് സംഭവത്തില്‍ ആക്രമണം നടത്തിയ കോ-പൈലറ്റിന്റെ പേര് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഹമാം അല്‍ ഹമാമി എന്നാണ് അക്രമിയുടെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ ഔദ്യോഗിക വിമാന സര്‍വീസായ ഒമാന്‍ എയറില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള ആളാണ് ഇദ്ദേഹം.
എന്നാല്‍ മതമൗലിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനുപിന്നാലെ ഇയാള്‍ 2024ല്‍ ജോലി രാജി വെച്ചു. പിന്നീടാണ് ഹമാമിയെ ഫ്‌ളൈ ദുബായ് ജോലിക്കെടുക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് വിമാനം പറത്താന്‍ വിലക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനം, കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് തന്റെ ഒമാനി സഹപൈലറ്റില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം പ്രതിരോധ ശ്രമം തുടര്‍ന്നിരുന്നു. പരിക്കുകള്‍ക്കിടയിലും കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ മച്ചാറിന് സാധിച്ചു. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടപെടാന്‍ അവസരമൊരുക്കി. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയും സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ക്യാപ്റ്റനെ ഉടന്‍ തന്നെ തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് യുഎഇയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Content Highlights: