'അവാര്‍ഡ് വാങ്ങിയ ശേഷം മന്ത്രിയോട് പറഞ്ഞു, ഞാന്‍ കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി, ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്'

തങ്ങള്‍ നടത്തിയ സമരത്തെ, പ്രതിഷേധത്തെ വളച്ചൊടിച്ചത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും ശിവകുമാര്‍ പറഞ്ഞു

'അവാര്‍ഡ് വാങ്ങിയ ശേഷം മന്ത്രിയോട് പറഞ്ഞു, ഞാന്‍ കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി, ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്'
രതിമോൾ വി കെ
1 min read|05 Nov 2026, 07:47 pm
dot image

കൊച്ചി: സസ്‌പെന്‍ഷന്‍ നടപടിയില്‍ അടക്കം പ്രതിഷേധമറിയിച്ചാണ് 'അപരിഷ്‌കൃതം' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണില്‍ നിന്ന് കേരള ലൈബ്രറി കൗണ്‍സിലിന്റെ മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വീകരിച്ചതെന്ന് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ തീയറ്റര്‍ വിദ്യാര്‍ത്ഥി ശിവകുമാര്‍. 'സെപ്റ്റംബര്‍ 23-ാം തീയതിയായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് ഡിസംബറില്‍ അവതരിപ്പിച്ച ചാപ്പ എന്ന നാടകത്തിനായിരുന്നു അവാര്‍ഡ്. പുരസ്‌കാരം സ്വീകരിച്ച ശേഷം കാലടി സര്‍വകലാശാലയിലെ തീയറ്റര്‍ വിദ്യാര്‍ത്ഥിയാണ് ഞാനെന്നും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണെന്നും പറഞ്ഞു. മന്ത്രി ചിരിക്കുകയാണ് ചെയ്തതെന്നായിരുന്നു' റിപ്പോര്‍ട്ടറിനോട് ശിവകുമാർ പറഞ്ഞത്. 'അപരിഷ്‌കൃതം' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ശിവകുമാര്‍, മന്ത്രി റോജി എം ജോണില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയിലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Kalady Sanskrit University Theatre Student Sivakumar
ശിവകുമാർ

'വെളിച്ചം മരിച്ചേ എന്ന പേരില്‍ ഞാന്‍ അടക്കമുള്ളവര്‍ നടത്തിയ സമരത്തെ മന്ത്രി റോജി എം ജോണ്‍ അടക്കമുള്ളവര്‍ അപരിഷ്‌കൃതമെന്ന് വിളിച്ചു. അതിന് ശേഷം കേസെടുത്തു. ഞങ്ങള്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു. പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി വരുന്നു. ഇത് മാനസികമായി ഏറെ വിഷമമുണ്ടാക്കി. ഇതിന് ശേഷമാണ് അവാര്‍ഡ് വിതരണം നടത്തുന്നത് മന്ത്രി റോജി എം ജോണ്‍ ആണെന്ന് അറിയുന്നത്. അതിന് ശേഷം ഒരു ടീഷര്‍ട്ടില്‍ അപരിഷ്‌കൃതം എന്നെഴുതി ഒരു ലൈറ്റിന്റെ പടം വെച്ച് ഡിസൈന്‍ ചെയ്യിപ്പിച്ചു. തുടര്‍ന്ന് അത് ധരിച്ച് മന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു'വെന്നും ശിവകുമാര്‍ പറഞ്ഞു.

