ജൂതരാഷ്ട്രം എങ്ങനെ യാഥാർത്ഥ്യമായി? തിയോഡർ ഹെർസൽ എന്ന മാധ്യമപ്രവർത്തകന്റെ പങ്ക്!

'ഞാൻ ജൂത രാഷ്ട്രം കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഇത് ഉറക്കെ പറഞ്ഞാൽ ഞാൻ ലോകത്തിന് മുന്നിൽ പരിഹാസ്യനാകും. ചിലപ്പോൾ അഞ്ച് വർഷം കഴിഞ്ഞ്, അല്ലെങ്കിൽ 50 വർഷം കഴിഞ്ഞ് എല്ലാവർക്കും അത് മനസ്സിലാകും.'

ജൂതരാഷ്ട്രം എങ്ങനെ യാഥാർത്ഥ്യമായി? തിയോഡർ ഹെർസൽ എന്ന മാധ്യമപ്രവർത്തകന്റെ പങ്ക്!
ജിതി രാജ്
3 min read|10 Oct 2023, 06:36 pm
dot image

യഹൂദർക്ക് മാത്രമായൊരു ജൂതരാഷ്ട്രം എന്ന സയണിസ്റ്റ് ആശയത്തിനായി പ്രചാരണം തുടങ്ങുമ്പോൾ തിയോഡർ ഹെർസലിന് മുന്നിലുണ്ടായിരുന്നത് പലസ്തീനെന്ന രാജ്യം മാത്രമായിരുന്നു. ആരായിരുന്നു തിയോഡർ ഹെർസൽ? മാധ്യമ പ്രവർത്തകൻ? രാജതന്ത്രജ്ഞൻ? അതോ അവസാനമില്ലാതെ തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് വെടിമരുന്നിട്ട സൂത്രധാരൻ?

എത്ര ഉയർന്ന പദവിയിലായാലും പാശ്ചാത്യ രാജ്യങ്ങളിൽ ജൂതർക്ക് അവഗണനയും അധിക്ഷേപവും മാത്രമെന്ന തിരിച്ചറിവിൽ നിന്നാണ് ഹെർസൽ യഹൂദർക്കായി രാജ്യം വേണമെന്ന ഉറച്ച തീരുമാനത്തിൽ ഇറങ്ങി തിരിച്ചത്. ഓസ്ട്രേലിയയിൽ വേരുകളുള്ള യഹൂദനായ മാധ്യമപ്രവർത്തകൻ തിയോഡർ ഹെർസൽ ഇതിനായി അന്താരാഷ്ട്ര തലത്തിൽ മുന്നേറ്റം സംഘടിപ്പിക്കുന്നത് 1896 ലാണ്.

പുരാതന ഇസ്രയേലിൽ ജൂത രാഷ്ട്രം രൂപീകരിക്കണമെന്ന് 1799 ൽ നെപ്പോളിയനും ആഗ്രഹിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ഹംഗറിയിൽ ജനിച്ച ഹെർസൽ ജോലിയുമായി ബന്ധപ്പെട്ട് ഫ്രാൻസിലേക്ക് കുടിയേറിയതോടെയാണ് ഫ്രഞ്ച് വിപ്ലവം നടന്ന രാജ്യത്ത് എത്രമാത്രം വംശീയത നിലനിൽക്കുന്നുവെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുണ്ടാകുന്നത്. ഫ്രാൻസിൽ ജൂതർ നേരിടുന്നത് കൊടിയ അടിച്ചമർത്തലെന്ന തിരിച്ചറിവിൽ നിന്നാണ് ജൂതരാഷ്ട്രം എന്ന ആശയം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുന്നത്.

