
അമ്മ ഫലപ്രഖ്യാപനത്തിന് ശേഷം ദേവനെയും വിജയിയായ ശ്വേത മേനോനെയും അഭിനന്ദിച്ച് ജഗദീഷ്. വനിതകൾക്ക് വേണ്ടി സംവരണം ചെയ്യണ്ട അവർ മത്സരിച്ച് ജയിച്ച് വരട്ടെ എന്ന വലിയ മനസ് ദേവനുണ്ടായിരുന്നു എന്ന് നടൻ ജഗദീഷ് പറഞ്ഞു. ശ്വേത മേനോൻ അമ്മയുടെ അമ്മയാണെങ്കില്‍ ഞാന്‍ അമ്മയുടെ അച്ഛനാണെന്നാണ് ദേവന്‍ പറഞ്ഞത്, അതാണ് ആ സ്പിരിറ്റ്. പുതിയ ടീമിന് കൂടെ നിന്ന് അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും വിജയികളെ പ്രഖ്യാപിച്ചതിന് ശേഷം ജഗദീഷ് പ്രതികരിച്ചു.
'വനിതകൾക്ക് വേണ്ടി സംവരണം ചെയ്യണ്ട അവർ മത്സരിച്ച് ജയിച്ച് വരട്ടെ എന്ന വലിയ മനസ് ദേവനുണ്ടായിരുന്നു. ശ്വേത മേനോൻ അമ്മയുടെ അമ്മയാണെങ്കില്‍ ഞാന്‍ അമ്മയുടെ അച്ഛനാണെന്നാണ് ദേവന്‍ പറഞ്ഞത്, അതാണ് ആ സ്പിരിറ്റ്. വനിതകൾക്ക് വേണ്ടി സീറ്റ് മാറ്റിവെക്കണം എന്ന് പറയുന്നതിനപ്പുറം വളരെ ഹെൽത്തി ആയ മത്സരമാണ് ഇവിടെ നടന്നത്. ഈ പുതിയ ടീമിന് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിയതായിട്ട് വരും. പക്ഷെ അതിനെല്ലാം നമ്മൾ കൂടെ നിന്ന് അവർക്ക് ആവശ്യമായ പിന്തുണ നൽകും. അമ്മയുടെ അംഗങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നമ്മൾ എല്ലാവരും പ്രവർത്തിക്കും', ജഗദീഷിന്റെ വാക്കുകൾ.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. 20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ച ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച നാസർ ലത്തീഫിന് 96 വോട്ട് ലഭിച്ചു. ജന: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കുക്കു പരമേശ്വരന് 172 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച രവീന്ദ്രന് 115 വോട്ട് ലഭിച്ചു.
Content Highlights: Jagadish about Devan's word after Shwetha's win