
വരും വര്‍ഷങ്ങളില്‍ ലോകത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ഭയപ്പെടുത്തും വിധം വര്‍ധിക്കുമെന്ന് പുതിയ പഠനം. 2050ല്‍ 30.5 മില്യണ്‍ പേരെ കാന്‍സര്‍ ബാധിക്കുമെന്നും അതില്‍ 18.6 മില്യണ്‍ ആളുകളെങ്കിലും മരണപ്പെടുമെന്നുമാണ് പുതിയ പഠനം പറയുന്നത്. ലാന്‍സറ്റ് ജേണലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
25 വര്‍ഷം കഴിയുമ്പോഴേക്കും കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോഴുള്ളതില്‍ നിന്നും 75 ശതമാനത്തോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തില്‍ പുതിയ തരം കാന്‍സറുകൾ മൂലം സംഭവിക്കുന്ന മരണങ്ങളും ഉണ്ടാകുമെന്നും പഠനം പറയുന്നു.
204 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ ഈ പഠനം 1990 മുതലുള്ള ഡാറ്റകള്‍ കൂടി അപഗ്രഥിച്ചിട്ടുണ്ട്. 1990ല്‍ നിന്ന് 2023 ലേക്ക് എത്തിയപ്പോള്‍ 74 ശതമാനത്തിലേറെയാണ് കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചത്. മരണത്തിന്റെ കാര്യത്തിലും സമാനമായ വര്‍ധനവുണ്ടായി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് കാന്‍സര്‍ കേസുകളുടെ കാര്യത്തില്‍ വര്‍ധവുണ്ടാകുന്നത്. മതിയായ രോഗനിര്‍ണയ-ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. 1990-2023 വരെയുള്ള സമയത്ത് ഇന്ത്യയില്‍ കാന്‍സര്‍ റേറ്റ് 26.4 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ചൈനയില്‍ 18.5 ശതമാനത്തിന്റെ കുറവുണ്ടായി.
കാന്‍സര്‍ മൂലമുണ്ടാകുന്ന മരണങ്ങളില്‍ പലതും തടയാന്‍ കഴിയുന്നതാണെങ്കിലും ലോകരാജ്യങ്ങള്‍ അതിനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും ഈ പഠനം കുറ്റപ്പെടുത്തുന്നുണ്ട്. 1990 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ അതിനും മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെങ്കിലും അതിലും രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് പഠനത്തിലുള്ളത്.
'വരും വര്‍ഷങ്ങളില്‍ ലോകമെമ്പാടും കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലായിരിക്കും ഇവ കൂടുതലാവുക. ആരോഗ്യരംഗത്തെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാവുകയും എല്ലാവര്‍ക്കും സമയബന്ധിതമായുള്ള രോഗനിര്‍ണയത്തിനും മികച്ച ചികിത്സയ്ക്കും അവസരം ഉണ്ടാകണം,' പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഫോഴ്‌സ് പറയുന്നു.
Content Highlights: Cancer death will spike upto 75 per cent in 2050, says new study