
കൊച്ചി: മുംബൈയില്‍ കാൻസർ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തിച്ചു. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിൻ്റെ മൃതദേഹമാണ്. സംസ്‌കാരത്തിന് തൊട്ടുമുൻപാണ് മൃതദേഹം മാറിപ്പോയ കാര്യം വീട്ടുകാർക്ക് മനസിലായത്
ഏറെക്കാലമായി മുംബൈയിൽ താമസിക്കുന്ന ജോർജ് കെ ഐപ്പ് (59) രണ്ടു ദിവസം മുൻപാണ് മരിച്ചത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തുടർന്ന് പരേതൻ്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഭാര്യ ഷൈനിയും മകൻ അബിനും തീരുമാനിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കൾ പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയുടേതെന്ന് വ്യക്തമായത്.
പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴാണ് അത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണെന്ന് വ്യക്തമായത്. ശവപ്പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത് ഒരേ പേര് ആയിരുന്നതിനാൽ ഏജൻസിക്കാർ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ തെറ്റു പറ്റുകയായിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഏജൻസിയെ ബന്ധപ്പെട്ട് ജോർജ് കെ ഐപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു.തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്ന് മനസിലായ ഏജൻസി ഇന്നലെ തന്നെ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു.സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11.30ന് സംസ്കരിക്കും.
Content Highlight : The body of a man who died of cancer was moved; the mistake was realized when it was taken for burial