

ഈ വർഷത്തെ മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്റ് എക്സലൻസ് അവാർഡ് ജേതാക്കളെ ആദരിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകിയത്. യുഎഇയുടെ വികസനത്തിനും രാജ്യസേവനത്തിനുമായി പതിറ്റാണ്ടുകളായി നൽകിയ സംഭാവനകൾ പരിഗണിച്ച് ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാന് മുഹമ്മദ് ബിൻ റാഷിദ് സാഷ് നൽകി ആദരിച്ചു.
2026-ലെ ഗവൺമെന്റ് എക്സലൻസ് അവാർഡ് ജേതാക്കളെ ആദരിച്ച ചടങ്ങിൽ മികച്ച ഫെഡറൽ സ്ഥാപനങ്ങൾ, മാനേജർമാർ, സർക്കാർ മേഖലയിലെ വിദഗ്ധർ എന്നിവരെ അംഗീകരിച്ചതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. എക്സ്പോ സിറ്റി ദുബായിൽ നടന്ന ചടങ്ങിൽ ദുബായിലെ ഒരു അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും വ്യക്തിഗത പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച അധ്യാപികയ്ക്കുള്ള പ്രധാനമന്ത്രിയുടെ മെഡൽ ഇമാൻ മുഹമ്മദ് അൽ ഖൂരിക്ക് ലഭിച്ചു. ദുബായിലെ സായിദ് എഡ്യുക്കേഷണൽ കോംപ്ലക്സ് പ്രിൻസിപ്പൽ മൈമൂന ഹാഷിം അൽ മുഐനിയും മികച്ച സ്കൂൾ പ്രിൻസിപ്പലിനുള്ള പ്രധാനമന്ത്രിയുടെ മെഡലിന് അർഹയായി.
شهدنا اليوم حفل تكريم الفائزين بجائزة الأداء الحكومي المتميز 2026.. حيث كرمنا أفضل الجهات الاتحادية الرائدة .. وأفضل المدراء وأفضل التخصصيين في الحكومة الاتحادية .. وكان أجمل ما في الحفل تكريم أخي سمو الشيخ سرور بن محمد آل نهيان بوشاح محمد بن راشد تقديراً لمسيرته الوطنية الحافلة وإسهاماته في مسيرة الدولة عبر عقود طويلة من حياته . نبارك لجميع الفائزين فوزهم بجوائز التميز .. والتي بدأناها قبل أكثر من 30 عاماً كمفهوم جديد في بلادنا ..وسنستمر عليها .. لأن التميز ليس هدف .. بل هو عقلية وثقافة .. عقلية تسعى للكمال لكن لا تصل إليه .. عقلية تعيد باستمرار تعريف النجاح وتمتلك الجرأة للتغيير المستمر والتجربة .. التميز فضيلة من فضائل الحكومة الرشيدة.
— HH Sheikh Mohammed (@HHShkMohd) November 5, 2026
സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ്, നൂതന ആശയങ്ങളുടെ നടപ്പാക്കൽ, ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പ് എന്നിവ പരിഗണിച്ചും പുരസ്‌കാരങ്ങൾ നൽകി. ഈ വർഷം എഐ, മുൻകൂട്ടിയുള്ള ഭരണനിർവഹണം, ഭാവിസജ്ജത എന്നിവയുമായി ബന്ധപ്പെട്ട നാല് പുതിയ പുരസ്‌കാര വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ ആപ്ലിക്കേഷനുകളിലെ മികവിനുള്ള പുരസ്‌കാരം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസിന് ലഭിച്ചു. മികച്ച ചീഫ് എഐ ഓഫീസർക്കുള്ള പ്രധാനമന്ത്രിയുടെ മെഡൽ ഫെഡറൽ ടാക്സ് അതോറിറ്റിയിലെ അബ്ദുള്ള ഗുലൂം അൽ ബസ്തകിക്ക് ലഭിച്ചു. മുൻകൂട്ടിയുള്ള പ്രവർത്തനങ്ങളിലും ഭാവിസജ്ജതയിലും മികവ് പുലർത്തിയതിന് വിദേശകാര്യ മന്ത്രാലയത്തെ ആദരിച്ചു. ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച മന്ത്രാലയത്തിനുള്ള പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രാലയവും കമ്മ്യൂണിറ്റി എംപവർമെന്റ് മന്ത്രാലയവും പങ്കിട്ടു.
ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ സുസ്ഥിരമായ മികവ് നിലനിർത്തുന്ന ഫെഡറൽ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ ഈ വിഭാഗത്തിൽ അംഗീകാരം നേടി. 500 -ൽ കൂടുതൽ ജീവനക്കാരുള്ള മന്ത്രാലയങ്ങളിൽ മികച്ച ഫെഡറൽ സ്ഥാപനത്തിനുള്ള പുരസ്‌കാരം മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന് ലഭിച്ചു. 500 -ൽ താഴെ ജീവനക്കാരുള്ള മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുരസ്‌കാരം നേടിയത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അവയവ-കല മാറ്റിവയ്ക്കൽ പദ്ധതിയായ 'ഹയാത്ത്', വ്യവസായ-നൂതന സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള 'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്' പദ്ധതികൾക്കും പ്രത്യേക അംഗീകാരം ലഭിച്ചു.
Content Highlights: Sheikh Mohammed bin Rashid Al Maktoum honoured the winners of the 2026 Mohammed bin Rashid Government Excellence Award, recognising outstanding government entities, leaders and employees.