കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്
dot image

തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങളില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ് നീക്കം. തറവാട്ടിലെ ജയമാധവന്‍ നായരുടെ കൊലപാതക കേസില്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് തറവാട്ടിലെ മറ്റ് ആറ് മരണങ്ങളും അന്വേഷിക്കുന്നത്. ഒന്‍പത് വര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസിന്റെ ചുരുളഴിച്ചത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രവീന്ദ്രനൊപ്പം അനില്‍, സജു എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. ഇതില്‍ അനില്‍ മരിച്ചു. വിദേശത്തുള്ള സജുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 15 വര്‍ഷത്തിനിടെ ഏഴ് പേരാണ് കൂടത്തില്‍ തറവാട്ടില്‍ മരിച്ചത്.

2017 ലാണ് കൂടത്തില്‍ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവന്‍ നായര്‍ മരിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. 2021 ല്‍ ജയമാധവന്‍ നായരുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ നടന്ന വ്യാപകമായ അന്വേഷണത്തിലാണ് തറവാട്ടിലെ കാര്യസ്ഥനായ രവിന്ദ്രന്‍ നായരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങള്‍ നടന്നതില്‍ മുമ്പ് തന്നെ കുടുംബവുമായി ബന്ധമുള്ള മറ്റുള്ളവരില്‍ സംശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ധാരളം സ്വത്ത് വകകളുള്ള തറവട്ടില്‍ ഇത് കൈക്കലാക്കാന്‍ ചെയ്ത ക്രൂരത ആണോ എന്നായിരുന്നു സംശയം.

അറസ്റ്റിലായ രവീന്ദ്രന്‍ നായരെ ബ്രെയിന്‍ മാപ്പിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന സജുവിനെ കൂടി വിദേശത്ത് നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമവും പൊലീസ് നടത്തി വരികയാണ്. തറവാട്ടിലെ മറ്റ് ആറ് പേരുടെ ദുരൂഹ മരണത്തിലും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം നടക്കുന്നത്. രവീന്ദ്രന്‍ നായര്‍ വ്യാജ വില്‍പ്പത്രം ഉണ്ടാക്കുകയും ജയമാധവന്‍ നായര്‍ സ്വത്തുക്കള്‍ തന്റെ പേരില്‍ എഴുതി വെച്ചു എന്ന പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അതിലെല്ലാം പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നിഗമനം.

Content Highlights: Police are planning to investigate six other deaths at the Koodathil family home in Thiruvananthapuram following the arrest of caretaker Ravindran Nair in the Jayamadhavan Nair murder case. The District Crime Branch reportedly solved the case after a nine-year investigation and suspects that more people were involved. Anil, who is also named in the case, has died, while investigators are searching for Saju, who is abroad. Seven people died at the family home over a 15-year period.

dot image
To advertise here,contact us
dot image