സ്വന്തമായൊരു രാജ്യത്തല്ലാതെ ജൂതർക്ക് അതിജീവനം സാധ്യമല്ലെന്ന് ഹെർസൽ ലോകത്താകമാനമുള്ള ജൂതരെ ബോധിപ്പിക്കുന്നു. ഇതിനായി ഹെർസൽ 100 പേജുള്ള ലഘുലേഖ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു. പല ഭാഷകളിലേക്ക് തർജ്ജമ ചെയ്തു. യൂറോപ്പിൽ പല ഭാഗത്തായി ചിതറിക്കിടന്ന ജൂതരെ ഒരുമിപ്പിക്കാൻ യോഗങ്ങൾ സംഘടിപ്പിച്ചു. അങ്ങനെ യൂറോപ്പിൽ നിന്ന് ജൂതർ ഇന്നത്തെ ഇസ്രയേൽ - പലസ്തീൻ ഭൂമിയിലേക്ക് പലായനം ചെയ്തു. എന്നാൽ ഹെർസലിന് മുമ്പും അവിടെ 20000 ഓളം ജൂതർ താമസിച്ചിരുന്നു. ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ പലായനം ചെയ്ത് പലസ്തീനിലെത്തിയവരുടെ എണ്ണം എട്ടിരട്ടിയായി.

ജൂത രാഷ്ട്രം വേണമെന്ന ആശയം സ്വാംശീകരിക്കുന്ന ആദ്യ ആളല്ല ഹെർസൽ. യാഥാസ്ഥിതിക ജൂത വിഭാഗങ്ങൾ ഇസ്രയേൽ രാജാവായ ദാവീതിന്റെ രാജ്യമായ ജറുസലേമിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹിച്ചിരുന്നവരാണ്. ഇസ്രയേലിന്റെ ദൈവമായ യഹോവ കഴിയുന്നത് സയൻ കുന്നുകളിലാണെന്നാണ് ഇവരുടെ വിശ്വാസം. ഇതിനാലാണ് ഇസ്രയേലിന്റെ ദേശീയ ആശയം സയണിസമെന്നും പുരാതന ഇസ്രയേലിലേക്കുള്ള മടക്കത്തെ സയണിസ്റ്റ് മൂവ്മെന്റ് എന്നും വിളിക്കുന്നത്. പുരാതന ഇസ്രയേലിൽ ജൂത രാഷ്ട്രം രൂപീകരിക്കണമെന്ന് 1799 ൽ നെപ്പോളിയനും ആഗ്രഹിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യ നേരിട്ടത് ജൂതരാണ്. 1939 നും 1945 നുമിടയിൽ 60 ലക്ഷം ജൂതരാണ് കൊന്നൊടുക്കപ്പെട്ടത്. തന്റെ ആത്മകഥയായ മെയിൻ കാഫിൽ ജർമ്മനിയിലെ രോഗാണുക്കൾ എന്നാണ് ഹിറ്റ്ലർ ജൂതരെ വിശേഷിപ്പിച്ചത്.

1896 ൽ ഇന്നത്തെ ഇസ്താംബൂളിലേക്ക് (പുരാതന കോൺസ്റ്റാന്റിനോപ്പിൾ) തിരിച്ച ഹെർസലിന്റെ പ്രതീക്ഷ, ഒട്ടോമൻ സുൽത്താനെ കണ്ട് ജൂതരാഷ്ട്രത്തെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു. ഈ യാത്രയിൽ ജൂതർ താമസിക്കുന്ന സോഫിയ, ബൾഗേറിയ എന്നിവിടങ്ങളിൽ വച്ച് നൂറ് കണക്കിന് ജൂതർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തും തങ്ങളുടെ നേതാവായി അംഗീകരിച്ചും രംഗത്തെത്തി. 11 ദിവസം കോൺസ്റ്റാന്റിനോപ്പിളിൽ കഴിഞ്ഞിട്ടും അദ്ദേഹത്തിന് സുൽത്താനെ കാണാനായില്ല. പിന്നീട് ലണ്ടനിലെത്തിയ ഹെർസലിനെ എല്ലാ ജൂത നേതാക്കളും സ്വാഗതം ചെയ്തില്ല. ഹെർസലിന്റെ പല നിലപാടുകളും ഇവർക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. സയണിസത്തിൽ തന്നെ പല വകഭേദങ്ങളുണ്ടായിരുന്നു. ഇതോടെയാണ് എല്ലാ രാജ്യങ്ങളിലെയും ജൂതരെ ചേർത്ത് സയണിസ്റ്റ് കോൺഗ്രസ് നടത്താൻ ഹെർസൽ തീരുമാനിച്ചത്.

