
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രംഗത്ത്. തിടുക്കത്തില്‍ നടപ്പാക്കാനുള്ള നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടുമെന്നും തമിഴ്‌നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
'അത്ര ശ്രീയല്ല പിഎം ശ്രീ' എന്ന തലക്കെട്ടോടെയാണ് ലേഖനം. സിപിഐയുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ പദ്ധതി തിടുക്കത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ലേഖനത്തില്‍ പറയുന്നു. പദ്ധതിയെ സിപിഐയുടെ പോഷകസംഘടനകള്‍ എതിര്‍ത്തപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്. മുന്‍പും പദ്ധതി നടപ്പിലാക്കാന്‍ നീക്കം നടന്നിരുന്നു. അന്ന് സിപിഐ മന്ത്രിമാര്‍ ഇടപെട്ട് വിഷയം ചര്‍ച്ചയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. കേന്ദ്ര വ്യവസ്ഥയ്ക്ക് വഴങ്ങി കൃഷി, ആരോഗ്യ വകുപ്പുകള്‍ ഫണ്ട് വാങ്ങിയതുപോലെ ഇതിനെയും കണ്ടാല്‍ മതിയെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വാദം. കൃഷി വകുപ്പോ ആരോഗ്യവകുപ്പോ വാങ്ങുന്ന ഫണ്ട് പോലെയല്ല വിദ്യാഭ്യാസ മേഖലയില്‍ മോദി സര്‍ക്കാര്‍ നല്‍കുന്ന 'ഔദാര്യം' എന്നും ലേഖനത്തില്‍ പറയുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ അടിമുടി ഉടച്ചുവാര്‍ത്താണ് മോദി സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞതിനാലാണ് തമിഴ്‌നാട്, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ പദ്ധതിയെ പടിക്ക് പുറത്ത് നിര്‍ത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രചാരണത്തിനും നടത്തിപ്പിനുമായാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിക്ക് ശിലയിട്ടത്. ഭരണഘടനാ മൂല്യങ്ങളെ തൃണവല്‍ക്കരിച്ചും രാജ്യത്തെ മതനിരപേക്ഷതയും അക്കാദമിക കാഴ്ചപ്പാടുകളും തകിടംമറിച്ചുമാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്കെതിരെ നിലപാടെടുത്തെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പദ്ധതി നടപ്പാക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights- Samastha aganist minister v sivankutty over pm shri project