ഉറക്കത്തിന്‍ ഹൃദയം നിലയ്ക്കുന്ന മനുഷ്യർ; പെട്ടെന്നുണ്ടാകുന്ന മരണങ്ങളിലധികവും രാത്രിസമയത്ത്

ഉറക്കത്തില്‍ സംഭവിക്കുന്ന ഹാര്‍ട്ടറ്റാക്കും മരണവും അറിയേണ്ടതെല്ലാം ഹൃദ്‌രോദ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് തയ്യിലിന്റെ ' ഹാര്‍ട്ട് അറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം' എന്നപുസ്തകത്തില്‍ നിന്ന്

ഉറക്കത്തിന്‍ ഹൃദയം നിലയ്ക്കുന്ന മനുഷ്യർ; പെട്ടെന്നുണ്ടാകുന്ന മരണങ്ങളിലധികവും രാത്രിസമയത്ത്
dot image

ബിസിനസുകാരനായ ശ്രീകുമാര്‍ അന്ന് പതിവിലും വൈകിയാണ് വന്നത്. കടയിലെ ജോലിയെല്ലാം ചെയ്തു തീര്‍ത്തപ്പോള്‍ ഒമ്പതുമണി. വീട്ടില്‍ വന്ന് കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചപ്പോള്‍ പത്തുമണി. ഏറെ വിശപ്പു ണ്ടായിരുന്ന അയാള്‍ ഭാര്യയുണ്ടാക്കിയ ഇഷ്ടഭക്ഷണം പതിവിലേറെ കഴിച്ചു. പൊരിച്ച ഇറച്ചിയും മത്സ്യവുമൊക്കെക്കൂട്ടി കുശാലായ അത്താഴം. ഭക്ഷണത്തിനുമുമ്പ് പതിവുള്ള അളവില്‍ മദ്യവും. വയറുനിറച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ മണി പതിനൊന്ന്. തളര്‍ച്ചകൊണ്ടയാള്‍ കൂര്‍ക്കംവലിച്ച് ഗാഢനിദ്രയിലാണ്ടു. പിറ്റേന്ന് എട്ടുമണിയായിട്ടും എഴുന്നേല്‍ക്കാന്‍ വൈകുന്നതുകണ്ട് ഭാര്യ തട്ടിവിളിച്ചു. അനക്കമില്ല. ശരീരം തണുത്തുറച്ചിരിക്കുന്നു. ഞെട്ടിത്തരിച്ച ഭാര്യ അടുത്തുള്ള ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പറഞ്ഞു. മരണം സംഭവിച്ചിട്ട് ഏതാനും മണിക്കൂറുകളായി മരിക്കുമ്പോള്‍ അയാള്‍ക്ക് 42 വയസ്സുമാത്രം.

ഇതൊരു അസാധാരണ സംഭവമല്ല, നാം പലപ്പോഴും ഞെട്ടലോടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആകെയുള്ള പെട്ടെന്നുള്ള മരണസംഖ്യയെടുത്താല്‍ 17-41 ശതമാനംവരെ രാത്രിസമയത്തുണ്ടാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു; രാത്രി പത്തുമണിക്കും രാവിലെ ആറുമണിക്കും ഇടയിൽ. സാധാരണയായി രാത്രിസമയത്ത് ശരീരം വിശ്രമിക്കുകയാണ്. അങ്ങനെതന്നെ വേണംതാനും. കാരണം അപ്പോഴാണ് ശരീരം നവചൈതന്യമാര്‍ജിക്കുന്നതും സമൂലമായ പുനര്‍നിര്‍മ്മാണപ്രക്രിയ നടത്തുന്നതും. പകലുണ്ടായ ശാരീരിക-മാനസിക അപചയശോഷണങ്ങള്‍ക്കുള്ള പരിഹാരപ്രക്രിയയാണ് ശാന്തമായ ഉറക്കം.

