
വി. എസ്സ്. നെ അവസാനമായി കണ്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി പത്തു മണിയോടടുത്തിരുന്നു. കനത്ത മഴ. വഴിയിലുടനീളം വി. എസ്സ്. ൻ്റെ പല വലിപ്പത്തിലും നിറത്തിലുമുള്ള ചിത്രങ്ങൾ. മഴ നനഞ്ഞും വഴിയരുകിൽ നിൽക്കുന്ന ചെറിയ സംഘങ്ങൾ. ചിലർ അപ്പോഴും നിർത്താതെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. വി.എസ്സ്.അമരനെന്ന് അവർ ലോകത്തോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു !
വീട്ടിൽ നിന്നും രാവിലെ പുറപ്പെട്ടതാണ്.
പതിനൊന്നിന് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലെത്തി. അവിടെ കാത്തുനിന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് വി. എസ്സ്. ൻ്റെ ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം ഓഫീസിലേക്കുള്ള വഴി തിരിഞ്ഞത്. ഓഫീസിൻ്റെ മുറ്റത്തും വഴിയോരത്തുമായി കണ്ണെത്താദൂരം അണിനിരന്ന മനുഷ്യർ പൊടുന്നനെ
ഒറ്റ നാദമായി.
" കണ്ണേ കരളേ വീയെസ്സേ... "
ശബ്ദസാഗരം ആകാശത്തിൽ കിടന്നലതല്ലി. എണ്ണമറ്റ സമരമുഖങ്ങളിൽ കൊടുങ്കാറ്റു വിതച്ച ഒരാളോടുള്ള ആദരവ് ഇടിമുഴക്കം പോലെ പടർന്നു.എല്ലാ ശബ്ദങ്ങൾക്കും മുകളിൽ ഒരൊറ്റ വാക്യം പ്രകമ്പനം കൊണ്ടു നിന്നു
" ഇല്ലായില്ല മരിക്കുന്നില്ല...! "
ജില്ലാകമ്മറ്റി ഓഫീസ് രാവിലെ പത്തു മണിയോടെ തന്നെ നിറഞ്ഞിരുന്നു. മുഖ്യമന്ത്രി മുതലുള്ള സമുന്നതരായ ജനനായകർ ! മിക്കവാറും എല്ലാ പാർട്ടികളുടെയും തലമുതിർന്ന നേതാക്കൾ. മതപുരോഹിതർ. ജീവിതത്തിൻ്റെ പല തലങ്ങളിൽ തിരക്കുപിടിച്ച ജീവിതമുള്ള അസംഖ്യം മനുഷ്യർ. അവരവിടെ അനവധി മണിക്കൂറുകൾ ക്ഷമാപൂർവം കാത്തിരുന്നു.
ഓഫീസിനു മുന്നിലൊരുക്കിയ സ്ഥലത്തേക്ക് വി. എസ്സ്.ൻ്റെ ശരീരം ഇറക്കിക്കിടത്തിയപ്പോൾ പ്രളയജലം പോലെ മനുഷ്യർ ചുറ്റുമിരമ്പി. വലിപ്പച്ചെറുപ്പങ്ങൾക്കെല്ലാം കുറുകെ അവർ വി.എസ്സ്. ലേക്ക് കൈനീട്ടി.
അവസാനമായി ഒരു നോട്ടം.
'ലാൽസലാം സഖാവേ! ' എന്ന
ഒരന്ത്യാഭിവാദ്യം.
അതിനു തങ്ങളുടെ ജീവിതത്തോളം വിലയുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു!
മുഖ്യമന്ത്രിയും മറ്റുള്ള മുതിർന്ന നേതാക്കളും പുഷ്പചക്രം സമർപ്പിച്ച് ഓഫീസിനുള്ളിലേക്ക് പോയി. നിൽക്കാൻ പോലും പറ്റാത്ത തിരക്കിൽ ആടിയുലയുന്ന മനുഷ്യർ ! ഒരു കസേരയിൽ പിടിച്ച് ഞാൻ വീഴാതെ നിന്നു. അര മണിക്കൂറോളം കഴിഞ്ഞ് കയ്യിൽ കരുതിയ കുറച്ചു പൂക്കളുമായി ആ വൻതിരക്കിനു നടുവിലൂടെ വി.എസ്സിനടുത്തെത്തി.