SFI Protest Kalady Sanskrit University

തങ്ങള്‍ നടത്തിയ സമരത്തെ, പ്രതിഷേധത്തെ വളച്ചൊടിച്ചത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും ശിവകുമാര്‍ പറഞ്ഞു. 'ഒരു ആര്‍ട്ടിസ്റ്റ്, അയാള്‍ ഒരിക്കല്‍ പോലും ഉദ്ദേശിക്കാത്ത വിധത്തിലാണ് അതിനെ വളച്ചൊടിച്ച് അവതരിപ്പിച്ചത്. അത് പിന്നീട് വിവാദമായി. പൊതുസമൂഹം മുഴുവന്‍ ഞങ്ങള്‍ക്ക് എതിരായി മാറി. സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം നടന്നു. കേട്ടല്‍ അറയ്ക്കുന്ന വിധത്തിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും വരെ വിളിച്ചു. മന്ത്രിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥവശം പരിശോധിച്ച ശേഷം നിലപാട് എടുക്കാമായിരുന്നു.എന്നാല്‍ അതിന് പകരം കേസെടുക്കുകയാണ് ചെയ്തത്. നാടകം കളിച്ചതുമായി ബന്ധപ്പെട്ട് എഫ്‌ഐആറില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ട്. അതില്‍ ഓര്‍ത്തഡോക്‌സ് മതാചാരപ്രകാരം പാട്ടുവെച്ച് വി സിക്ക് ശവസംസ്‌കാരം നടത്തിയെന്ന് പറയുന്നുണ്ട്. 2026ല്‍ ഒരു നാടകം കളിച്ചതിന്റെ പേരില്‍ നാല് നാടക പ്രവര്‍ത്തകര്‍ക്ക് ഒളിവില്‍ പോകേണ്ട സാഹചര്യം വന്നു. ഇതിന് മുന്‍പ് 1986ലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ പി എം ആന്റണിക്ക് അന്ന് ഒളിവില്‍ പോകേണ്ടി വന്നിരുന്നു'വെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

Kalady Sanskrit University Theatre Student Sivakumar Protest
കാലടി സംസ്കൃത സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ ശിവകുമാർ

സിന്‍ഡിക്കേറ്റ് യോഗത്തിന് അകത്തേയ്ക്ക് കയറി ആക്രമിച്ചു എന്നാണ് അവരുടെ ആരോപണം. ഒരു സിസിടിവി പോലും ഇല്ലാത്ത സ്ഥലമാണോ സിന്‍ഡിക്കേറ്റ് എന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ശിവകുമാർ പ്രതികരിച്ചു. 'ആ സ്ഥലങ്ങളില്‍ മുഴുവന്‍ സിസിടിവികളുണ്ട്. ഞങ്ങള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതുകൊണ്ട് സിസിടിവി ദൃശ്യം പുറത്തുവിട്ടിട്ടില്ല. അങ്ങനെ ഒരു ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ സംഭവ ദിവസം പൊലീസിട്ട എഫ്‌ഐആറില്‍ ആക്രമണത്തെക്കുറിച്ച് സൂചിപ്പിക്കുമായിരുന്നു. വിസിയെയും സിന്‍ഡിക്കേറ്റ് അംഗത്തെയും ആക്രമിച്ചത് ചൂണ്ടിക്കാട്ടി അതിനെതിരെ കേസെടുക്കുമായിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന് മാത്രമായിരുന്നു എഫ്‌ഐആറില്‍ സൂചിപ്പിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് വിസിയെ ആക്രമിച്ചു എന്ന് കാണിച്ച് കേസെടുത്തത്. ഇതില്‍ വൈരുദ്ധ്യങ്ങളുണ്ട്. നാല് ദിവസം കഴിഞ്ഞാണ് ആക്രമിക്കപ്പെട്ടുവെന്ന് വിസിക്ക് മനസിലായത്. വിസിക്ക് സ്വന്തം ശവംകണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ലേ എന്നാണ് പലരും ട്രോള്‍ രൂപത്തില്‍ ചോദിക്കുന്നത്. ഞങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി തന്നെയാണ് അവരുടെ തീരുമാനം. അതിന് വഴങ്ങിക്കൊടുക്കില്ലെ'ന്നും ശിവകുമാര്‍ പറഞ്ഞു.