ശരീരത്തിന് ആഹാരം പോലെ അനിവാര്യമായ ഒന്നാണ് ഉറക്കം. ആ സമയത്ത് ഹൃദയസ്പന്ദന വേഗതയും പ്രഷറും കുറഞ്ഞിരിക്കും. ചയാപചയ പ്രവര്‍ത്തനങ്ങള്‍ മിതമായ തോതിലായിരിക്കും. പകല്‍ ഉദ്ദീപകമായ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ മാരകവും ക്രമരഹിതവുമായ നെഞ്ചിടിപ്പ് ഉണ്ടാകാനുള്ള സാധ്യതയും കുറവ്. അപ്പോള്‍, സന്ധ്യാരംഭത്തില്‍ വൈകാതെ മിതമായി ഭക്ഷണം കഴിച്ച് പ്രക്ഷുബ്ദമല്ലാത്ത മനസ്സോടെ ശാന്തമായി നിദ്രയിലേയ്ക്ക് പതിക്കുന്നൊരാള്‍ തികഞ്ഞ ഉന്മേഷത്തോടെ പിറ്റേന്ന് ഉറക്കമുണരുന്നു. മറിച്ചാകുന്ന അവസ്ഥകളിലെല്ലാം ജീവന് ഭീഷണിയാകുന്ന സങ്കീര്‍ണ്ണതകളിലേയ്ക്ക് ഒരുവന്‍ വലിച്ചിഴയ്ക്കപ്പെടുകയാണ്.

രാത്രിയില്‍ സംഭവിക്കുന്ന മരണത്തിന്റെ കാരണങ്ങള്‍ തേടി ബൃഹത്തായ പഠനങ്ങള്‍ അധികം നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണനിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ രാത്രി മരണ ങ്ങളുടെ കാരണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാം:

  • ഹൃദയസ്തംഭനം (ഹാര്‍ട്ടറ്റാക്ക്, ക്രമംതെറ്റിയ ഹ്യദയസ്പന്ദനം, ഹൃദയപരാജയം).
  • മസ്തിഷ്‌ക്കാഘാതം
  • ശ്വാസോച്ഛ്വാസ സ്തംഭനം (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, സി.ഒ.പി.ഡി., ആസ്ത്മ, പള്‍മനറി എംബോളിസം).
  • പ്രമേഹരോഗം (ഹൈപ്പോഗ്ലൈസീമിയ).
  • മരുന്നുകളുടെ അമിത ഉപയോഗം.
  • കാര്‍ബണ്‍ മോണോക്‌സൈഡ് പോയിസണിങ്ങ്.
  • അപസ്മാരരോഗം.

2002-നും 2016-നും ഇടയ്ക്ക് നടത്തപ്പെട്ട 'ഒറിഗോണ്‍ സഡന്‍ ഡെത്ത് സ്റ്റഡി' ആണ് പെട്ടെന്നുണ്ടാകുന്ന മരണ കാരണങ്ങളെപ്പറ്റി പ്രസക്തവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കിയത്. ആകെ 4126 ആളുകളെയാണ് പഠന വിധേയമാക്കിയത്. ആകെയുള്ള മരണസംഖ്യയില്‍ 15-20 ശതമാനവും പെട്ടെന്നുണ്ടാകുന്ന ഹാര്‍ട്ടറ്റാക്ക് കൊണ്ടുതന്നെ. പൊതുവെ പറഞ്ഞാല്‍ പെട്ടെന്നുള്ള ഹൃദ്രോഗാനന്തര മരണം കൂടുതലും സംഭവിക്കുന്നത് പുരുഷന്മാരി ലാണ് (6575 ശതമാനം), സ്ത്രീകളില്‍ 25-35 ശതമാനവും സംഭവിക്കുന്നത് രാത്രികാലത്തുതന്നെ. വിവിധ ഹൃദ്രോഗാവസ്ഥകളെ തുടര്‍ന്നുള്ള മരണകാരണങ്ങളില്‍ ഒന്നാംസ്ഥാനം ഹാര്‍ട്ടറ്റാക്കുതന്നെ (75 ശതമാനം), തുടര്‍ന്ന് കാര്‍ഡിയോമയോപതി രോഗം (1015 ശതമാനം), ബാക്കിയുള്ള പത്ത് ശതമാനം ഹൃദയസ്പന്ദന പ്രക്രിയ വൈകല്യങ്ങള്‍ കൊണ്ടുതന്നെ.

