റെക്കോര്‍ഡുകളും നേട്ടങ്ങളുമല്ല; ആരും കാണാത്ത കണ്ണീരും പോരാട്ടങ്ങളുമാണ് ഞാന്‍ ഓര്‍ക്കുക: അനുഷ്‌ക

കോഹ്‌ലിക്കൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്

dot image

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ഭാര്യ അനുഷ്‌ക ശര്‍മ. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ വിജയയാത്രയെ അടയാളപ്പെടുത്തുന്ന കുറിപ്പാണ് അനുഷ്‌ക സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കോഹ്‌ലിക്കൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'എല്ലാവരും നിങ്ങളുടെ റെക്കോര്‍ഡുകളെ കുറിച്ചും നാഴികക്കല്ലുകളെ കുറിച്ചുമാണ് സംസാരിക്കുക. എന്നാല്‍ ഞാന്‍ നിങ്ങള്‍ ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരിനെയും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളെയും ഈ ഫോര്‍മാറ്റില്‍ നിങ്ങള്‍ നല്‍കിയ അചഞ്ചലമായ സ്നേഹത്തെയും കുറിച്ചാണ് ഓര്‍ക്കുക. ഇതിനെല്ലാം വേണ്ടി നിങ്ങള്‍ എത്രമാത്രം സഹിച്ചുവെന്ന് എനിക്കറിയാം.

'ഓരോ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷവും കൂടുതല്‍ അറിവോടെയും വിനയത്തോടെയും തിരിച്ചെത്തുമായിരുന്നു. ഇതെല്ലാം കാണുന്നത് ഒരു പ്രിവിലേജാണ്. വെള്ളക്കുപ്പായത്തിലായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നിങ്ങള്‍ വിരമിക്കുക എന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ പിന്തുടര്‍ന്നു. ഈ വിടവാങ്ങലിലെ ഓരോ ബഹുമതിയും നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട്', അനുഷ്‌ക കുറിച്ചു. കുറിപ്പിന് ഹാര്‍ട്ട് ഇമോജി നല്‍കി കോലി പ്രതികരിച്ചിട്ടുമുണ്ട്.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ 14 വര്‍ഷത്തെ ഐതിഹാസിക കരിയറിനാണ് വിരാട് ഇന്ന് വിരാമമിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യയുടെ മുന്‍ നായകന്‍ ആരാധകരെ അറിയിച്ചത്.

ബുദ്ധിമുട്ടിയാണെങ്കിലും കൃത്യമായ തീരുമാനം എടുക്കുന്നുവെന്നാണ് കോഹ്‌ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ടെസ്റ്റ് കരിയറിലേക്ക് ഒരു പുഞ്ചിരിയോടെ മാത്രമാണ് തിരിഞ്ഞുനോക്കാന്‍ കഴിയുകയെന്നും 123 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും കോഹ്‌ലി വിരമിക്കല്‍ കുറിപ്പില്‍ എഴുതി.

Content Highlights: Anushka Sharma pens note as Virat Kohli retires from Test cricket

dot image
To advertise here,contact us
dot image