1897ൽ സ്വിറ്റ്സർലന്റിലെ ബേസലിൽ ആദ്യ സയണിസ്റ്റ് കോൺഗ്രസ് ചേർന്നു. World Zionist Organization ന്റെ ആദ്യ പ്രസിഡന്റായി ഹെർസൽ. ഈ യോഗം വലിയ വിജയമാക്കാൻ ഹെർസലിന് സാധിച്ചു. ഹെർസലിന്റെ ജൂതെൻസ്ഥാൻ (The Jewish State) എന്ന പുസ്തകം സയണിസ്റ്റ് മൂവ്മെന്റിന്റെ സുപ്രധാന പ്രസിദ്ധീകരണമാണ്. സയണിസ്റ്റ് കോൺഗ്രസിന്റെ വിജയത്തിന് ശേഷം ഹെർസൽ തന്റെ ഡയറിയിൽ ഇങ്ങനെയെഴുതി,

ഞാൻ ജൂത രാഷ്ട്രം കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഇത് ഉറക്കെ പറഞ്ഞാൽ ഞാൻ ലോകത്തിന് മുന്നിൽ പരിഹാസ്യനാകും. ചിലപ്പോൾ അഞ്ച് വർഷം കഴിഞ്ഞ്, അല്ലെങ്കിൽ 50 വർഷം കഴിഞ്ഞ് എല്ലാവർക്കും അത് മനസ്സിലാകും.

കൃത്യം 50 വർഷത്തിന് ശേഷം 1947 ൽ ഐക്യരാഷ്ട്ര സഭ പലസ്തീനിൽ ജൂതരാഷ്ട്രം രൂപീകരിക്കാനുള്ള നിർദേശം നല്കി. ആറ് മാസത്തിന് ശേഷം David Ben-Gurion ടെൽ അവീവിൽ വച്ച് ഇസ്രയേൽ സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന് പ്രഖ്യാപിച്ചു.

ഒന്നാം ലോക മഹായുദ്ധത്തോടെ ഒട്ടോമൻ സാമ്രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിന് മുന്നിൽ തകർന്നടിയുകയും, സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന പലസ്തീൻ ബ്രിട്ടന്റെ അതീനതയിലാവുകയും ചെയ്തത് ഇസ്രയേൽ രൂപീകരണത്തിന് ആക്കം കൂട്ടി. ഈ സമയത്ത് തന്നെയാണ് ലോകത്താകെ ജൂത സമൂഹം ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിട്ടുകൊണ്ടിരുന്നത്. അഡോൾ ഹിറ്റ്ലറുടെ നാസി പട്ടാളത്തിന്റെ ജൂതകൂട്ടക്കൊല അടക്കം പലസ്തീനിലേക്കുള്ള ജൂതരുടെ പലായനം വേഗത്തിലാക്കി.

പിന്നീട് 1901 മെയിൽ ഒട്ടോമൻ സുൽത്താനെ കണ്ട് ഹെർസൽ പദ്ധതി അവതരിപ്പിച്ചെങ്കിലും അദ്ദേഹം തള്ളി. പല ശ്രമങ്ങൾ പാഴായതോടെ, പലസ്തീനിന് പകരം കെനിയയിൽ ജൂത കോളനി എന്ന ബ്രിട്ടീഷുകാർ മുന്നോട്ടുവച്ച പദ്ധതി ഹെർസൽ ആറാം സയണിസ്റ്റ് കോൺഗ്രസിൽ മുന്നോട്ട് വച്ചു. എന്നാൽ ഇതിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന് മാത്രമല്ല, റഷ്യയിൽ നിന്നുള്ളവർ ഇതിനെ ശക്തമായി എതിർത്തു. ഏഴാം സയണിസ്റ്റ് കോൺഗ്രസിൽ ഈ പദ്ധതി പൂർണ്ണമായും തള്ളി. ഇതോടെ തകർന്ന ഹെർസൽ 1904 July 3 ന് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു.