ആരംഭത്തില്‍പ്പറഞ്ഞ ബിസിനസ്സുകാരന്റെ മരണകാരണം തന്നെ വിശകലനം ചെയ്യാം. പകല്‍ മുഴുവന്‍ സ്‌ട്രെസ് ഏറെയുള്ള ബിസിനസ്സ്, വൈകി വയറുനിറച്ചുള്ള മാംസഭക്ഷണവും മദ്യവും. ഈ അശാസ്ത്രീയമായ ജീവിതചര്യകളെല്ലാംതന്നെ ശരീരത്തെ രോഗാതുരമാക്കി മരണത്തോടടുപ്പിക്കുകയാണ്. രാത്രികാലത്ത് വിശ്രമിക്കേണ്ട ഹൃദയം ദഹനപ്രക്രിയക്കായി അമിതഭാരം ഏറ്റെടുക്കുകയാണ്. കൂടാതെ സ്‌ട്രെസ് ഹോര്‍മോണുകളും മദ്യവുമുണ്ടാക്കുന്ന താളം തെറ്റിയ നെഞ്ചിടിപ്പും കൂര്‍ക്കംവലിയിലൂടെ രക്തത്തില്‍ കുറയുന്ന പ്രാണവായുവും രോഗാതുരമായ ഹൃദയത്തിന്റെ സമനില തെറ്റിക്കുകയാണ്.

സ്‌ട്രെസ് ഹോര്‍മോണായ എപ്പിനെഫ്രിന്റെ അതിപ്രസരം മൂലം രക്തസമ്മര്‍ദ്ദവും സ്പന്ദനവേഗതയും വര്‍ദ്ധിക്കുന്നു. കൊഴുപ്പേറിയ മാംസഭക്ഷണം എല്‍.ഡി.എല്‍. കൊളസ്‌ട്രോളും രക്തസാന്ദ്രതയും വര്‍ദ്ധിപ്പിച്ച് രക്തക്കട്ടയുണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. മാംസഭക്ഷണം ഉറക്കത്തിനുമുമ്പ് അമിതമായി കഴിക്കുന്നവര്‍ക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത 32 ശതമാനമാണ്. ഇനി രാത്രിയില്‍ കുടിക്കുന്ന മദ്യത്തിന്റെ അളവ് അധികരിച്ചാല്‍ മാരകമായ ഹൃദയസ്പന്ദനവൈകല്യം ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണ്.
രാത്രിയുടെ അവസാന യാമങ്ങളില്‍, അതായത് അതിരാവിലെയാണ് ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ തിരയിളക്കം. അതുകൊണ്ടുതന്നെയാണ് അതിരാവിലെ 3നും 6 മണിക്കും ഇടയ്ക്കുള്ള സമയങ്ങളില്‍ ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും വര്‍ദ്ധിച്ച പ്രഷറും കൂടുതലായുണ്ടാകുന്നത്. അതിരാവിലെയുള്ള ഹാര്‍ട്ടറ്റാക്കിന് മരണസാധ്യതയേറുന്നു. രാത്രിസമയം മുഴുവന്‍ എയര്‍കണ്ടീഷനില്‍ ശീതീകരിച്ച മുറിയില്‍ ഉറങ്ങുന്നവരാണ് അധികംപേരും. തണുത്ത അന്തരീക്ഷംമൂലം മൂത്രം അധികമായിപോകുന്നു. എന്നാല്‍ അതിനനുസൃതമായി വെള്ളം ആവശ്യത്തിന് കുടിക്കാതെയുമിരുന്നാല്‍ നിര്‍ജലീകരണമാണ് അനന്തരഫലം. ഇതുമൂലം സാന്ദ്രതകൂടി രാത്രിയില്‍ രക്തം കട്ടിയാകാനുള്ള സാധ്യതയേറുകയാണ്. ഇങ്ങനെയൊരു രക്തക്കട്ട ഹൃദയധമനിയില്‍ ബ്ലോക്കുണ്ടാക്കിയാല്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നു.