'നാഷണല്‍ തലത്തില്‍ ഒരു നാടകത്തിന് ഞങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. പറച്ചി എന്നാണ് ആ നാടകത്തിന്റെ പേര്. നാടകം സംവിധാനം ചെയ്തത് ഞാനായിരുന്നു. ചെന്നൈയില്‍ ആ നാടകം അവതരിപ്പിക്കാന്‍ പോകുന്ന ദിവസമാണ് സര്‍വകലാശാല ടിക്കറ്റ് ബുക്ക് ചെയ്തത്. മാര്‍ച്ച് മാസമാണ് ഈ സംഭവം. അന്ന് ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അലവന്‍സ് പോലും നല്‍കിയില്ല. ലൈറ്റാണെങ്കില്‍ പുറത്തുനിന്ന് വാടകയ്ക്ക് എടുത്താണ് കൊണ്ടുപോയത്. 18,000 രൂപയായി. ഇതിന്റെ ബില്ലുമായി പലതവണ സര്‍വകലാശാലയില്‍ കയറിയിറങ്ങി. അത് ഇതുവരെ പാസാക്കി കിട്ടിയില്ല. സര്‍വകലാശാല ഞങ്ങളെ പറ്റിച്ചു. ലൈറ്റ് ഇല്ലാത്ത സമയത്ത് പലതവണ പരാതി നല്‍കിയിരുന്നു. സമരത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഞങ്ങള്‍ പ്രതിഷേധിക്കാന്‍ ഉപയോഗിച്ചത് യൂണിവേഴ്‌സിറ്റിയുടെ ലൈറ്റാണോ, അല്ലയോ എന്നതല്ല പ്രശ്‌നം. ഞങ്ങള്‍ ചെയ്ത കാര്യത്തെ വളച്ചൊടിച്ചു. ഇങ്ങനെ ഒരു വിവാദമുണ്ടാക്കേണ്ട സാഹചര്യമുണ്ടായിരുന്നോ?. വിവാദമുണ്ടായിരുന്നില്ലെങ്കില്‍ ഇതൊരു സാധാരണ സംഭവമാകുമായിരുന്നു'വെന്നും ശിവകുമാര്‍ വ്യക്തമാക്കി.

Kalady Sanskrit University Theatre Student Sivakumar

ഇതിന് മുന്‍പ് ഏത് കോളേജിലാണ് അറുപത് ദിവസത്തില്‍ അധികമായി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തിയിട്ടുള്ളതെന്ന് നോക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. 'സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. അതിനൊക്കെ എതിരെ സമരം ഞങ്ങള്‍ സമരം ചെയ്തിരുന്നു. കഴിഞ്ഞ കുറേ നാളായി തങ്ങള്‍ സമരത്തിലാണ്. പുതിയ സര്‍ക്കാര്‍ വന്നപ്പോഴുള്ള സമരമല്ല. ഇടതുപക്ഷ സിന്‍ഡിക്കേറ്റുള്ള സമയത്തും അവരെ ഉള്‍പ്പെടെ തടഞ്ഞിട്ടുണ്ട്. അന്ന് പക്ഷേ ഞങ്ങള്‍ക്കെതിരെ കേസെടുക്കുകയോ ഞങ്ങളെ അടിക്കുകയോ ചെയ്തിട്ടില്ല. ആര്‍എസ്എസ് ഇതുപോലെ പിടിമുറുക്കിയിട്ടില്ലെ'ന്നും ശിവകുമാര്‍ പറഞ്ഞു.

Kalady Sanskrit University Theatre Student Sivakumar

'വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കുന്നതുമായി സുപ്രീംകോടതിയുടെ ഇടപെടലുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മന്ത്രി റോജി എം ജോണിന്റെ ഒരു പ്രസ്താവന കണ്ടിരുന്നു. ഞങ്ങളെക്കൊണ്ട് പരീക്ഷ എഴുതിക്കണമെന്നാണ് ആഗ്രഹം എന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങളുടെ പ്രതിഷേധത്തിന് വെല്ലുവിളിയുടെ സ്വഭാവമുണ്ടെന്നും പറഞ്ഞു. വെല്ലുവിളിയുടെ സ്വഭാവം ആദ്യം മുതല്‍ കാണിച്ചത് ആരാണ്?. വൈസ് ചാന്‍സലര്‍ സിസ തോമസും മന്ത്രി റോജി എം ജോണുമാണ് ഞങ്ങളെ ആദ്യം വെല്ലുവിളിച്ചത്. ഞങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരു'മെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- After receiving an award, Sivakumar told the minister that he is a theatre student from Kalady and is currently under suspension. He shared his situation with the minister during the award-related interaction.

dot image
To advertise here,contact us
dot image