പാര്‍ട്ടി ജയിക്കാന്‍ ദുആ ചെയ്യുന്ന 'ഇടതുല്‍ മുഇമിനീ'ങ്ങളുടെ കൂടി വിഎസ്

'അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ഥിയെ നീ ജയിപ്പിക്കണേ. അവര്‍ക്കനുകൂലമായി സാക്ഷ്യം പറയുന്ന വോട്ടര്‍മാരെ നീ പോളിങ്ങ് ബൂത്തിലെത്തിക്കണേ…'

താഹ മാടായി
4 min read|24 Jul 2025, 06:30 pm
dot image

'ഇടതുല്‍ മുഇമിനീന്‍' (സത്യവിശ്വാസിയായ ഇടതുപക്ഷക്കാരന്‍) എന്ന് പറയാവുന്ന ഒരു സഖാവ് ഞങ്ങളുടെ നാട്ടിലുണ്ട്. അഞ്ചു നേരം നിസ്‌കരിക്കുന്ന, പള്ളിക്കമ്മിറ്റിയിലുള്ള, സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മമായ ജാഗ്രത പാലിക്കുന്ന ആ സഖാവിനെ മുസ്ലിം ലീഗുകാര്‍ എല്ലാ തെരഞ്ഞെടുപ്പു കാലത്തും പരിഹസിക്കും. എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റായി ഇരിക്കാറുള്ള അദ്ദേഹത്തിന്റെ പിടലിക്ക് തിരഞ്ഞെടുപ്പു ദിവസം രാവിലെ 10.10 ന് തന്നെ അടി വന്നു വീഴും. പഴയ കാലമാണ്. അടി കൊണ്ട അദ്ദേഹത്തെ ജീപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊണ്ടു പോകും.

അടി കൊണ്ട അദ്ദേഹം ളുഹര്‍ (ഉച്ച നമസ്‌കാരം) നിസ്‌കരിച്ചു പ്രാര്‍ഥിക്കും:

'അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ഥിയെ നീ ജയിപ്പിക്കണേ. അവര്‍ക്കനുകൂലമായി സാക്ഷ്യം പറയുന്ന വോട്ടര്‍മാരെ നീ പോളിങ്ങ് ബൂത്തിലെത്തിക്കണേ…'

ആ വര്‍ഷങ്ങളില്‍ പാച്ചേനി കുഞ്ഞിരാമനായിരുന്നു, എല്‍ഡിഎഫ് നിയമസഭാ സ്ഥാനാര്‍ഥി. പയ്യന്നൂര്‍ നിയമസഭാ മണ്ഡലം കല്യാശ്ശേരി അസംബ്ലി മണ്ഡലമായി മാറിയപ്പോള്‍ ടിവി രാജേഷായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രാമണ്ണറായിയും ടി ഗോവിന്ദനും പി കരുണാകരനും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥികളായി മാറി മാറി വന്നു. അവരൊക്കെ ജയിച്ചു കയറുകയും ചെയ്തു. ആ ജയങ്ങള്‍ തന്റെ പ്രാര്‍ഥന കൊണ്ടു കൂടിയാണെന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു.

മുസ്ലിമായിരിക്കാനും കമ്യൂണിസ്റ്റായിരിക്കാനും അയാള്‍ക്ക് സാധിച്ചു.

ഇപ്പോള്‍, നാം ശാന്തമായി ആലോചിക്കുക. ചരിത്രത്തോടൊപ്പം നടന്ന വിഎസിനെ നാം എങ്ങനെയാണ് ഓര്‍ക്കേണ്ടത്? 1920 കള്‍ മുതല്‍ 2025 വരെയുള്ള കേരളത്തിന്റെ ചരിത്ര മാപിനി ഉപയോഗിച്ചു വേണം ആ ഓര്‍മയെ അടയാളപ്പെടുത്താന്‍. കുട്ടനാട്ടിലെ അടിയാള ജീവിതത്തെ നേരിട്ടു കണ്ട കണ്ണുകളായിരുന്നു വിഎസിന്റേത്. അക്ഷരാര്‍ഥത്തില്‍ ചെളി പുരണ്ട ജീവിതങ്ങള്‍. രാഷ്ടീയമായി ആ കാലത്തെ തൊഴിലാളികള്‍ക്ക് ആത്മാഭിമാനത്തിന്റേതായ, വ്യക്തിഗതമായും രാഷ്ട്രീയമായും ഉള്ള ഒരു നിവര്‍ന്നു നില്‍പിന്റെ, കൊടിയും കൂട്ടായ്മയുമുണ്ടായി. വിഎസ് അതില്‍ നേതൃപരമായ പങ്കു വഹിച്ചു. ആ ഒരു Selfs regards, ആത്മാഭിമാനം, എന്ന മാനം വിഎസ് ഓര്‍മയെ ജ്വലിപ്പിച്ചു തന്നെ നിര്‍ത്തും.

