
പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക എന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എത്ര പണം വരുന്നു, അത് എന്തെല്ലാം കാര്യത്തിനായി മാറ്റിവെക്കുന്നു എന്നത് ജീവിതത്തിൽ കൃത്യനിഷ്ഠയോടെ ചെയ്യേണ്ട ഒന്നാണ്. പലർക്കും വളരെ കുറച്ച് മാത്രമേ സമ്പാദിക്കാൻ കഴിയുകയുള്ളൂ എങ്കിൽ കൂടിയും അവർ പണം മിച്ചം വെച്ച് പോരാറുണ്ട്. ആ തുക ചെറുതോ വലുതോ ആകട്ടെ, അതവർക്ക് വലിയ കാര്യവുമാണ്. എന്നാൽ ഇങ്ങനെയെല്ലാം പണം സൂക്ഷിക്കുമ്പോഴും ആവശ്യത്തിന് അവ ചെലവഴിക്കണം എന്നതിൽ തർക്കമൊന്നുമില്ല. അല്ലാതെ ആഘോഷങ്ങൾക്ക് നിൽക്കാതെ, യാത്രകൾ ചെയ്യാതെ, മാനസികമായ ഉന്മാദം നോക്കാതെ പണം കൂട്ടിവെക്കുകയല്ല വേണ്ടത്. ഈ അവസ്ഥയെ സാധൂകരിക്കുകയാണ് 67കാരനായ ഒരു ജാപ്പനീസ് വയോധികന്റെ അനുഭവം.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഈ അനുഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുഖത്തിലും ദുഃഖത്തിലും തന്റെ സന്തത സഹചാരിയായിരുന്ന ഭാര്യ മരിച്ചതോടെയാണ് 67കാരനായ സുസുകിയെ കൊടിയ കുറ്റബോധം പിടികൂടിയത്. ആയ കാലത്ത് താൻ ഒന്നും അനുഭവിച്ചില്ലെന്നും ഇപ്പോൾ പണം കയ്യിലുള്ളപ്പോൾ ഒറ്റയ്ക്കാണെന്നുമാണ് സുസുകി പറയുന്നത്.
എല്ലുമുറിയെ പണിയെടുത്താണ് സുസുകി പണമുണ്ടാക്കിയത്. ദരിദ്ര പശ്ചാത്തലത്തിലായിരുന്നു സുസുക്കിയുടെ ജനനം. സെക്കണ്ടറി സ്‌കൂളിങ് കാലഘട്ടത്തിൽത്തന്നെ സുസുകി ജോലിക്ക് പോയിത്തുടങ്ങി. റെസ്റ്റോറന്റുകളിൽ അടക്കം പാർട്ട് ടൈം ജോലി നോക്കിയാണ് പണമുണ്ടാക്കിയത്. മുഴുവൻ സമയ ജോലി ലഭിച്ചപ്പോൾ സുസുകി ഒരു ചെറിയ അപാർട്മെന്റ് വാങ്ങി. അപ്പോഴും കയ്യിൽ അധികം പണമൊന്നുമുണ്ടായിരുന്നില്ല. ജോലിക്കുള്ള പോക്കുവരവെല്ലാം പൊതുഗതാഗതത്തെ ആശ്രയിച്ചോ ഒരു ചെറിയ ബൈക്കിലോ ആയിരുന്നു.
പണം ലാഭിക്കാനായി സുസുകി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കൽ തീരെ കുറവായിരുന്നു. എപ്പോഴും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനും കൊണ്ടുപോകാനുമാണ് സുസുകി ശ്രമിച്ചത്. എന്തിന്, വൈദ്യുതി നിരക്ക് വർധിക്കും എന്നതിനാൽ എയർ കണ്ടീഷണർ പോലും സുസുകി ഉപയോഗിച്ചിരുന്നില്ല.
അങ്ങനെയിരിക്കെ സുസുകി തന്നെ മനസിലാക്കുന്ന ഒരു പെൺകുട്ടിയെ വിവാഹവും കഴിച്ചു. കുട്ടികളുണ്ടായപ്പോൾ പോലും സുസുകി അനാവശ്യമായി പണം ചെലവഴിച്ചിരുന്നില്ല. പുറത്ത് പോകുകയാണെങ്കിൽ പാർക്കിൽ മാത്രം പോകും. മറ്റെവിടെയെങ്കിലും പോകണമെങ്കിൽ ഏറ്റവും ചെലവ് കുറഞ്ഞ മാർഗത്തിലൂടെ പോകും. കാറോ വീടോ അദ്ദേഹം വാങ്ങിയിരുന്നില്ല. ഇങ്ങനെ കൂട്ടിവെച്ച് 60-ാം വയസിൽ അദ്ദേഹം തന്റെ പെൻഷൻ പിൻവലിച്ച് നിക്ഷേപങ്ങളിൽ ശ്രദ്ധിച്ചു. ഇപ്പോൾ അദ്ദേഹത്തിന് നാല് കോടിയുടെ സ്വത്തുക്കളാണ് ഉള്ളത്.
എന്നാൽ വിരമിച്ച് വിശ്രമജീവിതം നയിക്കുന്നതിനിടെ സുസുകിയുടെ ഭാര്യ മരിച്ചു. ഇതോടെയാണ് സുസുകിയെ ഒരു ചിന്ത പിടികൂടിയത്. ഇത്രയും കാലം കിളി കൂടുവെക്കുന്നത് പോലെ കൂട്ടിവെച്ച് താൻ എന്ത് നേടി? എന്ത് പ്രയോജനമാണ് തനിക്ക് ആ പണം കൊണ്ടുണ്ടായത്? വയസുകാലത്ത് കൂടെ ഇരിക്കാൻ ഒരാൾ പോലുമില്ലാത്ത അവസ്ഥയാണിപ്പോൾ. എന്തുകൊണ്ട് ആ പണംകൊണ്ട് ഭാര്യ ഉണ്ടായിരുന്ന കാലം തന്നെ തനിക്ക് യാത്ര പോകാനോ ആഘോഷിക്കാനോ പറ്റിയില്ല?
കൂടെ നിൽക്കാൻ മനുഷ്യരില്ലാതെ പണം മാത്രമുണ്ടായിട്ട് എന്ത് നേട്ടം എന്നാണ് സുസുകി ചോദിക്കുന്നത്. ഒരു കാലത്ത് തന്റെയൊപ്പം എല്ലാവരുമുണ്ടായിരുന്നു. അന്ന് താൻ നല്ല നാളേക്കായി പണം കൂട്ടിവെച്ചു. എന്നാൽ ഇന്നോ? പണം ഉണ്ടായിട്ടും താൻ ഒറ്റയ്ക്കാണെന്നും സുസുകി പറയുന്നു.
സുസുകിയുടെ ഈ അനുഭവം വലിയ ചർച്ചയായിരിക്കുകയാണ്. വയസുകാലത്തേക്ക് പണം മാറ്റിവെക്കുന്നത് നല്ലത് തന്നെയാണ്, എന്നാൽ വേണ്ടപ്പെട്ടവർ കൂടെയുള്ളപ്പോൾ ആഘോഷിക്കാനും മറക്കരുത് എന്നാണ് സുസുകിയുടെ അനുഭവം നൽകുന്ന പാഠം.
Content Highlights: 67 year olds story on retirment and money management goes viral