
മുംബൈ: ഇനി ഒരേയൊരു രാജാവ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരം ചരിത്രമെഴുതിയത്. കിവീസിനെതിരെയാണ് 50-ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ കോഹ്ലി മറികടന്നു.
279 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 50 സെഞ്ച്വറികള്‍ സ്വന്തമാക്കിയത്. സച്ചിന് 49 സെഞ്ച്വറി നേട്ടത്തിലെത്താന്‍ വേണ്ടി വന്നത് 452 ഇന്നിങ്‌സുകളായിരുന്നു. രോഹിത് ശര്‍മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് സെഞ്ച്വറി നേട്ടത്തിൽ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് വിരാട് ന്യൂസിലന്‍ഡിനെതിരെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന നേട്ടത്തില്‍ കോഹ്‌ലി സച്ചിനൊപ്പമെത്തിയത്. ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി തികച്ചാണ് മുന്‍ ഇന്ത്യന്‍ നായകന്‍ തന്റെ ജന്മദിനം ആഘോഷമാക്കിയത്.