ജൂതരുടെ അധിനിവേശത്തെ യൂറോപ്യൻ കോളനിവത്കരണമായാണ് പലസ്തീനിലെ അറബ് വംശജർ കണ്ടത്. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി. ഇതേ സമയത്തുതന്നെ ലോകത്താകമാനമുള്ള കോളനികളിൽ നിന്ന് പിൻവാങ്ങിക്കൊണ്ടിരുന്ന ബ്രിട്ടന് ഈ ആക്രമണങ്ങളെ ചെറുക്കാനാകാതെയായി. 1947 ൽ വോട്ടെടുപ്പിലൂടെ ഐക്യരാഷ്ട്ര സഭ പലസ്തീനെ രണ്ട് രാഷ്ടമാക്കി. 650000 ജൂതർ ചേർന്ന് ഇസ്രയേലും ഇതിലിരട്ടിയിലധികം വരുന്ന അറബ് ജനത പലസ്തീൻ രാഷ്ട്രമായും മാറി. പിന്നീട് തുടർച്ചയായുണ്ടായ അധിനിവേശങ്ങളിൽ പലസ്തീൻ ജനത, ഗസ മുനമ്പിലും വെസ്റ്റ് ബാങ്കിലുമായി ചുരുങ്ങുകയും പശ്ചിമേഷ്യ കലാപ കലുഷിതമായി തുടരുകയും ചെയ്യുന്നു.

19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ പകുതി വരെയും ലോകത്താകമാനം, ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളിൽ നിന്ന് നേരിട്ട ആക്രമണങ്ങളാണ് ജൂതരെ അരക്ഷിത സമൂഹമാക്കുന്നത്. അടിഞ്ഞുചേരാനൊരു രാജ്യമില്ലാതെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന സമൂഹം ഈ അരക്ഷിതാവസ്ഥയിൽ നിന്ന് കരകയറാൻ കണ്ട ഒരേ ഒരു പിടി വള്ളി സ്വന്തമായൊരു രാജ്യം കെട്ടിപ്പടുക്കുകയെന്നതായിരുന്നു.

ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യ നേരിട്ടത് ജൂതരാണ്. 1939 നും 1945 നുമിടയിൽ 60 ലക്ഷം ജൂതരാണ് കൊന്നൊടുക്കപ്പെട്ടത്. തന്റെ ആത്മകഥയായ മെയിൻ കാഫിൽ ജർമ്മനിയിലെ രോഗാണുക്കൾ എന്നാണ് ഹിറ്റ്ലർ ജൂതരെ വിശേഷിപ്പിച്ചത്.

ഹിറ്റ്ലറിനും എത്രയോ മുമ്പ് റോമക്കാരും പിന്നീട് തുർക്കികളും അതിന് ശേഷം കിഴക്കൻ യൂറോപ്യരും ജൂതരെ വേട്ടയാടി. സ്വന്തമായൊരിടമില്ലാത്തവരെന്നതിനാൽ തന്നെ ഭൂരിപക്ഷ സമൂഹം ജൂതരെ വേട്ടയാടുന്നതിൽ ഒരു ദയയും കാണിച്ചില്ല. ഈ അരക്ഷിതാവസ്ഥയിൽ ഗതികെട്ട് സ്വന്തമായൊരു മണ്ണിന് വേണ്ടി പേരാടിയാണ് അവർ ഇസ്രയേൽ കെട്ടിപ്പടുത്തത്. ഒരു കാലത്ത് രോഗാണുകണക്കിന് കണ്ട് കൊന്നൊടുക്കപ്പെട്ട സമൂഹം, എന്നാൽ മറ്റൊരിടത്ത് അഭയം തേടുകയും അധിനിവേശത്തിലൂടെ അവിടം പിടിച്ചെടുക്കുകയും ചെയ്ത് ഇനിയുമൊരു അരക്ഷിത സമൂഹത്തെ വാർത്തെടുത്തുവെന്നതാണ് ചരിത്ര സത്യം. ഇസ്രയേലെന്നും പലസ്തീനെന്നും രണ്ട് രാഷ്ട്രമായി മാറിയെങ്കിലും പലസ്തീനെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുകയാണ് ഇസ്രയേൽ, മറ്റൊരു രോഗാണുവിനെ സൃഷ്ടിച്ചുകൊണ്ട്...!

dot image
To advertise here,contact us
dot image