മൂന്നാം ലോകകപ്പിലെ കപിലിന്റെ ക്ലാസ്; ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിങ്ങ്സ്

1983ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ പടയോട്ടത്തിന്റെ തുടക്കം

dot image

ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ പടയോട്ടത്തിന് തുടക്കം കുറിച്ചത് 1983ലെ ലോകകപ്പോടെയാണ്. പ്രതീക്ഷകൾ ഒട്ടും ഇല്ലാതെ ബ്രിട്ടനിലെത്തിയ ഇന്ത്യൻ ടീം കപ്പുയർത്തി. വിജയങ്ങൾക്ക് പുറമെ ചില ക്ലാസിക് ഇന്നിംഗ്സുകളും ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് മധുരമേകി. കപിൽ ദേവ് പുറത്താകാതെ നേടിയ 175 റൺസ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ക്ലാസിക് ഇന്നിംഗ്സുകളിൽ ഒന്നാണ്.

അന്നത്തെ ചാമ്പ്യന്മാരായിരുന്ന വെസ്റ്റ് ഇൻഡീസുമായി ഗ്രൂപ്പിൽ രണ്ട് തവണയും ഫൈനലിലും ഇന്ത്യ ഏറ്റുമുട്ടി. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചായിരുന്നു ലോകകപ്പിൽ ഇന്ത്യൻ പടയോട്ടത്തിന്റെ തുടക്കം. രണ്ടാം മത്സരത്തിൽ സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. പിന്നാലെ ഓസ്ട്രേലിയയോടും വെസ്റ്റ് ഇൻഡീസിനോടും തോറ്റു.

ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്താൻ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ മുൻനിരക്കാരായ സുനിൽ ഗാവസ്കർ, ക്രിസ് ശ്രീകാന്ത്, മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ്മ എന്നിവർ പോയതിലും വേഗത്തിൽ മടങ്ങിയെത്തി. വെറും 17 റൺസിനുള്ളിലാണ് ആദ്യ അഞ്ച് വിക്കറ്റുകൾ വീണത്.

ക്രീസിലെത്തിയ നായകൻ കപിൽ ദേവ് ഒറ്റയ്ക്ക് പൊരുതി. ആറാം വിക്കറ്റിൽ റോജർ ബിന്നിക്കൊപ്പം 52 റൺസിന്റെ കൂട്ടുകെട്ട്. എട്ടാം വിക്കറ്റിൽ മദൻ ലാലിനൊപ്പം 62 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാമനായി ക്രീസിലെത്തിയ സയിദ് കിർമാനിക്കൊപ്പം വേർപിരിയാതെ 126 റൺസും ഇന്ത്യൻ അക്കൗണ്ടിലേക്കെത്തി. ഒരു ഘടത്തിൽ 100 കടക്കില്ലെന്ന് തോന്നിയ ഇന്ത്യൻ സ്കോർ 8 വിക്കറ്റിന് 266 റൺസിലെത്തി. കപിൽ ദേവ് പുറത്താകാതെ നേടിയത് 175 റൺസ്. 138 പന്തിൽ 16 ഫോറും ആറ് സിക്സും സഹിതമാണ് കപിലിന്റെ ഇന്നിംഗ്സ്.

മറുപടി പറഞ്ഞ സിംബാബ്വെ 235 റൺസിന് എല്ലാവരും പുറത്തായി. 31 റൺസിന്റെ ജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി. നിർഭാഗ്യവശാൽ ഈ മത്സരത്തിൻ്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് കാണാൻ കഴിഞ്ഞില്ല. മത്സരത്തിൻ്റെ തത്സമയ സംപ്രേക്ഷണ അവകാശം ഉണ്ടായിരുന്ന ബിബിസി ജീവനക്കാർ അന്ന് സമരത്തിലായിരുന്നു. അതിനാൽ കപിലിൻ്റെ തകർപ്പൻ ഇന്നിങ്സിൻ്റെ ദൃശ്യങ്ങളൊന്നും പകർത്തി സൂക്ഷിക്കാൻ പോലും സാധിച്ചില്ല. ഇന്ത്യയെ ഒരു ക്രിക്കറ്റ് ശക്തികളായി ലോകം കണ്ടിരുന്നില്ല എന്നതും സമരത്തിന് കാരണമായി. പിന്നാലെ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിലേക്ക്. വെസ്റ്റ് ഇൻഡീസിന്റെ ഹാട്രിക് കിരീടം എന്ന സ്വപ്നം തകർത്ത് ഫൈനലിൽ ഇന്ത്യൻ ടീം ലോകജേതാക്കളായി.

dot image
To advertise here,contact us
dot image