

രാജ്യത്തെ കായികമേഖലയ്ക്ക് ആവേശം പകർന്നുകൊണ്ട് കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയ നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
ഇന്ന് ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്ട് ജനറൽ അസംബ്ലിയിൽ, 74 അംഗരാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രതിനിധികൾ ഇന്ത്യയുടെ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹത്തിന് അംഗീകാരം നൽകി. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്‍വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്ഗോയിലെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2010ൽ ന്യൂഡൽഹിയിൽ വെച്ചാണ് ഇന്ത്യ അവസാനം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.
കോമൺവെൽത്ത് ഗെയിംസിന്റെ 100-ാം വാർഷിക മേളയ്ക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 1930ൽ കാനഡയിലാണ് ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നത്. അന്ന് ഓസ്ട്രേലിയ മെഡൽപട്ടികയിൽ ഒന്നാമതെത്തി. 2022ൽ ഇംഗ്ലണ്ടിലെ ബ്രിമിങ്ഹാമിൽ വെച്ച് കോമൺവെൽത്ത് ഗെയിംസിന്റെ അവസാന പതിപ്പ് നടന്നു. 2026ലെ കോമൺവെൽത്ത് ഗെയിംസ് ജൂലൈയിൽ ഓസ്ട്രേലിയൻ നഗരമായ വിക്ടോറിയയിൽ വെച്ച് നടക്കും.
Content Highlights: 2030 Commonwealth Games Will Be Hosted By Ahmedabad