നിര്‍ജലീകരണവുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിലെ ലോമലിന്‍ഡ യൂണിവേഴ്സിറ്റിയില്‍ 20,000 ആള്‍ക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം പ്രസക്തമാകുന്നു. 38-നും 100-നും വയസ്സിനിടയിലുള്ളവരെയാണ് പഠനവിധേയമാക്കിയത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നവരില്‍ (8 ഗ്ലാസ്സില്‍ കൂടുതല്‍), പുരുഷന്മാരില്‍ 46 ശതമാനവും സ്ത്രീകളില്‍ 59 ശതമാനവും എന്ന തോതില്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാമെന്ന് പഠനം കണ്ടെത്തി. ദിവസേന അഞ്ചില്‍ കൂടുതല്‍ ഗ്ലാസ് വെള്ളം കുടിക്കുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍ രണ്ടില്‍ കുറവ് ഗ്ലാസ് വെള്ളം കുടിച്ചവരില്‍ രക്തസാന്ദ്രത അധികരിച്ച് കണ്ടു, രക്തകോശങ്ങളും ഫൈബ്രിനോജനും അമിതമായി കണ്ടു. ഈ അവസ്ഥ രക്തം കട്ടിയാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു.ശരീരത്തിലെ ജലാംശം ഒരുപരിധിയില്‍ കൂടുതല്‍ കുറയുകയാണെങ്കില്‍ കാതലായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. ഹാര്‍ട്ടറ്റാക്ക്, ബൗദ്ധിക-വിവേചന ശക്തിയിലുള്ള അപര്യാപ്തത, ശ്രദ്ധക്കുറവ്, മൈഗ്രേന്‍, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, വാതരോഗം, ഗൗട്ട് തുടങ്ങിയവയെല്ലാം നിര്‍ജലീകരണം മൂലം ഉണ്ടാകുന്നു.

