
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന്‍ സൈന്യത്തിനുള്ളില്‍ അട്ടിമറി നടന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.പാകിസ്താൻ സൈനിക മേധാവിയായിരുന്ന അസീം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കി ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസയെ ആർമി ചീഫ് ആക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ പാകിസ്താൻ്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാനാണ് ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസ. 2022ലാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേയ്ക്ക് നിയോഗിക്കുന്നത്. ഇതിന് മുമ്പ് റാവൽപിണ്ടി നോർത്തേൺ കമാൻഡിൻ്റെ കമാൻഡറായിരുന്നു മിർസ. സിന്ധ് റെജിമെന്റിൽ നിന്നുള്ളയാളാണ് ലെഫ്റ്റനന്റ് ജനറൽ മിർസ. നിലവിൽ പാകിസ്താൻ സൈന്യത്തിലെ രണ്ടാമൻ എന്നാണ് മിർസ അറിയപ്പെട്ടിരുന്നത്.
ജനറൽ നദീം റാസയുടെ പകരക്കാരനായാണ് ലെഫ്റ്റനന്റ് ജനറൽ മിർസ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായി നിയമിതനാകുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പാകിസ്താൻ സൈന്യത്തിൽ ജനറൽ സാഹിർ ഷംഷാദ് മിർസയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. മുൻ സൈനിക മേധാവിയായിരുന്ന റഹീൽ ഷെരീഫിൻ്റെ സേവന കാലയളവിൻ്റെ അവസാന വർഷങ്ങളിൽ മിലിട്ടറി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറലായി നിയോഗിതനായതോടെയാണ് ലഫ്റ്റനന്റ് ജനറൽ മിർസ ശ്രദ്ധേയനാകുന്നത്.
നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്താനും വടക്കൻ വസീറിസ്ഥാനിലെ മറ്റ് തീവ്രവാദി സംഘടനകൾക്കുമെതിരായി നടന്ന സൈനിക നടപടിക്ക് മേൽനോട്ടം വഹിച്ച ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ ജനറലായിരുന്ന ഷെരീഫിന്റെ കോർ ടീമിന്റെ ഭാഗമായിരുന്നു മിലിട്ടറി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറലായിരിക്കെ മിർസ. മാത്രമല്ല, പാകിസ്താൻ, ചൈന, അഫ്ഗാനിസ്ഥാൻ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന അഫ്ഗാൻ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ക്വാഡ്രിലാറ്ററൽ കോർഡിനേഷൻ ഗ്രൂപ്പിലും ലെഫ്റ്റനന്റ് ജനറൽ മിർസ സജീവ പങ്കാളിയായിരുന്നു. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ പരിഷ്കാരങ്ങൾക്കായുള്ള സർതാജ് അസീസ് നേതൃത്വത്തിലുള്ള കമ്മിറ്റിയിലും ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസ അംഗമായിരുന്നു.
2021-ൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി തന്ത്രപരമായ ചർച്ചകളിൽ മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കൊപ്പം മിർസ പങ്കെടുത്തിരുന്നു. 2021 ഒക്ടോബറിൽ, പ്രവർത്തന പരിചയം നേടുന്നതിനും ഉന്നത തസ്തികകളിലേക്ക് പരിഗണിക്കപ്പെടാൻ യോഗ്യനാകുന്നതിനും വേണ്ടി മിർസയെ റാവൽപിണ്ടിയിൽ കോർപ്സ് കമാൻഡറായി നിയമിച്ചിരുന്നു.
ത്രീ-സ്റ്റാർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസയെ ചീഫ് ഓഫ് ജനറൽ സ്റ്റാഫായി നിയമിച്ചിരുന്നു. ഇതോടെ ചീഫ് ഓഫ് ആർമി സ്റ്റാഫിന് ശേഷം സൈന്യത്തിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മിർസ മാറി. ദേശീയ സുരക്ഷയും വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ഇതോടെ മിർസയ്ക്ക് നിർണ്ണായക റോൾ ലഭിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക്വാൾ ജില്ലയിലെ മുൽഹൽ മുഗ്ലാനിലായിണ് സാഹിർ ഷംഷാദ് മിർസയുടെ ജനനം. ഷംഷാദ് മിർസയാണ് പിതാവ്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ സാഹിറിൻ്റേത് കയ്പേറിയ ബാല്യമായിരുന്നു. പാകിസ്താൻ മിലിട്ടറി അക്കാദമി, ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, പാകിസ്താനിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു സൈനിക പഠനം. ബ്രിട്ടനിലെ ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്ലോബൽ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1987 സെപ്റ്റംബറിൽ പാകിസ്താൻ സൈനിക അക്കാദമി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പാകിസ്താൻ ആർമിയുടെ സിന്ധ് റെജിമെൻ്റ് എട്ടിലാണ് ജോലിയിൽ പ്രവേശിച്ചത്.
Content Highlights: Pakistan Army Chief Asim Munir Arrested Sahir Shamshad Mirza To Replace Amid Coup Rumours