

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പിനിരയാകുന്നവര്ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ബാങ്കുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീം കോടതി. ഇരകളെ സംരക്ഷിക്കേണ്ടത് ധനകാര്യ സ്ഥാപനങ്ങളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവ് മൂലമാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയാല്‍, 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക്, അവര്‍ക്ക് നഷ്ടപ്പെട്ട തുകയെങ്കിലും തിരികെ നല്കാന് ബാങ്കുകള്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു. തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിര്‍ബന്ധിത നടപടികളുടെ ആവശ്യകത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഊന്നിപ്പറഞ്ഞു.
അക്കൗണ്ട് ഉടമയുടെ സാധാരണ ഇടപാട് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇടപാടുകള്‍ തടഞ്ഞുവെക്കുക, സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യുക, ഇടപാടുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ നേരിട്ടുള്ള പരിശോധന നടത്തുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.'ഇരകളെ സംരക്ഷിക്കേണ്ടത് ബാങ്കര്‍മാരായ നിങ്ങളുടെ കടമയാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ എന്താണ് ചെയ്യുന്നത്?' എന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചു.'വലിയ കമ്പനികളുടെ ഇടപാടുകള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല, എന്നാല്‍ സാധാരണയായി 10,000 രൂപയോ 20,000 രൂപയോ മാത്രം പിന്‍വലിക്കുന്ന ഒരാള്‍ പെട്ടെന്ന് 50,000 രൂപ പിന്‍വലിക്കുമ്പോള്‍, അത്തരം ഇടപാടുകള്‍ സംശയാസ്പദമായി അടയാളപ്പെടുത്തേണ്ടതല്ലേ?' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. സാമ്പത്തിക സ്ഥാപനങ്ങള്‍ തങ്ങളുടെ ജാഗ്രതാപരമായ ബാധ്യതകള്‍ (due diligence obligations) നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തിയാല്‍, ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിര്‍ദ്ദിഷ്ട നിയന്ത്രണ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നതില്‍ കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. വിദ്യാസമ്പന്നരായ പൗരന്മാര് പോലും എങ്ങനെയാണ് ഇത്തരം തട്ടിപ്പുകളില്‍ വീണുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അടുത്ത വാദം കേള്‍ക്കുന്ന ദിവസത്തിന് മുന്‍പായി അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആര്‍ബിഐയോട് നിര്‍ദ്ദേശിച്ചു. ഓരോ ബാങ്കിനെയും പ്രത്യേകം കക്ഷികളാക്കാതെ തന്നെ, എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായ നിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പരിധിയില്‍ വരുന്ന ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, തട്ടിപ്പിനിരയായവര്ക്കുണ്ടായ നഷ്ടം നികത്തുന്നതിനായി പരിഗണിക്കുന്ന നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും കോടതി ആരാഞ്ഞു. 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ള ഉപഭോക്താക്കളുടെ അസാധാരണമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്, തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കേണ്ട ഉത്തരവാദിത്തം ബാങ്കുകള്‍ക്കാണെന്നും കോടതി നിരീക്ഷിച്ചു.
Content Highlights: The Supreme Court has said banks may be held responsible for losses suffered by victims of digital fraud if negligence by the financial institution contributed to the crime. The court observed that protecting customers from such fraud is a duty of financial institutions. Victims of scams, including digital arrest fraud, may be entitled to recover their losses if the bank is found to have failed to exercise due care. A bench headed by the Chief Justice stressed the need for mandatory measures to prevent such crimes.