
A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് നടി ശ്വേത മേനോൻ. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഒഫിഷ്യലി 'അമ്മ'യായി എന്ന് ശ്വേത മേനോന്‍ വിജയത്തിന് ശേഷം പ്രതികരിച്ചു. 20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്.
'ആദ്യം ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ് നടത്തി കുറച്ച് തീരുമാനങ്ങൾ എടുക്കണം. സ്റ്റെപ് ബൈ സ്റ്റെപ് ആയി എല്ലാവരും ഒരുമിച്ച് ഓരോ കാര്യങ്ങളും ചെയ്യണം. WCC അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം A M M A യുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കിൽ WCC അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ ഞാൻ തയ്യാറാണ്', വിജയത്തിന് ശേഷം ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ച ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച നാസർ ലത്തീഫിന് 96 വോട്ട് ലഭിച്ചു. ജന: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കുക്കു പരമേശ്വരന് 172 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച രവീന്ദ്രന് 115 വോട്ട് ലഭിച്ചു.
Content Highlights: Shwetha Menon response after AMMA election