ചില്ലുപാളിക്കു കീഴിൽ വി. എസ്സ്.ൻ്റെ ദൃഢവും ശാന്തവുമായ മുഖം.
കയ്യിലുള്ള പൂക്കൾ കാൽക്കീഴിൽ വച്ച് അല്പനേരം ആ മുഖത്തേക്കു നോക്കിനിന്നു. ലക്ഷോപലക്ഷം മനുഷ്യരുടെ ജീവിതാന്ധകാരത്തിലേക്ക് വെളിച്ചം പകർന്ന പോരാളിയാണ്. നീതിയുടെ നിലയ്ക്കാത്ത പോർവിളിയാണ്.
ഇരമ്പിമറിയുന്ന മനുഷ്യർക്കും അലയടിക്കുന്ന മുദ്രാവാക്യങ്ങൾക്കുമിടയിൽ
ഞാനൽപ്പനേരം മുഷ്ടി ചുരുട്ടി നിന്നു.
'സഖാവേ ! ലാൽസലാം !'
അവസാനത്തെ അഭിവാദ്യമർപ്പിച്ച് ഞാൻ പുറത്തു കടന്നു. തിരക്കിൽ നിന്നും മാറി ഓഫീസിനു പുറത്തേക്കിറങ്ങി. മാധവൻ മുൻപേ തന്നെ വി. എസ്സ്.നെ കണ്ടിറങ്ങിയിരുന്നു. സർവകലാശാലയിലെ അധ്യാപക സുഹൃത്തുക്കളായ ബിജുവിൻസെൻ്റിനേയും
മനോജ് കുമാറിനേയും കാത്ത് കുറച്ചുനേരം വഴിയരുകിൽ ഒതുങ്ങി നിന്നു. മുന്നിലൂടെ മനുഷ്യരുടെ അണമുറിയാത്ത ഒഴുക്ക്. മന്ത്രിമാർ മുതൽ പേരറിയാത്ത സാധാരണക്കാർ വരെ വഴിയരുകിൽ പലയിടത്തായുണ്ട്. വി. എസ്സ്. മരണം കൊണ്ടും സമഭാവനയെ സാക്ഷാത്കരിച്ചു !
വി.എസ്സ്. നെ ഞാൻ ആദ്യം കണ്ടതും ആലപ്പുഴയിൽ വച്ചായിരുന്നു. 1987 ലെ പാർട്ടി സംസ്ഥാന സമ്മേളനം. അന്ന് വി.എസ്സ്. ആയിരുന്നു പാർട്ടി സെക്രട്ടറി. നാട്ടിലെ സഖാക്കൾക്കൊപ്പം ഒരു ടെമ്പോട്രാവലറിലാണ് ആലപ്പുഴയിലെത്തിയത്.നഗരവഴികളിൽ ചുറ്റിത്തിരിഞ്ഞ് സമ്മേളന സ്ഥലത്തെത്തി. വി.എസ്സ്. അവിടെ സംസാരിക്കാനുണ്ടായിരുന്നു. അസാധാരമായ ഉയർച്ചതാഴ്ചകളോടെ സഞ്ചരിക്കുന്ന ആ പ്രസംഗം ആദ്യമായി കേട്ടു. വി.എസ്സ്. നെ കണ്ടു.
