കെട്ടിടങ്ങളുടെ ജനലുകളിൽ ഇരുമ്പുവേലികൾ സ്ഥാപിച്ചാൽ പണി കിട്ടും; നിയന്ത്രണവുമായി അബുദാബി

ഗ്രൗണ്ട് ഫ്ലോറിന് മുകളിലുള്ള നിലകളിലെ ജനലുകളിലേക്കുള്ള പുറത്തു നിന്നുമുള്ള പ്രവേശനം ഇരുമ്പുവേലികളോ മറ്റ് തടസ്സങ്ങളോ ഉപയോഗിച്ച് തടയുന്ന കെട്ടിടങ്ങളെയാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്

കെട്ടിടങ്ങളുടെ ജനലുകളിൽ ഇരുമ്പുവേലികൾ സ്ഥാപിച്ചാൽ പണി കിട്ടും; നിയന്ത്രണവുമായി അബുദാബി
dot image

കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലെ ജനലുകളിൽ അഗ്നിശമന, രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇരുമ്പുവേലികൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി. ഇത്തരം നിയമലംഘനങ്ങൾക്ക് 30,000 ദിർഹം വരെ പിഴ ചുമത്താമെന്ന് അബുദാബി സിവിൽ ഡിഫൻസ് അറിയിച്ചു.

യുഎഇയിലെ സിവിൽ ഡിഫൻസ് സേവനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന 2012ലെ കാബിനറ്റ് പ്രമേയം നമ്പർ 24 അടിസ്ഥാനമാക്കിയുള്ള ക്ലോസ് 67 പ്രകാരമാണ് നടപടി. ഗ്രൗണ്ട് ഫ്ലോറിന് മുകളിലുള്ള നിലകളിലെ ജനലുകളിലേക്കുള്ള പുറത്തു നിന്നുമുള്ള പ്രവേശനം ഇരുമ്പുവേലികളോ മറ്റ് തടസ്സങ്ങളോ ഉപയോഗിച്ച് തടയുന്ന കെട്ടിടങ്ങളെയാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനും രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും നടത്താനും ഇത്തരം തടസ്സങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാം എന്നും അധികൃതർ വ്യക്തമാക്കി. നിലവിലുള്ള കെട്ടിടങ്ങൾക്കും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. എന്നാൽ സ്വതന്ത്ര സ്വകാര്യ വീടുകളെയും റെസിഡൻഷ്യൽ വീടുകളെയും ഈ പ്രത്യേക വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് തടസ്സമില്ലാതെ പ്രവേശിക്കാൻ കഴിയുന്ന വിധത്തിൽ കെട്ടിടങ്ങളിലെ ജനലുകളും സുരക്ഷാ സംവിധാനങ്ങളും ക്രമീകരിക്കേണ്ടത് പ്രധാനമാണെന്ന് കെട്ടിട ഉടമകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. കെട്ടിട ഉടമകളും നിർമ്മാതാക്കളും ജനലുകളിൽ സ്ഥാപിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ബാധകമായ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.

Content Highlights: Abu Dhabi authorities have warned that blocking upper-floor building windows with iron fencing may attract a Dh30,000 fine, as such barriers could obstruct Civil Defence rescue operations during emergencies.

dot image
To advertise here,contact us
dot image