

ദുബായിലെ ബ്ലൂവാട്ടേഴ്സിൽ നാല് ആഴ്ച നീണ്ടുനിന്ന ഡ്രൈവറില്ലാ പോഡുകളുടെ പരീക്ഷണയോട്ടം വൻ വിജയമായതായി ഗ്ലൈഡ്‌വേയ്സ് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സീഗർ. പരീക്ഷണ കാലയളവിൽ 3,000ത്തിലധികം യാത്രക്കാരെ വഹിച്ചുകൊണ്ട് 3,000 കിലോമീറ്ററിലധികം ദൂരം വാഹനങ്ങൾ സഞ്ചരിച്ചു. 99 ശതമാനത്തിലധികം കൃത്യതയോടെയാണ് ഈ സംവിധാനം പ്രവർത്തിച്ചത്. പരീക്ഷണയോട്ടത്തിന്റെ ഫലങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിലവിൽ വിശകലനം ചെയ്തുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ചും ഭാവിയിലെ റൂട്ടുകളെക്കുറിച്ചും തീരുമാനമെടുക്കുക. എന്നാൽ പൊതുജനങ്ങൾക്കായുള്ള സർവീസ് എന്നാരംഭിക്കുമെന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
‘ഗ്ലൈഡ്‌കാർസ്’ എന്നറിയപ്പെടുന്ന രണ്ട് സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളാണ് ബ്ലൂവാട്ടേഴ്സിലെ പരീക്ഷണത്തിനായി ഉപയോഗിച്ചത്. കേവലം ഒരു വാഹനത്തിന്റെ പ്രവർത്തനം മാത്രമല്ല, മറിച്ച് ദുബായിലെ സാഹചര്യങ്ങളിൽ ഈ ഗതാഗത സംവിധാനം പൂർണ്ണമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്താനാണ് പരീക്ഷണം നടത്തിയതെന്ന് മാർക്ക് സീഗർ വ്യക്തമാക്കി.
വാഹനങ്ങളുടെ സഞ്ചാരം, വേഗത നിയന്ത്രണം, ഊർജ്ജ ഉപയോഗം, ചാർജിംഗ്, സ്റ്റേഷനുകളിൽ കൃത്യമായി നിർത്തുന്ന രീതി, യാത്രക്കാരുടെ കയറലും ഇറങ്ങലും എന്നിവയെല്ലാം പരീക്ഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. ഇതിനുപുറമെ ക്യാബിനിനുള്ളിലെ താപനില, ഈർപ്പം, ശബ്ദം, യാത്രാസുഖം എന്നിവയും വിലയിരുത്തി. ക്യാബിൻ സാഹചര്യങ്ങൾ നിശ്ചിത നിലവാരത്തിൽ തന്നെയായിരുന്നെന്നും ഭാവിയിലെ സ്റ്റേഷനുകളിൽ ഭിന്നശേഷിക്കാർക്കും മറ്റും എളുപ്പത്തിൽ കയറാൻ സാധിക്കുന്ന രീതിയിലുള്ള രൂപകൽപ്പനയ്ക്ക് ഈ പരീക്ഷണ വിവരങ്ങൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങളും പ്രധാന കേന്ദ്രങ്ങളും തമ്മിലുള്ള യാത്രാദൂരം കുറയ്ക്കാൻ ഈ സംവിധാനത്തിന് കഴിയുമോ എന്ന് പരിശോധിക്കാനാണ് കഴിഞ്ഞ മാസം ആർടിഎ പരീക്ഷണം ആരംഭിച്ചത്. നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷനും ബ്ലൂവാട്ടേഴ്സ് ഐലൻഡിനും ഇടയിലുള്ള 2.8 കിലോമീറ്റർ പാതയാണ് ഇതിനായി പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ വാണിജ്യ അടിസ്ഥാനത്തിലുള്ള സർവീസിനായി അന്തിമ റൂട്ട്, സ്റ്റേഷനുകളുടെ സ്ഥാനം, വാഹനങ്ങളുടെ എണ്ണം, മറ്റ് ഗതാഗത സംവിധാനങ്ങളുമായുള്ള സംയോജനം എന്നിവയിൽ ആർടിഎയുടെ വിശദമായ വിലയിരുത്തലിന് ശേഷമേ തീരുമാനമാകൂ. മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം താമസസ്ഥലങ്ങളിലേക്കോ ജോലിസ്ഥലങ്ങളിലേക്കോ എത്താൻ പ്രയാസം നേരിടുന്ന പ്രദേശങ്ങളിലാണ് ഈ ഡ്രൈവറില്ലാ പോഡുകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുകയെന്നും മാർക്ക് സീഗർ കൂട്ടിച്ചേർത്തു.
Content Highlights: Dubai's driverless pod transportation system has successfully completed more than 3,000 trial journeys. The achievement marks a significant step forward in Dubai's efforts to develop smart and autonomous transport solutions.