പിന്നീട് നിരവധി തവണ വി.എസ്സ്.ൻ്റെ പ്രസംഗം കേൾക്കാനിട കിട്ടി. എത്രയോ വട്ടം കാണാനും. നാലഞ്ചു തവണ
വി. എസ്സിനൊപ്പം വേദി പങ്കിട്ടു. സംസ്കൃത സർവകലാശാലയിലെ അധ്യാപക സംഘടനയായ ASSUT ൻ്റെ ജനറൽ സെക്രട്ടറിയായി ഞാൻ പ്രവർത്തിക്കുന്ന സമയത്ത് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് വി.എസ്സ്. ആയിരുന്നു. സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ ഞാനാണ് അന്ന് സ്വാഗതം പറഞ്ഞത്. വി. എസ്സ്. അത് ശ്രദ്ധിച്ചിരുന്നു. 'നാട്ടിലെല്ലാം പോയി സംസാരിക്കണം' എന്ന് സമ്മേളനം കഴിഞ്ഞിറങ്ങിയപ്പോൾ എന്നോടു പറഞ്ഞു.
ഭൂപരിഷ്കരണത്തിൻ്റെയും വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെയും ചരിത്രമാണ് വി. എസ്സ്. അന്ന് വിശദമായി പറഞ്ഞത്. സർവകലാശാലയിലെ അധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത് വി.എസ്സ്. ആണോ എന്ന് സംശയിച്ച ചില അധ്യാപകർ അന്നുണ്ടായിരുന്നു. എല്ലാം തങ്ങൾക്കറിയാമെന്നു വിശ്വസിച്ചിരുന്ന അവരുടെ പണ്ഡിതമൗഢ്യങ്ങൾ അന്ന്വി. എസ്സ്.ൻ്റെ പ്രഭാഷണത്തിൻ്റെ ചരിത്രഗരിമയ്ക്കു മുന്നിൽ വിനീതമായി.
ഏറ്റവുമൊടുവിൽ വി.എസ്സിനെ അടുത്തു കണ്ടത് തൃശ്ശൂരിൽ വച്ചാണ്.2015 -ൽ എന്നാണോർമ്മ.പ്രിയസുഹൃത്ത് വി.ജി.ഗോപാലകൃഷ്ണൻ്റെ പുസ്തകപ്രകാശനം. ഇടക്കാലത്ത് ഒന്നു രണ്ടു വേദികളിൽ വി. എസ്സുമായി കൂടിക്കാണാൻ കഴിഞ്ഞിരുന്നു. അതിൻ്റെ ഓർമ്മയിലാകണം, കണ്ടപ്പോൾ വി.എസ്സ്. ചെറുതായി ചിരിച്ചു. പുസ്തകപ്രകാശനം കഴിഞ്ഞിറങ്ങുമ്പോൾ അൽപ്പം ചില വാക്കുകൾ. പിന്നീടൊരിക്കലും അടുത്തു കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. നാലഞ്ചു തവണ ദൂരെ നിന്നുള്ള കാഴ്ചകൾ മാത്രം.
ആലപ്പുഴയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ടെലിവിഷൻ സ്ക്രീനിൽ വി.എസ്സ്. ൻ്റെ ചിതയിലേക്ക് മകൻ അരുൺകുമാർ തീ പകരുന്ന ദൃശ്യം. തൊട്ടടുത്തായി പിണറായി സഖാവും ബേബി സഖാവും സഖാവ് ബിനോയ് വിശ്വവും ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ. നിറഞ്ഞു പെയ്യുന്ന മഴയിലേക്ക് ഒരൊറ്റ മുഷ്ടിയായി ഉയരുന്ന കരങ്ങൾ! ആളുന്ന തീ പോലെ ആകാശത്തിൽ പടരുന്ന മുദ്രാവാക്യങ്ങൾ !
"ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ.. "
ആരു പറഞ്ഞു മരിച്ചെന്ന് ! "
കാലത്തിൻ്റെ അനശ്വരതയിലേക്ക് വി.എസ്സ്. യാത്രയാവുന്നതു നോക്കി കുറെനേരം കസേരയിൽ നിശബ്ദനായിരുന്നു. എണ്ണമറ്റ സമരപഥങ്ങളിൽ , എത്രയോ മനുഷ്യരുടെ വിമോചനസ്വപ്നങ്ങൾക്ക് തീപകർന്ന ഒരാൾ വിടവാങ്ങുകയാണ്. തൻ്റെ പേരിലെ രണ്ടക്ഷരം കൊണ്ട് തമ്മിലറിയാത്ത ലക്ഷോപലക്ഷം മനുഷ്യരെ കൂട്ടിയിണക്കിയ ഒരാൾ! ജീവിതം കൊണ്ടെന്ന പോലെ മരണം കൊണ്ടും പ്രസ്ഥാനത്തെ മഹിമയിലേക്കുയർത്തിയ ഒരാൾ!!എന്തു കൊണ്ടോ കണ്ണുനിറഞ്ഞു.
