ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; പരിശീലനം ആരംഭിച്ച് ശുഭ്മാന്‍ ഗില്‍, പാകിസ്താനെതിരെ കളിക്കും?

ഡെങ്കിപ്പനിയെ തുടർന്ന് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളും ഗില്ലിന് നഷ്ടമായിരുന്നു
ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; പരിശീലനം ആരംഭിച്ച് ശുഭ്മാന്‍ ഗില്‍, പാകിസ്താനെതിരെ കളിക്കും?

അഹമ്മദാബാദ്: പാകിസ്താനുമായുള്ള ലോകകപ്പ് മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പരിശീലനം ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കാനിരിക്കുന്ന അഹമ്മദാബാദിലെത്തിയ ഗില്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയെങ്കിലും ഡെങ്കിപ്പനി ബാധിച്ച സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയായിരുന്നു. ലോകകപ്പ് സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെയാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ മത്സരവും അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങളും ഗില്ലിന് നഷ്ടമായി. താരത്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയത്.

പാകിസ്താനെതിരായ മത്സരത്തിലും ഗില്ലിന് പങ്കെടുക്കാനാവില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം പരിശീലത്തിനിറങ്ങിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. പരിശീലനം ആരംഭിച്ചുവെങ്കിലും ശുഭ്മാന്‍ ഗില്‍ പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തുവെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പാകിസ്താനെതിരെ രോഹിത്-ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏകദിന ലോകകപ്പില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ രണ്ടുമത്സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് രോഹിത് ശര്‍മ്മയും സംഘവും മൂന്നാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെയാണ് നേരിടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com