കേരള രാഷ്ട്രീയത്തെ ചലനാത്മകമാക്കിയതില്‍ പ്രധാനപ്പെട്ട ചാലകശക്തിയാണ് വിഎസ്. വേറൊരു തലത്തില്‍, ആശയക്കുഴപ്പങ്ങളുടേതായ ഒരു വ്യവഹാര ക്രമത്തിലൂടെ പാര്‍ട്ടിയും കടന്നു പോയ കാലമായിരുന്നു അത്. വിഎസ് കണ്ട ഒരു കാലമല്ല പാര്‍ട്ടി പിന്നീടു കാണുന്ന ഒരു കാലം. അടിയാളരില്‍ വലിയൊരു വിഭാഗം, വിദ്യാഭ്യാസ പരവും രാഷ്ട്രീയവുമായ ശാക്തീകരണത്തിലൂടെ ഒരു മധ്യവര്‍ഗ്ഗ സമൂഹമായി മാറി. ഈ മധ്യവര്‍ഗ്ഗ സമൂഹത്തില്‍ തന്നെ സാമുദായികമായി ധ്രുവീകരിക്കപ്പെട്ട സെമിറ്റിക് പാട്രിയാര്‍ടിക് സമൂഹവും കേരളീയ ഹിന്ദു സാമുദായിക സമൂഹവും ദലിതുകളും ഉണ്ട്. അടിമുടി പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകക്രമവും മുന്നിലുണ്ട്. ഇതിനിടയിലൂടെ കടന്നു പോകുന്ന ഒരു പ്രസ്ഥാനത്തിന്, പഴയ വ്യക്തികളെ മാത്രമല്ല, പുതിയ വ്യക്തികളെയും പുതിയ പ്രശ്‌നങ്ങളെയും അഡ്രസ് ചെയ്യേണ്ടതുണ്ടായിരുന്നു. ഇത് തീര്‍ക്കുന്ന ആശയക്കുഴപ്പങ്ങളുടെ ലോകം വളരെ വലുതാണ്.

Also Read:

വിഎസും പിണറായിയും പാര്‍ട്ടിയും ഒരു പോലെ പുതിയ ലോകക്രമത്തെ അഡ്രസ് ചെയ്യേണ്ടി വരുമ്പോള്‍ ഉള്ള ഒരു പ്രത്യയശാസ്ത്ര കലഹങ്ങളിലൂടെ കടന്നു പോയി. അതായത്, മുസ്ലിം, മുസ്ലിം എന്ന കണ്ണടയിലൂടെ നോക്കാനും അറ്റസ്റ്റ് ചെയ്യാനുമുള്ളതും മാത്രമല്ല, കേരള ചരിത്രം. സമ്മിശ്ര സാമുദായിക സമൂഹമാണ്. മുസ്ലിം നിന്ദയും അപരമത വിദ്വേഷവും പുലര്‍ത്തുന്നവരെ സെക്യുലര്‍ സമൂഹം മുഖ്യധാരയില്‍ വലിയ കൈയടികളോടെ ചേര്‍ത്തു നിര്‍ത്തിയിട്ടില്ല.

എങ്കിലും, വിഎസിന് ഒഴിവാക്കാമായിരുന്ന കുറേ പരാമര്‍ശങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ സംവാദത്തിന്റെ ഏതോ ഘട്ടത്തില്‍ കെഇഎന്ന് നേരെ, ബോഡി ഷെയിമിംഗ് എന്നു പറയാവുന്ന രീതിയില്‍, ഒരു ആക്ഷേപം, വിഎസ് നടത്തിയിട്ടുണ്ട്. എത്രയോ നിര്‍മ്മമനായിട്ടാണ് കെഇഎന്‍ അതിനോട് പ്രതികരിച്ചത്. അതിവൈകാരികതയുടെ ലാഞ്ചന പോലുമില്ലാതെ. മാതൃകാ പരമായിരുന്നു കെഇഎന്‍ എടുത്ത മൗനം. കാരണം കെഇഎന്‍ യുക്തിവാദിയുമാണ്, കമ്യൂണിസ്റ്റുമാണ്.

എന്നാല്‍, കേരളത്തില്‍ രൂപപ്പെട്ടു വരുന്ന നവ മുസ്ലിം ഡിബേറ്റുകള്‍, ഗുണവത്തല്ലാത്ത ആശയ ഭ്രാന്തായി മാറുന്നുണ്ട്. അത് യഥാര്‍ഥത്തില്‍ , മുസ്ലിംകളെ മുഖ്യധാരയില്‍ നിന്ന് പിറകോട്ടു കൊണ്ടു പോകുന്ന ഒരു നിലപാടായിരിക്കും എന്ന് എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ന്യായമായും സംശയിക്കുന്നു.
Content Highlights: Thaha Madai about Late CPIM leader VS Achuthanandan

dot image
To advertise here,contact us
dot image