നൂറ്റിരണ്ടു വയസ്സുള്ള ഒരാൾ യാത്രയാവുന്നതിനെച്ചൊല്ലി ദു:ഖിക്കാനൊന്നുമില്ലല്ലൊ എന്ന യുക്തി അപ്പോൾ മനസ്സിലെത്തിയതേയില്ല.
വലിയ പോരാളികൾ നമ്മുടെ ലളിതസമവാക്യങ്ങളെ എത്ര വേഗം റദ്ദാക്കുന്നു!
ഗാന്ധിയെക്കുറിച്ചുള്ള തൻ്റെ പ്രഖ്യാതമായ ലേഖനങ്ങളിലൊന്നിൽ ഗാന്ധി നമ്മെ പഠിപ്പിച്ച വലിയ പാഠമെന്തെന്ന് പ്രൊഫസർ ഇർഫാൻ ഹബീബ് വിശദീകരിക്കുന്നുണ്ട്. നിർണ്ണായകമായ നിമിഷങ്ങളിൽ അടിസ്ഥാനമൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്! അതായിരുന്നു ഗാന്ധി പകർന്ന പാഠമെന്ന് ഇർഫാൻ ഹബീബ് എഴുതി.
വി. എസ്സ്. ഗാന്ധിയനായിരുന്നില്ല. എങ്കിലും ,ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിലൊന്നിലും താനുയർത്തിപ്പിടിച്ച രാഷ്ട്രീയത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ അദ്ദേഹം വിട്ടുവീഴ്ചയെക്കാരുങ്ങിയില്ല. രാജാധികാരത്തോടും ബയണറ്റുമുനകളോടും മുതൽ ശ്രീനാരായണ പാരമ്പര്യത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളോടു വരെ വി.എസ്സ് . ഒത്തുതീർപ്പില്ലാതെ പൊരുതി. ചരിത്രത്തിൻ്റെ വൈരുധ്യങ്ങൾ അദ്ദേഹത്തെ പരിഭ്രാന്തനാക്കിയില്ല. അവയ്ക്കു നടുവിൽ വി.എസ്സ്. കാലിടറാതെ നിന്നു. വിജയങ്ങളിൽ മുഗ്ദ്ധനാവാതെ, പരാജയങ്ങളിൽ വ്യഥിതനാവാതെ, ജീവിതത്തെ നിതാന്തമായ പോരാട്ടമാക്കി. ഒരു നൂറ്റാണ്ടിനിപ്പുറം, കാലവും ലോകവും ആ പോർവീര്യത്തെ കൈകൂപ്പി വണങ്ങുന്നു!
ചിതയിൽ തീയാളിത്തുടങ്ങി. അഗ്നിശലഭങ്ങളെപ്പോലെ ഉയർന്നു പാറുന്ന നാളങ്ങളിലേക്കു നോക്കി ഞാൻ നിശബ്ദനായിരുന്നു. പഴയൊരു കവിവാക്യം മനസ്സിലുണ്ടായിരുന്നു :
" ചിതയിൽ പൊട്ടുന്നതെൻ
നാടിൻ്റെ നട്ടെല്ലല്ലോ
മണലിലെരിഞ്ഞമരുന്നതോ
മലർക്കാലം ! "
തീ പടരുന്നു.
കാലത്തിനു കുറുകെ
ഭാവിയിലേക്ക് !
പ്രിയസഖാവേ,
അങ്ങ് ഞങ്ങളെ
എത്ര വലുതാക്കി!
വിട!!
Content Highlights: Sunil P Elayidom remembering Ace leader VS Achuthanandan