ലോകകപ്പിന് മികച്ച തുടക്കം; ഇംഗ്ലണ്ടിനെതിരെ കിവീസിന് ലക്ഷ്യം 283

സ്കോർബോർഡ് മുന്നോട്ട് നീങ്ങുമ്പോഴും കൃത്യമായ ഇടവേളകളി‍ൽ ഇംഗ്ലീഷുകാർ വിക്കറ്റ് കളഞ്ഞു
ലോകകപ്പിന് മികച്ച തുടക്കം; ഇംഗ്ലണ്ടിനെതിരെ കിവീസിന് ലക്ഷ്യം 283

അ​ഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇം​ഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. മത്സരത്തിൽ ടോസ് നേടിയ കിവിസ് നായകൻ ഇം​ഗ്ലണ്ടുകാരെ ബാറ്റിങ്ങിനയച്ചു. ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും മിച്ചൽ സാന്ററും നന്നായി എറിഞ്ഞു. വലിയ ഷോട്ടുകൾക്ക് മുതിരാതെ സ്കോർബോർഡ് ഉയർത്താൻ ഇം​ഗ്ലണ്ട് ശ്രമിച്ചു. ഈ തന്ത്രം ആദ്യ ഇന്നിം​ഗ്സിൽ ഭേദപ്പെട്ട സ്കോർ നേടാൻ ഇം​ഗ്ലണ്ടിനെ സഹായിച്ചു.

ലോകകപ്പിലെ ആദ്യ പന്ത് എറിഞ്ഞത് ട്രെന്റ് ബോൾട്ട്. ആദ്യ പന്ത് നേരിട്ട‌ ജോണി ബെയർസ്റ്റോ റൺസൊന്നും നേടിയില്ല. രണ്ടാം പന്തിൽ ബോൾട്ടിനെ നിലം തൊടാതെ അതിർത്തി കടത്തി ബെയർസ്റ്റോ ലോകകപ്പിലെ ആദ്യ സിക്സ് അടിച്ചു. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ആദ്യ ഫോറും ബെയർസ്റ്റോ തന്നെ നേടി. രണ്ടാം ഓവറിൽ മാറ്റ് ഹെൻറി ആദ്യ മെയ്ഡൻ ഓവർ എറിഞ്ഞു. എട്ടാം ഓവറിലെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വന്നത്. ഡേവിഡ് മലാനെ മാറ്റ് ഹെൻറി പുറത്താക്കി. മലാൻ നേടിയത് 14 റൺസ്. ടോം ലഥാമിനായിരുന്നു ലോകകപ്പിലെ ആദ്യ ക്യാച്ച്.

പവർപ്ലേ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് 1ന് 51. സ്കോർബോർഡ് മുന്നോട്ട് നീങ്ങുമ്പോഴും കൃത്യമായ ഇടവേളകളി‍ൽ ഇം​ഗ്ലീഷുകാർ വിക്കറ്റ് കളഞ്ഞു. ഒറ്റയ്ക്ക് പോരാടിയ ജോ റൂട്ട് 77 റൺസെടുത്ത് പുറത്തായി. ലോകകപ്പിലെ ആദ്യ അർദ്ധ സെഞ്ചുറി ജോ റൂട്ട് അടിച്ചെടുത്തു. 43 റൺസെടുത്ത് നായകൻ ജോസ് ബട്ലർ പിന്തുണ നൽകി. നന്നായി തുടങ്ങിയ പലരും വലിയ സ്കോറിലേക്ക് എത്തിയില്ല. ഇതോടെ 50 ഓവറിൽ ഇം​ഗ്ലണ്ട് 9ന് 282 റൺസിൽ ഇന്നിം​ഗ്സ് അവസാനിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com