'കോടതിയിലെ കേസുകളെ കുറിച്ച് സൈനികരും കുടുംബവും ആശങ്കപ്പെടേണ്ട'; എന്താണ് NALSA വീർ പരിവാർ സഹായത യോജന?

2025 ജൂലൈ 26, കാർഗിൽ വിജയ് ദിവസ് ദിനത്തിലാണ് NALSA വീർ പരിവാർ സഹായത യോജന ഔദ്യോഗികമായി ആരംഭിച്ചത്

dot image

രാജ്യത്തിനായി അതിർത്തികളിലും വിദൂരസ്ഥലങ്ങളിലും ജോലി ചെയ്യുന്നവരാണ് നമ്മുടെ സൈനികരും അർദ്ധസൈനിക വിഭാഗത്തിൽ പെടുന്നവരും. പലപ്പോഴും കുടുംബത്തിൽ വരുന്ന നിയമപ്രശ്‌നങ്ങളിൽ ഇടപെടാൻ ഇവർക്ക് സാധിക്കാറില്ല. പലപ്പോഴും ലീവ് ലഭിക്കാത്തതും വിദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നതുമൊക്കെയാണ് ഇതിനുള്ള കാരണം. എന്നാൽ ഇപ്പോഴിതാ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി. ഇന്ത്യൻ സൈനികരുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും കുടുംബാംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി 'NALSA വീർ പരിവാർ സഹായത യോജന' എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിച്ചത്.

2025 ജൂലൈ 26, കാർഗിൽ വിജയ് ദിവസ് ദിനത്തിലാണ് NALSA വീർ പരിവാർ സഹായത യോജന ഔദ്യോഗികമായി ആരംഭിച്ചത്. ശ്രീനഗറിൽ വെച്ച് നടന്ന പരിപാടിയിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് സൂര്യകാന്ത് ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് അവരുടെ കുടുംബങ്ങളുടെ ആഭ്യന്തര നിയമപ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ രാജ്യസേവനം നടത്താൻ സൈനികർക്ക് കഴിയണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ സൈനികരുടെ കുടുംബപരമായ സ്വത്ത് തർക്കങ്ങൾ, ആഭ്യന്തര പ്രശ്‌നങ്ങൾ, ഭൂമി സംബന്ധമായ കാര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി NALSA സൗജന്യമായി നിയമസഹായം നൽകും.

എല്ലാ സംസ്ഥാനങ്ങളിലെയും സൈനിക് വെൽഫെയർ ബോർഡുകളിൽ നിയമസഹായത്തിനായി ഒരു സംവിധാനം സ്ഥാപിക്കും. ഇവിടെ പാനൽ അഭിഭാഷകരും പാരാ ലീഗൽ വോളന്റിയർമാരും ലഭ്യമായിരിക്കും. സൈനിക ഉദ്യോഗസ്ഥർക്ക് പുറമെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Content Highlights: What is NALSA Veer Parivar Sahayata Yojana

dot image
To advertise here,contact us
dot image