വൊക്കലിഗ-ലിംഗായത്ത് മേധാവിത്വം നഷ്ടപ്പെടുന്നോ? ജാതിസെന്‍സസില്‍ പുകഞ്ഞ് കര്‍ണാടക രാഷ്ട്രീയം

റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങള്‍ ശരിയെങ്കില്‍ ഇതുവരെ കരുതി പോന്നത് പോലെ കര്‍ണാടകയിലെ പ്രബല വിഭാഗങ്ങള്‍ വൊക്കലിഗ - ലിംഗായത്ത് സമുദായങ്ങളല്ല എന്നതാണ് വസ്തുത. അത് തന്നെയാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നവും.

എ പി നദീറ
1 min read|17 Apr 2025, 05:45 pm
dot image

2015 ഏപ്രില്‍ 11 മുതല്‍ മെയ് 30 വരെ സംസ്ഥാന പിന്നാക്ക കമ്മീഷന്‍ നടത്തിയ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ സ്ഥിതി വിവര കണക്കാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭയുടെ മേശപ്പുറത്തെത്തിച്ചു കവര്‍ പൊട്ടിച്ചതോടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്. കര്‍ണാടകയിലെ രാഷ്ട്രീയക്കാര്‍ വിശേഷിപ്പിക്കും പോലെ നമുക്കിതിനെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് എന്ന് തന്നെ വിളിക്കാം. ചോര്‍ന്നു കിട്ടിയ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങള്‍ ശരിയെങ്കില്‍ ഇതുവരെ കരുതി പോന്നത് പോലെ കര്‍ണാടകയിലെ പ്രബല വിഭാഗങ്ങള്‍ വൊക്കലിഗ - ലിംഗായത്ത് സമുദായങ്ങളല്ല എന്നതാണ് വസ്തുത. അത് തന്നെയാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നവും.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് പട്ടിക വിഭാഗമാണ്(1,02,29,347). ഈ വിഭാഗം ജനസംഖ്യയുടെ 18.27 % വരും. തൊട്ടുപിന്നിലുള്ളത് ജനസംഖ്യയുടെ 12.87 ശതമാനം വരുന്ന മുസ്‌ലിം വിഭാഗമാണ് (76,99,425).വീരശൈവ ലിംഗായത്തുകള്‍ ജനസംഖ്യയുടെ 11.09 ശതമാനവും( ജനസംഖ്യ - 66,35,233 ) വൊക്കലിഗ വിഭാഗം ജനസംഖ്യയില്‍ 10.31 (61,68,652) ശതമാനവുമാണെന്നാണ് കണക്ക്. തൊട്ടുപിറകെ കുറുബ സമുദായവും പട്ടിക വര്‍ഗ വിഭാഗവും ബ്രാഹ്‌മണ വിഭാഗവും ക്രിസ്ത്യന്‍ ജൈന വിഭാഗങ്ങളും വരുന്നു.

ഈ കണക്കു പ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള മേധാവിത്വം നഷ്ടപ്പെടുന്നതാണ് 'പ്രബല വിഭാഗ'ങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. സര്‍വേയില്‍ പറയുന്നതല്ല തങ്ങളുടെ യഥാര്‍ഥ ജനസംഖ്യയെന്നും കണക്കെടുപ്പ് അശാസ്ത്രീയവും അപൂര്‍ണ്ണവുമാണെന്നും വൊക്കലിഗരും ലിംഗായത്തുകളും ഒറ്റസ്വരത്തില്‍ പറഞ്ഞുകഴിഞ്ഞു. വൊക്കലിഗര്‍ സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനവും ലിംഗായത്തുകള്‍ ജനസംഖ്യയുടെ 15 ശതമാനവും ഉണ്ടെന്നായിരുന്നു സമുദായങ്ങള്‍ ഇത്രയും നാളും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ കണക്കുകളെല്ലാം ആസ്ഥാനത്താക്കുന്ന റിപ്പോര്‍ട്ടാണ് പിന്നാക്കകമ്മീഷന്റേത്.

പതിറ്റാണ്ടുകളായി കര്‍ണാടക രാഷ്ട്രീയ ഭൂപടത്തില്‍ പഴയ കണക്കുവെച്ച് ഇരുസമുദായങ്ങളും ആധിപത്യം പുലര്‍ത്തി വരികയാണ്. സംസ്ഥാനത്തെ 24 മുഖ്യമന്ത്രിമാരില്‍ 16പേരും ഈ സമുദായങ്ങളില്‍ നിന്നായിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 51 ലിംഗായത്തുകളും 42 വോക്കലിഗരും ഉണ്ടായി. 224 എംഎല്‍എമാരില്‍ 99 പേരും ഈ രണ്ടു സമുദായങ്ങളുടെ പ്രതിനിധികളാണ് . സംസ്ഥാനത്തെ 34 അംഗ മന്ത്രിസഭയില്‍ കുറഞ്ഞത് 14 പേര്‍ സ്ഥിരമായി ഈ വൊക്കലിഗ - ലിംഗായത് വിഭാഗക്കാരാണ്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും വോട്ടുബാങ്കായാണ് വൊക്കലിഗര്‍ ഗണിക്കപ്പെടുന്നത്. ഓള്‍ഡ് മൈസൂരു, മണ്ടിയ, രാമനഗര, കോലാര്‍, ചിക്കബല്ലാപുര, ബെംഗളൂരു റൂറല്‍, തുമകൂരു, ഹാസന്‍ എന്നീ ദക്ഷിണ കര്‍ണാടക ജില്ലകളാണ് വൊക്കലിഗ ബെല്‍റ്റ്.

