പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി; സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീഷണി ഭീതി നിലനിൽക്കുകയാണ്

dot image

ശ്രീനഗർ: കശ്മീരിലെ റൈസി ജില്ലയിലെ സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം.

പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതർക്ക് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുന്നുണ്ട്.

സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു.

അതേസമയം, ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഡൽഹിയിൽ അതീവ ജാ​ഗ്രത നിർദേശം. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. പാകിസ്താൻ ഇന്നലെ രാത്രിയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ ​ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആരോ​ഗ്യ, ദുരന്ത നിവാരണ വിഭാ​ഗങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വേണമെങ്കിൽ അധിക സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.

ഡൽഹിയിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും സ്ഥലത്തെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി കൂടിക്കാഴ്ചകൾ നടത്തി
ഏത് തരത്തിലുള്ള സാഹചര്യത്തേയും നേരിടാൻ ഡൽഹി പൊലീസ് തയ്യാറാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാ​ഗമായി ഡൽഹിയിലെ മാളുകൾ, മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ കോളനികൾ, വിമാനത്താവളങ്ങൾ, മറ്റ് തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്നലെ രാത്രി പാകിസ്താൻ വീണ്ടും ജമ്മു കശ്മീരിൽ ആക്രമണം ശക്തമാക്കിയിരുന്നു. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു പാകിസ്താന്‍ നടത്തിയത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.

Content Highlights: India opens more shutters of salal dam

dot image
To advertise here,contact us
dot image