ഹൃദ്രോഗം കഴിഞ്ഞാല്‍ ഉറക്കത്തിലുള്ള മരണത്തിന്റെ പ്രധാന കാരണം ശ്വാസോച്ഛ്വാസ സ്തംഭനം (റെസ്പിരേറ്ററി അറസ്റ്റ്) തന്നെ. സി.ഒ.പി.ഡി.യും ആസ്തമയും ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയും (ഒ.എസ്.എ.) മൂലം രക്തത്തില്‍ പ്രാണവായുവിന്റെ അളവ് കുറയുകയും അതേത്തുര്‍ന്ന് ഹാര്‍ട്ടറ്റാക്ക്, സ്‌ട്രോക്ക്, മാരകമായ ഹൃദയസ്പന്ദനവൈകല്യങ്ങള്‍, അമിതരക്ത സമ്മര്‍ദ്ദം തുടങ്ങിയവ ഉണ്ടാകുകയും പെട്ടെന്നുള്ള മരണത്തിന് കാരണമാകുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്ഥിരമായി കൂര്‍ക്കം വലിക്കുന്നവര്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് എഴുന്നേറ്റിരുന്ന് വെപ്രാളത്തോടെ നീട്ടി ശ്വാസം വലിച്ചെടുക്കുന്നതാണ് സ്ലീപ് അപ്നിയ. സ്ലീപ് അപ്നിയ ഉള്ളവര്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത രണ്ട് ഇരട്ടിയാണ്. മാത്രമല്ല ഹൃദ്രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തു ന്നവരില്‍ 70 ശതമാനംപേര്‍ക്ക് സ്ലീപ് അപ്നിയ ഉള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു കൂടാതെ ഇക്കൂട്ടരില്‍ 80 ശതമാനം പേര്‍ക്ക് നിയന്ത്രിക്കപ്പെടാത്ത രക്താതിസമ്മര്‍ദ്ദമുണ്ട്. ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും അമിതരക്തസമ്മര്‍ദ്ദവും താളംതെറ്റിയുള്ള ഹൃദയമിടിപ്പും, പെട്ടെന്ന് മരണമുണ്ടാകാനുള്ള സാധ്യത, പകല്‍സമയത്തെ തളര്‍ച്ചയും മയക്കവും, ശ്രദ്ധാദാരിദ്ര്യം, അമിതഭാരം എല്ലാം സ്ലീപ് അപ്നിയയുടെ പ്രത്യാഘാതങ്ങളാണ്. ദുര്‍മേദസുള്ള കുറുകിയ കഴുത്തുള്ളവര്‍ക്ക് ഈ പ്രതിഭാസം കൂടുതലായി കാണുന്നു. കൃത്യമായി സ്ലീപ് സ്റ്റഡി (പോളിസൊനോഗ്രാഫി) പരിശോധന നടത്തുകയും 'സിപാപ്' (കണ്ടിന്യൂവസ് പോസിറ്റീവ് എയര്‍വെ പ്രഷര്‍) എന്ന ശ്വസനസഹായി ഉപ യോഗിച്ചുള്ള ചികിത്സയും അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രണ്ടില്‍ കൂടുതല്‍ മരുന്നുകള്‍ കൊടുത്തിട്ടും നിയന്ത്രിക്കപ്പെടാത്ത രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് സ്ലീപ് സ്റ്റഡി തീര്‍ച്ചയായും നടത്തണം. 'സിപാപ്' (CPAP) ഉപയോഗിച്ചാല്‍ കൂര്‍ക്കംവലി നിലയ്ക്കുകയും പങ്കാളിക്ക് സുഖമായി ഉറങ്ങുകയും ചെയ്യാം.
സുഗമമായ ശ്വാസോച്ഛ്വാസ പ്രക്രിയയെ തളര്‍ത്തുന്ന പല മരുന്നുകളും ഇന്ന് അമിതമായി ഉപയോഗിക്കപ്പെടാറുണ്ട്. വിഷാദരോഗത്തിനും അപസ്മാരത്തിനുമുള്ള മരുന്നുകള്‍, വേദനസംഹാരികള്‍, ഉറക്കഗുളികകള്‍ തുടങ്ങി മസ്തിഷ്‌ക്ക പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഔഷധങ്ങളെല്ലാം പ്രത്യേകിച്ച് ഉറങ്ങുന്നതിനുമുമ്പ് അമിതമായി സേവിച്ചാല്‍ രാത്രിയില്‍ മരണപ്പെടാനുള്ള സാധ്യത ഏറുന്നു. അതുകൊണ്ട് ഈ വിഭാഗത്തിലുള്ള മരുന്നുകള്‍ സേവിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം.

