'വിശ്വസിക്കാനാവുന്നില്ല വിരാട്, നല്ല ഓര്‍മകള്‍ക്ക് നന്ദി'; ആശംസകളുമായി രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍-കോച്ച് കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു കോഹ്‌ലിയും ശാസ്ത്രിയും

dot image

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ശാസ്ത്രി എക്‌സില്‍ കുറിച്ചത്. കോഹ്‌ലിയെ ടെസ്റ്റ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറെന്നും ഇന്ത്യയുടെ മുന്‍ പരിശീലകന്‍ വിശേഷിപ്പിച്ചു.

'നിങ്ങള്‍ കളി മതിയാക്കിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നേയില്ല. കളി മികവിലും ക്യാപ്റ്റന്‍സിയിലും ആധുനിക ക്രിക്കറ്റിലെ പ്രതിഭാസവും ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസിഡറുമാണ് താങ്കള്‍. എല്ലാവര്‍ക്കും പ്രത്യേകിച്ച് എനിക്കും നല്‍കിയ നല്ല ഓര്‍മകള്‍ക്ക് നന്ദി. ജീവിതത്തില്‍ എന്നും ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കും', ശാസ്ത്രി എക്‌സില്‍ കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍-കോച്ച് കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു കോഹ്‌ലിയും ശാസ്ത്രിയും. മികച്ച ആത്മബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും. വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ആയിരുന്ന സമയത്താണ് ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.പിന്നീട് ശാസ്ത്രി പരിശീലക സ്ഥാനവും വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയുന്നതും ഏകദേശം ഒരേസമയത്തായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്ലി വിരമിക്കല്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ 14 വര്‍ഷത്തെ ഐതിഹാസിക കരിയറിനാണ് വിരാട് ഇന്ന് വിരാമമിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യയുടെ മുന്‍ നായകന്‍ ആരാധകരെ അറിയിച്ചത്.

ബുദ്ധിമുട്ടിയാണെങ്കിലും കൃത്യമായ തീരുമാനം എടുക്കുന്നുവെന്നാണ് കോഹ്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ടെസ്റ്റ് കരിയറിലേക്ക് ഒരു പുഞ്ചിരിയോടെ മാത്രമാണ് തിരിഞ്ഞുനോക്കാന്‍ കഴിയുകയെന്നും 123 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും കോഹ്ലി വിരമിക്കല്‍ കുറിപ്പില്‍ എഴുതി.

Content Highlights: Ravi Shastri Stunned Upon Hearing Virat Kohli’s Announcement From Test Cricket

dot image
To advertise here,contact us
dot image