ഖത്തറിൽ അയൺ മരുന്ന് തിരിച്ചുവിളിച്ചു ; വിപണിയിലെ മുഴുവൻ ബാച്ചുകൾക്കും വിലക്ക്

രോഗികളുടെ സുരക്ഷയും വിപണിയിലെ മരുന്നുകളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി

ഖത്തറിൽ അയൺ മരുന്ന് തിരിച്ചുവിളിച്ചു ; വിപണിയിലെ മുഴുവൻ ബാച്ചുകൾക്കും വിലക്ക്
dot image

ഖത്തറിൽ അയൺ മരുന്നായ ഫെറിഞ്ചെക്റ്റിന്റെ (Ferinject 50 mg/mL) മുഴുവൻ ബാച്ചുകളും വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു. മരുന്നിന്റെ രാസഘടന നിർമാതാക്കൾ വ്യക്തമാക്കിയ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് മരുന്ന് നിശ്ചിത രാസഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് വിപണിയിലുള്ള മുഴുവൻ സ്റ്റോക്കുകളും തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇൻട്രാവീനസ് (intravenous) മരുന്നാണ് ഫെറിഞ്ചെക്റ്റ്. വായിലൂടെ കഴിക്കുന്ന അയൺ ഗുളികകൾ ഫലപ്രദമല്ലാത്തവർക്കും അവ ഉപയോഗിക്കാൻ കഴിയാത്തവർക്കുമാണ് സാധാരണയായി ഈ മരുന്ന് നൽകുന്നത്.

മരുന്ന് വാങ്ങിയിട്ടുള്ളവർ ഉടൻ ഉപയോഗം നിർത്തണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു. രോഗികളുടെ സുരക്ഷയും വിപണിയിലെ മരുന്നുകളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ഖത്തറിൽ ഐസോടിയേഴ്സ് പ്ലസ് (Isotears-Plus) കണ്ണുകളിൽ ഒഴിക്കുന്ന തുള്ളിമരുന്നിന്റെ മുഴുവൻ ബാച്ചുകളും തിരിച്ചുവിളിച്ചിരുന്നു. നിർമാണത്തിലെ തകരാറുകളെ തുടർന്നായിരുന്നു നടപടി. കണ്ണിലെ വരൾച്ച, അസ്വസ്ഥത, എരിച്ചിൽ എന്നിവയ്ക്ക് താൽക്കാലിക ആശ്വാസം നൽകാൻ ഉപയോഗിക്കുന്ന മരുന്നാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ലാസ്ജെൻ 0.05 ശതമാനം (Clasgen 0.05%) കണ്ണുതുള്ളിമരുന്നും ഗുണനിലവാര പ്രശ്നങ്ങളെ തുടർന്ന് തിരിച്ചുവിളിച്ചിരുന്നു.

വിവരങ്ങളുടെ കൃത്യതയിലും അണുവിമുക്തമായ നിർമാണ പ്രക്രിയയിലുമുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമായത്. ഗൾഫ് മേഖലയിൽ മരുന്നുകൾക്കും ആരോഗ്യ ഉൽപ്പന്നങ്ങൾക്കുമെതിരെ ഗുണനിലവാര പരിശോധനയുടെ ഭാഗമായി നടപടികൾ ശക്തമാകുകയാണ്. കഴിഞ്ഞ മാസം യുഎഇയിലും നിൻ 160 FMB-NML നീല നിറത്തിലുള്ള ത്രീ-പ്ലൈ ഫേസ് മാസ്കിന്റെ ഒരു ബാച്ച് മുൻകരുതൽ നടപടിയായി തിരിച്ചുവിളിച്ചിരുന്നു. ഗുണനിലവാര പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ചില മാസ്കുകളിൽ വിദേശ വസ്തുക്കളുടെയോ മലിനീകരണത്തിന്റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ദുബായിൽ ബേബീസ് മാജിക് ടീ – ബേബി സ്ലീപ് ഗ്രൈപ്പ് വാട്ടറിന്റെ ചില ബാച്ചുകളും അടുത്തിടെ തിരിച്ചുവിളിച്ചിരുന്നു. ലേബലിൽ വെളിപ്പെടുത്താത്ത മദ്യത്തിന്റെ സാന്നിധ്യവും സാധുവായ വിപണന അനുമതിയുടെ അഭാവവുമാണ് നടപടിക്ക് കാരണമായത്. കുഞ്ഞുങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ദുബായ് ഹെൽത്ത് അതോറിറ്റിയും മുന്നറിയിപ്പ് കൈമാറിയിരുന്നു. അതേസമയം മരുന്നുകൾ ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം താമസക്കാരോട് നിർദേശിച്ചിട്ടുണ്ട്. മരുന്നുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള രാജ്യവ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.

Content Highlights: Qatar has ordered the withdrawal of an iron medication from the market, imposing a ban on all batches of the product.

dot image
To advertise here,contact us
dot image