ഉറങ്ങുമ്പോള്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നതുപോലെ ഉറങ്ങാതിരിക്കുമ്പോഴും ഹൃദ്രോഗസാധ്യത ഏറുന്നു. രാത്രിയില്‍ ആവശ്യത്തിന് ഉറക്കം വരാതിരിക്കുകയും അപൂര്‍ണ്ണമായി ഉറങ്ങുകയും ചെയ്യുന്ന പ്രതിഭാസത്തെ 'ഇന്‍സോമനിയ' എന്നു വിളിക്കുന്നു. മുതിര്‍ന്നവരില്‍ ഏതാണ്ട് 30 ശതമാനംപേര്‍ക്കും ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഉറക്കം കിട്ടാതിരിക്കുകയും കിട്ടിയ ഉറക്കം അപ്പപ്പോള്‍ മുറിഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥ മനുഷ്യശരീരത്തിന് ഏറെ ഭീഷണിയാണ്. 7-8 മണിക്കൂര്‍ ശാന്തമായി ഉറങ്ങുന്നവരുമായി താരതമ്യപ്പെടു ത്തിയാല്‍ അഞ്ച് മണിക്കൂറില്‍ കുറവ് മാത്രം ഉറക്കം ലഭിക്കുന്നവര്‍ക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത 69 ശതമാനം കൂടുതലാണെന്ന് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇനി പ്രമേഹരോഗികള്‍ക്ക് ഉറക്കക്കുറവുകൂടി ഉണ്ടായാല്‍ ഹൃദയാഘാതസാധ്യത രണ്ടുമടങ്ങാണ്. അതുപോലെ വര്‍ദ്ധിച്ച പ്രഷറും കൊളസ്റ്ററോളും പ്രമേഹബാധയും അമിതഭാരവും നിദ്രാവിഹീനരില്‍ കൂടുതലായി കാണുന്നു. ഒരാള്‍ എത്രസമയം ഉറങ്ങണമെന്നു ചോദിച്ചാല്‍ ഉത്തരം 8 മണിക്കൂര്‍ എന്നാണ്. 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും പഠനങ്ങള്‍ പറയുന്നു. പ്രമേഹരോഗികള്‍ക്ക് ഉറക്കക്കുറവുകൂടി ഉണ്ടായാല്‍ ഹ്യദയാഘാതസാധ്യത രണ്ടുമടങ്ങാണ്. അതുപോലെ വര്‍ദ്ധിച്ച പ്രഷറും കൊളസ്റ്ററോളും പ്രമേഹബാധയും അമിതഭാരവും നിദ്രാവിഹീനരില്‍ കൂടുതലായി കാണുന്നു.

Also Read:

1917-ല്‍ ആദ്യമായി ഫിലിപ്പൈന്‍സില്‍ വിവരിക്കപ്പെടുകയും പിന്നീട് ഏതാണ്ട് 1981 വരെ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുകയും ചെയ്ത ഒരു സവിശേഷ രോഗസമസ്യയാണ് 'ഭംഗന്‍ഗട്ട്.' ഇതേ രോഗാതുരത ജപ്പാനില്‍ 'പോക്കുറി ഡെത്ത് സിന്‍ഡ്രോ'മെന്നും തായ്ലാന്റില്‍ 'ലൈതൈ' എന്നും പിന്നീട് അറിയപ്പെട്ടു. ഇതേപ്പറ്റി പിന്നീട് ആധികാരികമായി നടന്ന ശാസ്ത്രീയ പഠനങ്ങള്‍ ഈ രോഗസമസ്യക്ക് 'സഡന്‍ അണ്‍എക്‌സ്പ്ലെയ്ന്‍ഡ് നൊക്റ്റര്‍ണല്‍ ഡെത്ത് സിന്‍ഡ്രോം' (Sudden Unexplained Nocturnal Death Syndrome - SUNDS) എന്ന് പേരിട്ടു. കൂടുതലായി ദക്ഷിണ-പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലും കുറഞ്ഞ തോതില്‍ പാശ്ചാത്യ നാടുകളിലും കണ്ടുവ രുന്ന, വിശദീകരിക്കാനാവാതെ പെട്ടെന്ന് രാത്രിയില്‍ സംഭവിക്കുന്ന മരണത്തിന്റെ കാരണങ്ങള്‍ അസ്പഷ്ടമായി നിലകൊള്ളുന്നു. ഹൃദയധമനിയിലെ ബ്ലോക്കും ഹാര്‍ട്ടറ്റാക്കും കൊണ്ടല്ല മരണം സംഭവിക്കുന്നത് എന്നത് പ്രത്യേകതയായി നില്‍ക്കുന്നു. ഗാഢമായ ഉറക്കത്തില്‍ അമറുന്ന ഞരക്കത്തോടുകൂടി പെട്ടെന്ന് ഉണരുകയും തല്‍ക്ഷണം മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ. മരിക്കുന്നവര്‍ എല്ലാവരും തന്നെ 25-നും 44-നും വയസ്സിനിടയ്ക്കുള്ളവര്‍. മരിക്കുന്നതിനു മുമ്പ് കലശലായ ശ്വാസതടസ്സവും വീര്‍പ്പുമുട്ടലും. അശരണരായ അഭയാര്‍ത്ഥികളുടെ ഇടയില്‍ ഇത് കൂടുതലായി കണ്ടു. കഠിനമായ ജോലി സാഹചര്യങ്ങളില്‍ ദീര്‍ഘനേരം അദ്ധ്വാനം, കുറഞ്ഞ വേതനം, കടുത്ത മനോസംഘര്‍ഷം ഇവ ഉള്ളവരിലും കൂടുതലായി കണ്ടു. ഫിലിപ്പൈന്‍സില്‍ നടന്ന പഠനത്തില്‍ മരിച്ചവര്‍ 96 ശത മാനവും ശരാശരി 33 വയസ്സുള്ള പുരുഷന്മാര്‍. മരണസമയം അതിരാവിലെ 3 മണിക്ക്. ജപ്പാനില്‍ 'പോക്കുറി ഡെത്ത് സിന്‍ഡ്രോം' മൂലം മരിക്കുന്നവര്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. ചൈനയിലെ ഡോന്‍ഗുവാന്‍ നഗരത്തില്‍ കുറഞ്ഞവേതനത്തിന് താണതരം ജോലികള്‍ ചെയ്തവരില്‍ 'സണ്‍ഡ്‌സ്' (SUNDS) കൂടുതലായി കണ്ടു; ശരാശരി 30 വയസ്സുള്ളവര്‍, മരണം പാതിരായ്ക്കും രാവിലെ നാലുമണിക്കും ഇടയ്ക്ക്, മരണത്തിന് മുമ്പ് കലശലായ ശ്വാസതടസ്സമുണ്ടായി.

