രണ്ട് റെഡ് കാര്‍ഡുകളും ഒന്‍പത് ഗോളുകളും; ത്രില്ലര്‍ പോരില്‍ ലെവര്‍കൂസനെതിരെ പിഎസ്ജിക്ക് വിജയം

ലെവര്‍കൂസന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പിഎസ്ജി ത്രില്ലർ വിജയം സ്വന്തമാക്കി

രണ്ട് റെഡ് കാര്‍ഡുകളും ഒന്‍പത് ഗോളുകളും; ത്രില്ലര്‍ പോരില്‍ ലെവര്‍കൂസനെതിരെ പിഎസ്ജിക്ക് വിജയം
dot image

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ത്രില്ലര്‍ വിജയവുമായി പാരിസ് സെന്റ് ജര്‍മന്‍. രണ്ട് റെഡ് കാര്‍ഡുകളും ഒന്‍പത് ഗോളുകളും പിറന്ന മത്സരത്തില്‍ ബയർ ലെവര്‍കൂസനെയാണ് നിലവിലെ ചാമ്പ്യന്മാര്‍ കീഴടക്കിയത്. ലെവര്‍കൂസന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക് പിഎസ്ജി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി ഏഴാം മിനിറ്റില്‍ തന്നെ പിഎസ്ജി ​ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. വില്ലിയന്‍ പാച്ചോയാണ് പിഎസ്ജിയെ ആദ്യം മുന്നിലെത്തിച്ചത്. ആദ്യ ഗോൾ പിറന്നതും ഇരുഭാ​ഗത്തുനിന്നും ആക്രമണങ്ങൾ തുടർന്നു. ഇതിനിടയില്‍ ലെവര്‍കൂസന്റെയും പിഎസ്ജിയുടെയും ഓരോ താരങ്ങള്‍ വീതം റെഡ് കാര്‍ഡ് കണ്ട് മടങ്ങി. 33ാം മിനിറ്റില്‍ ലെവർകൂസന്റെ റോബര്‍ട്ട് ആന്‍ഡ്രിച്ചാണ് ആദ്യം റെഡ് കാർഡ് കണ്ട് മടങ്ങിയത്. നാല് മിനിറ്റുകള്‍ക്ക് ശേഷം ഇല്ലിയ സബര്‍ണി മടങ്ങിയതോടെ പിഎസ്ജിയും പത്ത് പേരായി ചുരുങ്ങി.

തൊട്ടടുത്ത മിനിറ്റില്‍ തന്നെ പെനാൽറ്റിയിലൂടെ അലക്‌സിസ് ഗാര്‍ഷ്യ ലെവർകൂസനെ പിഎസ്ജിക്ക് ഒപ്പമെത്തിച്ചു. 41ാം മിനിറ്റില്‍ പിഎസ്ജി വീണ്ടും ലീഡെടുത്തു. ഡിസൈര്‍ ഡൗവാണ് പിഎസ്ജിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. മൂന്ന് മിനിറ്റുകള്‍ക്കകം കിച്ച ക്വാരത്‌ഷേലിയയിലൂടെ പിഎസ്ജി വീണ്ടും വലകുലുക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡൗ പന്ത് വലയില്‍ എത്തിച്ചു.

രണ്ടാം പകുതിയിലും പിഎസ്ജി​ ​ഗോളടി തുടർന്നു. 50ാം മിനിറ്റില്‍ നൂനോ മെന്‍ഡസും അക്കൗണ്ട് തുറന്നു. പിന്നാലെ ഗാര്‍ഷ്യയിലൂടെ ലെവര്‍കൂസന്‍ അവരുടെ രണ്ടാം ഗോള്‍ കണ്ടെത്തി. പിഎസ്ജിക്ക് വേണ്ടി ഉസാമനെ ഡെംബലെയും വിറ്റിഞ്ഞയും ​ഗോൾ നേടിയതോടെ ലെവർകൂസന് സ്വന്തം തട്ടകത്തില്‍ വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

Content Highlights: UEFA Champions League; Bayer Leverkusen well beaten by PSG

dot image
To advertise here,contact us
dot image