ലിംഗായത്തുകള്‍ 1990 മുതലാണ് ബിജെപിയെ പിന്തുണച്ച് തുടങ്ങിയത്. അതിനൊരു കാരണമുണ്ട്. 1990ലെ വീരേന്ദ്ര പാട്ടീല്‍ (ലിംഗായത് മുഖ്യമന്ത്രി) സര്‍ക്കാരിനെ രാജീവ് ഗാന്ധി അപ്രതീക്ഷിതമായി പിരിച്ചുവിട്ടതായിരുന്നു സമുദായത്തെ ചൊടിപ്പിച്ചത്. വടക്കന്‍ കര്‍ണാടകയിലെ ജില്ലകളും മധ്യ കര്‍ണാടക ജില്ലകളുമാണ് ലിംഗായത് ബെല്‍റ്റുകള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുവിഭജനത്തില്‍ ബിജെപി ലിംഗായത്തുകളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സമുദായം പഴയ വൈര്യം മറന്നു കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകുത്തി. ലിംഗായത്ത് മഠങ്ങളും ബിജെപിക്കെതിരായതോടെ വോട്ടുകള്‍ കൂട്ടത്തോടെ മറിഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ഭരണം തിരിച്ചുപിടിക്കാന്‍ ഇത് സഹായിച്ചു. 44 വൊക്കലിഗ സ്വാധീന മണ്ഡലങ്ങളും 70 ലിംഗായത്ത്് സ്വാധീന മണ്ഡലങ്ങളും കര്‍ണാടകയിലുണ്ടെന്നാണ് കണക്ക്. ഈ കണക്കൊക്കെ വെച്ചായിരുന്നു ഏതുപാര്‍ട്ടി ഭരിച്ചാലും മന്ത്രിസഭയിലും രാഷ്ട്രീയത്തിലും വിലപേശല്‍ ശക്തിയായി വൊക്കലിഗ - ലിംഗായത് സമുദായങ്ങള്‍ നിലകൊണ്ടത്.

പുറത്തുവന്ന ജാതി സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ പഴയ മേധാവിത്വം നഷ്ടപ്പെടുമെന്നത് ചില്ലറയൊന്നുമല്ല ഇവരെ അലട്ടുന്നത്. സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍ തന്നെയാണ് ഈ രണ്ടു സമുദായങ്ങളും വരുന്നത്. രണ്ടുകൂട്ടരുടെയും സംവരണം വര്‍ധിപ്പിക്കണമെന്നും പിന്നാക്ക കമ്മീഷന്‍ ശുപാര്‍ശയുമുണ്ട്. അതൊന്നും അംഗീകരിക്കാതെ ഒറ്റയ്ക്ക് സര്‍വേ നടത്തി സമുദായ ജനസംഖ്യ കണക്കെടുപ്പിനു ഒരുങ്ങുകയാണ് സമുദായ സംഘടനകള്‍. കുറുബ സമുദായത്തിന്റെ പ്രതിനിധിയായ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നേരെയാണ് സമുദായ മന്ത്രിമാര്‍ തിരിയുന്നത്.

വൊക്കലിഗരെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ലിംഗായത്തുകളെ മന്ത്രി എംബി പാട്ടീലുമാണ് നയിക്കുന്നത്. 10വര്‍ഷം മുന്‍പ് നടത്തിയ സര്‍വേ തള്ളിക്കളയണമെന്നും പുതുതായി സര്‍വേ നടത്തണമെന്നുമാണ് ഇരു സമുദായത്തേയും എംഎല്‍എമാര്‍ കൂട്ടത്തോടെ ഇവരോട് ആവശ്യപ്പെടുന്നത്. ജാതി സര്‍വേ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണെങ്കിലും കാലേക്കൂട്ടി തയ്യാറാക്കി വെച്ച് പത്താംവര്‍ഷം സിദ്ധരാമയ്യ പുറത്തു വിടുന്ന ഈ റിപ്പോര്‍ട്ട് ദുരൂഹലക്ഷ്യം വെച്ചുള്ളതാണെന്നു കോണ്‍ഗ്രസിലെ മറുവിഭാഗം കരുതുന്നുണ്ട്. ഡികെ ശിവകുമാറിന് മുഖ്യമന്ത്രി കസേര വിട്ടുനല്‍കണമെന്ന വൊക്കലിഗരുടെ വിഭാഗത്തിന്റെ ആവശ്യം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട് ശരിക്കും കര്‍ണാടകയില്‍ കോലാഹലം സൃഷ്ടിക്കുന്നത്.

Content Highlights: Vokkaligas, Lingayats threaten agitation as 2015 Karnataka ‘caste census’ dents their dominant status

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us