'സണ്‍ഡ്സ്' മരണകാരണം ഹാര്‍ട്ടറ്റാക്ക് മൂലമല്ലെന്നും പ്രധാനമായി ശ്വാസോച്ഛ്വാസ തടസ്സം, താളംതെറ്റിയ ഹ്യദയമിടിപ്പ് (വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍), കുറഞ്ഞ ഉറക്ക സമയവും താളംതെറ്റിയ ഉറക്കരീതിയും ഒക്കെ കൊണ്ടാണെന്ന് കണ്ടെത്തി. ബുഗാഡ സിന്‍ഡ്രോം, രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അപര്യാപ്തത, കൂര്‍ക്കംവ ലിയും സ്ലീപ് അപ്നിയയും, വര്‍ദ്ധിച്ച മനോസംഘര്‍ഷം (വിഷാദം, നിരാശ, വിദ്വേഷം, ഭയം), മദ്യം, ലഹരി മരുന്നു കള്‍), അപൂര്‍വ്വമായി ഹൃദയധമനിയുടെ ചുരുക്കം (സ്പാസം) തുടങ്ങിയവയെല്ലാം ചെറുപ്പക്കാരില്‍ രാത്രിയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മരണത്തിന് കാരണമാകുന്നു. ദക്ഷിണ പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ ചെറുപ്പക്കാരില്‍ 'സണ്‍ഡ്സ്' സംഭവിക്കുന്നത് ജനിതകമായ പ്രവണതകൊണ്ടാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

  • ശ്രദ്ധിക്കുക
    വൈകിയുള്ള അത്താഴവും ഒപ്പം വയറുനിറച്ചുള്ള മാംസഭക്ഷണവും മദ്യവും ഒഴിവാക്കുക.
  • എയര്‍കണ്ടിഷനില്‍ ശീതീകരിച്ച മുറിയില്‍ ഉറങ്ങുന്നവര്‍ നിര്‍ജലീകരണം ഒഴിവാക്കുക.
  • സ്ലിപ് അപ്നിയ, കൂര്‍ക്കംവലി - രോഗങ്ങളുടെ വഴിമരുന്നാണ്. സ്ലീപ് സ്റ്റഡി നടത്തി വേണമെങ്കില്‍ സിപാപ് (CPAP) ഉപയോഗിക്കുക.
  • ദിവസവും എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം.

Content Highlights :Everything you need to know about heart attacks and death during sleep

dot image
To advertise here,contact us
dot image