
ഒറ്റക്കൈയ്യുള്ള ഒരാള്‍ക്ക് പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ സാധിക്കുമോ? കീഴ്‌പ്പെടുത്തി കൊലപ്പെടുത്തുന്നതിന് സാധിക്കുമോ? വിചാരണയ്ക്കിടെ കോടതിയില്‍ ഉയര്‍ന്ന ഈ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം. കൊടുകുറ്റവാളികള്‍ പാര്‍ക്കുന്ന, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ നിന്നാണ് കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. അതും സെല്ലിലെ കമ്പി മുറിച്ച് വലിയ ചുറ്റുമതില്‍ ചാടിക്കടന്ന്. 25 അടിയോളം ഉയരമുള്ള മതിലാണ് കോടതി ഒരിക്കല്‍ സംശയിച്ച ശാരീരിക ക്ഷമത വച്ച് ഇയാള്‍ ചാടിക്കടന്നതെന്നോര്‍ക്കണം. അതും ആ മതിലിനും മുകളിലായി സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ഫെന്‍സിങ് വരെ അയാള്‍ക്ക് നിഷ്പ്രയാസം മറികടക്കാനായി. ഒരുനിലയ്ക്കും സാധൂകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഗുരുതരവീഴ്ച.
ഏഴരമീറ്ററോളം ഉയരമുള്ള, സിസിടിവി സുരക്ഷ ഒരുക്കിയിട്ടുള്ള, ഇലക്ട്രിക് ഫെന്‍സിങ് ഉള്ള ഒരു ജയിലില്‍ നിന്ന് കൊടുംക്രിമിനല്‍ ആയിട്ടുള്ള ഒരു വ്യക്തി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തുനടപ്പാക്കിയ ചാട്ടത്തെ ജയില്‍ സംവിധാനങ്ങളുടെ ഒന്നാകെയുള്ള സമ്പൂര്‍ണ പരാജയമായി മാത്രമേ കാണാന്‍ സാധിക്കൂ. രാഷ്ട്രീയത്തടവുകാര്‍ ഉള്‍പ്പെടെ ജയിലില്‍ ഉണ്ടെന്ന് ഓര്‍ക്കണം. എന്നിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ സംഗതി അറിയുന്നത് പോലും!
ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് ഇയാള്‍ക്ക് പശ്ചാത്താപം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ക്രിമിനല്‍ സ്വഭാവം ഇയാള്‍ കാണിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. അങ്ങനെയൊരാള്‍ക്ക് ആരാണ് ജയിലിന് അകത്തുനിന്നും പുറത്തുനിന്നും സഹായം നല്‍കുന്നത്? ഇലക്ട്രിക് ഫെന്‍സിങ്ങില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതിനര്‍ഥം ഈ ജയില്‍ചാട്ടം ഒരു ഇന്‍സൈഡ് ജോബ് തന്നെയാണെന്നാണ്. ഗോവിന്ദച്ചാമിയെ മാത്രമല്ല അയാള്‍ക്ക് ഒത്താശ ചെയ്തവരേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയും ശിക്ഷ നല്‍കുകയും വേണം.
മകളും പോയി മകനും പോയി..ഉപേക്ഷിച്ചുപോയ ഭര്‍ത്താവും മരണപ്പെട്ടു..ആ പെണ്‍കുട്ടിയുടെ അമ്മ തനിച്ചാണ്..സാധാരണക്കാരിയായ അവരും ചോദിക്കുന്നത് അതുതന്നെയാണ്. 'കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പോലെ വലിയൊരു ജയിലില്‍ നിന്ന് എങ്ങനെയാണ് ഒരാള്‍ ചാടിപ്പോവുക ഒന്നുമില്ലാതെ അങ്ങനെ രക്ഷപ്പെടാന്‍ സാധിക്കില്ല. അവന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. അങ്ങനെ സംശയിക്കാതിരിക്കാനുള്ള കാരണമൊന്നും ഇല്ല. ഇത്ര വലിയ ജയിലില്‍ നിന്ന് ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമി എങ്ങനെ ചാടാനാണ്? അവന് വധശിക്ഷ നല്‍കണം. ഇത്രവലിയ ക്രൂരകൃത്യം ചെയ്ത ഒരാള്‍ നിയമത്തിന് ഇനിയും രക്ഷപ്പെടാന്‍ പാടില്ല.'
ജയില്‍ചാടിയവനെ സാഹസികമായി പിടികൂടിയെന്ന് അവകാശപ്പെട്ട് തടിയൂരും മുന്‍പ് ഈ ജയില്‍ചാട്ടത്തിന് ജയില്‍വകുപ്പ് ഉത്തരം പറഞ്ഞേ മതിയാകൂ. നിയമവാഴ്ചയെ വെല്ലുവിളിച്ച പ്രതിയുടെ ചെയ്തികള്‍ക്ക്, ആ അമ്മയുടെ കണ്ണീരിന് ഉത്തരം പറയേണ്ടത് ജയില്‍ അധികൃതരാണ്, ആഭ്യന്തരവകുപ്പാണ്. എങ്ങനെ, എന്ത് സംഭവിച്ചു, ഇനിയെന്ത് എന്നതിനെല്ലാം ഉത്തരം കൂടിയേ തീരൂ. ചാടിയത് ഒരു മയക്കുമരുന്ന് കേസിലെയോ, അടിപിടിക്കേസിലെയോ പ്രതിയല്ല. കേരള മനസാക്ഷിയെ ഞെട്ടിച്ച, കുടുംബത്തിന്റെ ഏക താങ്ങായിരുന്ന ഒരുപാട് സ്വപ്‌നങ്ങളുള്ള ഒരു പെണ്‍കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ കൊടുംകുറ്റവാളിയാണ്.
Content Highlights: Govindachamy Jail Break; Security Lapses Police Face Heat Over Jailbreak