
ആശുപത്രിയില്‍ പോയാല്‍ ഡോക്ടര്‍മാര്‍ എഴുതി തരുന്ന മരുന്നുകള്‍, ഒരു പനിവന്നാല്‍ അതേക്കുറിച്ച്.. എന്നുവേണ്ട എന്ത് സംശയം ഉണ്ടെങ്കിലും നേരേ പോയി ഗൂഗിളില്‍ തിരഞ്ഞിരുന്നവരാണ് മിക്കവരും. എന്നാല്‍ ഇപ്പോള്‍ സംശയങ്ങള്‍ ചോദിക്കുന്നത് AI യോടാണെന്ന് മാത്രം. ഭക്ഷണക്രമം, ഫിറ്റ്‌നെസ്,ചര്‍മ്മസംരക്ഷണം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അങ്ങനെ പല കാര്യങ്ങളും അറിയാന്‍ AI യോട് സംശയം സംശയം ചോദിക്കുന്നത് ഗുണത്തേക്കാള്‍ ഉപരി ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.
നെഞ്ചുവേദന
നെഞ്ചുവേദന ഉണ്ടാവുകയോ ഹൃദയാഘാതം ഉണ്ടെന്ന് സംശയിക്കുകയോ ചെയ്താല്‍ ഒരിക്കലും ലക്ഷണങ്ങള്‍ വച്ച് AI യോട് സംശയം ചോദിക്കരുത്. നിങ്ങളുടെ ആരോഗ്യപ്രശ്‌നം എത്തരത്തിലുളളതാണ്, ഗുരുതരമാണോ എന്നെല്ലാം നിര്‍ണ്ണയിക്കാനും ചികിത്സ നിശ്ചയിക്കാനും ഉളള ഒരേയൊരു വ്യക്തി ഡോക്ടര്‍ മാത്രമാണ്.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍
സ്‌ട്രോക്ക് (പക്ഷാഘാതം) ആളുകള്‍ ഭയപ്പെടുന്ന മറ്റൊരു രോഗമാണ്. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാതെ വരിക, കൈകളുടെ ബലഹീനത, മുഖത്തെ ക്ഷീണം,സംസാരത്തിന് വ്യക്തത ഇല്ലാതെ വരിക, കാഴ്ചയിലെ മാറ്റങ്ങള്‍ ഇവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.
അസഹനീയമായ വയറുവേദന
പെട്ടെന്ന് അസഹനീയമായ വയറുവേദന തോന്നുകയാണെന്നിരിക്കട്ടെ. അത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. അപ്പന്റിസൈറ്റിസ്, വൃക്കയിലെ കല്ല് അല്ലെങ്കില്‍ ആന്തരിക രക്തശ്രാവം പോലുള്ള ഗുരുതരമായ അവസ്ഥകളുടെ ലക്ഷണമായേക്കാം. AI യോട് ഇതേക്കുറിച്ച് ചോദിച്ചാല്‍ പൊതുവായ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞുതരും എന്നല്ലാതെ നിങ്ങളുടെ വേദനയുടെ കാരണം നിശ്ചയിക്കാന്‍ ഒരിക്കലും അതിന് കഴിയില്ല.
പനിയും വിറയലും ആശയക്കുഴപ്പവും
നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉയര്‍ന്ന പനിയും വിറയലും ആശയക്കുഴപ്പവും അപസ്മാരം പോലുള്ള രോഗാവസ്ഥയും ഉണ്ടായിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയാണ് വേണ്ടത്. ഈ ലക്ഷണങ്ങള്‍ AIയോട് ചോദിച്ചാല്‍ ഒരിക്കലും ലക്ഷണങ്ങളുടെ വ്യാപ്തി അതിന് കണ്ടെത്താനാവില്ല.
ക്ഷീണവും ഭാരം കുറയലും
പ്രതീക്ഷിക്കാത്തതുപോലെ ശരീരഭാരം കുറയുന്നതും നിരന്തരമായി ക്ഷീണം ഉണ്ടാകുന്നതും ഒരിക്കലും അവഗണിക്കരുതാത്ത ലക്ഷണമാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാകാം അത്. ഇക്കാര്യത്തെക്കുറിച്ച് AI യോട് സംശയം ചോദിച്ചാല്‍ ക്ഷീണം മാറാനുള്ള ഭക്ഷണത്തെക്കുറിച്ചോ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചോ പറഞ്ഞുതന്നേക്കാം. അതല്ലാതെ ഭാരക്കുറവും ക്ഷീണവും എന്തുകൊണ്ട് സംഭവിച്ചു എന്ന് ഒരിക്കലും പരിശോധിച്ച് മനസിലാക്കാന്‍ അതിന് സാധിക്കില്ല.
ശ്വസന പ്രശ്‌നങ്ങള്‍
നിങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടോ ശ്വാസംമുട്ടോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ AI യോട് അതേക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ല. ശ്വസന പ്രശ്‌നങ്ങള്‍ വേഗത്തില്‍ വഷളാകാന്‍ സാധ്യതയുളളയുളള ഒന്നാണ്. AI യോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനേ സഹായിക്കൂ. നിങ്ങള്‍ക്ക് വേണ്ട ചികിത്സ ഒരു ഡോക്ടര്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നോര്‍ക്കുക.
Content Highlights :Don't ask AI about 6 health issues. Those who ask AI for answers to anything should be aware.