പാകിസ്താനെതിരായ മത്സരത്തിന് മുന്‍പ് ഗില്ലിന് പരിക്ക്; ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

ഈ മത്സരം ഇന്ത്യയ്ക്കും പാകിസ്താനും അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ്

പാകിസ്താനെതിരായ മത്സരത്തിന് മുന്‍പ് ഗില്ലിന് പരിക്ക്; ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് ഞായറാഴ്ച കളമൊരുങ്ങുകയാണ്. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. ഇരുരാജ്യങ്ങൾക്കിടയിൽ സമീപകാലത്ത് ഉടലെടുത്ത പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മത്സരം ഇന്ത്യയ്ക്കും പാകിസ്താനും അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ്.

ഇപ്പോഴിതാ ഇന്ത്യൻ ക്യാംപിൽ നിന്ന് ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. പരിശീലനത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. പന്തുകൊണ്ട് കൈയ്ക്ക് പരിക്കേറ്റ ഗില്ലിന് ടീം ഫിസിയോ എത്തി അടിയന്തര ചികിത്സ നല്‍കി. എങ്കിലും താരം അസ്വസ്ഥനായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ ഗില്ലിന് അടുത്തെത്തി കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ദീര്‍ഘനേരം സംസാരിക്കുന്നതും കാണാമായിരുന്നു.

സഹ ഓപ്പണര്‍ അഭിഷേക് ശര്‍മയും ഗില്ലിനൊപ്പമുണ്ടായിരുന്നു. വാട്ടർ ബോട്ടിൽ തുറക്കാൻ പോലും ​ഗില്ലിനെ അഭിഷേക് സഹായിക്കുന്നുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാല്‍ കുറച്ചുനേരത്തെ വിശ്രമത്തിനുശഷം ഗില്‍ ഫിസിയോയുടെ മേല്‍നോട്ടത്തില്‍ ഗില്‍ ബാറ്റിംഗ് പരിശീലനം തുടര്‍ന്നു. സെഷൻ പുരോഗമിക്കുമ്പോഴും ഫിസിയോ ഗില്ലിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഗില്ലിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക സൂചന. ഗില്ലിന്‍റെ പരിക്ക് സാരമുള്ളതാണെങ്കില്‍ താരത്തിന് നാളെ പാകിസ്താനെതിരെ നടക്കുന്ന മാച്ച് നഷ്ടമാകും. അങ്ങനെയാണെങ്കിൽ ഇന്ത്യയ്ക്ക് ഓപ്പണിംഗില്‍ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പരിഗണിക്കേണ്ടിവരും.

ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ ആദ്യപോരാട്ടത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ഗില്ലായിരുന്നു. ഒന്‍പത് പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 20 റണ്‍സ് നേടിയാണ് ഗില്‍ പുറത്താവാതെ നിന്നത്.

Content Highlights: Shubman Gill Suffers Injury Ahead Of India-Pakistan Asia Cup 2025 Match: Reports

dot image
To advertise here,contact us
dot image